ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കാൻ പ്രതിപക്ഷവും സിജെപിയും നടത്തുന്ന സമരം മുൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സമരം പോലെ ശക്തമാകുന്നില്ലേ?. സമരത്തെ പിന്താങ്ങുന്നവർപോലും ഇങ്ങനെ സംശയിച്ചുതുടങ്ങിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ശക്തമായ നടപടികളാണ് ഇതിന് പ്രധാനകാരണമായി പലരും ചൂണ്ടിക്കാണിക്കുന്നത്. പ്രതിഷേധം പൂർണമായി പരാജയപ്പെട്ടെന്ന് പറയാറായിട്ടില്ലെങ്കിലും പ്രതിഷേധക്കാരുടെ ആവശ്യത്തിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ ഒരുനിലപാടും ഇതുവരെ ഉണ്ടായിട്ടില്ല.
ധർമേന്ദ്ര പ്രധാനെതിരായ സമരത്തിന്റെ കേന്ദ്രം ജന്തർ മന്ദറായിരുന്നു. ഇത്തവണയും ജന്തർ മന്ദർ സമരവേദിയാക്കാനായിരുന്നു സിജെപിയുടെയും പ്രതിപക്ഷത്തിന്റെയും ശ്രമം. എന്നാൽ കേന്ദ്രം ഇത് തടഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ പൊലീസിനെ എത്തിച്ച് യുദ്ധസമാന സാഹചര്യം ഒരുക്കിയോടെ പ്രതിഷേധക്കാർക്ക് ജന്തർ മന്ദറിന്റെ സമീപത്തുപോലും എത്താനായില്ല. ഇത് സർക്കാരിന്റെ ആദ്യ വിജയമായി. തൊട്ടുപിന്നാലെ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ എത്തിയ സിജെപി തലവൻ അഭിജീത് ദീപ്കെ ഉൾപ്പെടെയുള്ളവരെ വിമാനത്തിനുള്ളിൽ കയറി പൊലീസ് അറസ്റ്റുചെയ്തു. വനിതാ പൊലീസുകാരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വാക്കുകൊണ്ടുള്ള കടുത്ത പ്രതിഷേധത്തിനുമുതിരാനല്ലാതെ മറ്റൊരുതരത്തുലുള്ള പ്രതിഷേധത്തിനും അദ്ദേഹത്തിനോ ഒപ്പമുള്ളവർക്കോ കഴിഞ്ഞില്ല. അഭിജീത് ഇല്ലാത്ത സാഹചര്യത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകാൻ മറ്റുചിലരെ സിജെപി ചുമതലപ്പെടുത്തിയെങ്കിലും അതും കാര്യമായി വിജയിച്ചില്ല.
സിജെപിക്ക് തൊട്ടുമുമ്പായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ സമരം. രാഹുലും പ്രിയങ്കയുമായിരുന്നു മുന്നിൽ നിന്ന് നയിച്ചത്. ആ സമരം രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഹൈജാക്ക് ചെയ്തുവെന്ന് പ്രതിപക്ഷ കക്ഷികൾക്കിടയിൽത്തന്നെ മുറുമുറുപ്പുണ്ട്. രാഷ്ട്രീയമായ ഉണർവുണ്ടാക്കാൻ കോൺഗ്രസ് കണ്ടുപിടിച്ച കുറുക്കുവഴിയായിരുന്നു ഇതെന്നും അവർ സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയല്ലെന്ന് വ്യക്തമാക്കാൻ കോൺഗ്രസിനും ആയില്ല. ഇതിന് പിന്നാലെ ഇടതുസംഘടനകളും പ്രത്യേകം പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനെയും ശക്തമായിത്തന്നെ പൊലീസ് തടഞ്ഞു.
തീരുമാനിച്ച കാര്യത്തിൽ നിന്ന് പിന്തിരിയുന്ന സ്വഭാവം കേന്ദ്രത്തെ നയിക്കുന്ന സാക്ഷാൽ നരേന്ദ്രമോദിക്കില്ല. ഇത് പലതവണ രാജ്യം കണ്ടതാണ്. എന്നാൽ കർഷക സമരത്തിലും ധർമേന്ദ്രപ്രധാനെതിരായ സമരത്തിലും തീരുമാനങ്ങൾ കേന്ദ്രത്തിന് മാറ്റേണ്ടിവന്നു. എന്നാൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ സമരക്കാരുടെ ആവശ്യത്തിനുമുന്നിൽ വഴങ്ങേണ്ടിവന്നാൽ അത് ആത്മഹത്യാപരമാണെന്ന് ബിജെപിക്ക് നന്നായി അറിയാം. പ്രത്യേകിച്ചും ഉത്തർപ്രദേശിൽ ഉൾപ്പെടെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ.
അയോദ്ധ്യയിലെ കാണിക്കക്കൊള്ളയിൽ ഇപ്പോൾത്തന്നെ കൈപൊള്ളിയ അവസ്ഥയിലാണ് ബിജെപി. മാത്രമല്ല കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകളുടെ എണ്ണത്തിൽ അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയുടെ പിന്നിലായിപ്പോവുകയും ചെയ്തു. കാണിക്കക്കാെള്ളയുടെ ക്ഷീണം മറികടന്ന് ഉത്തർപ്രദേശിൽ ജയിക്കണമെങ്കിൽ ബിജെപിക്ക് ഒത്തിരി വിയർപ്പൊഴുക്കേണ്ടിവരും. അതിനിടയിൽ പ്രതിഷേധക്കാരുടെ ആവശ്യത്തിനുകൂടി വഴങ്ങിയാൽ അധികാരം പിടിക്കുക വിദൂര സ്വപ്നമാകും.
ധർമേന്ദ്ര പ്രധാനെതിരായ സമരത്തിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമായ മുന്നൊരുക്കത്താേടെയാണ് കേന്ദ്രസർക്കാർ പുതിയ പ്രതിഷേധത്തെ നേരിട്ടത്. ആഭ്യന്തരമന്ത്രി അമിത്ഷായുടെ കൂർമബുദ്ധിയിലുദിച്ച തന്ത്രങ്ങളായിരുന്നു നടപ്പാക്കുന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. പ്രതിഷേധക്കാരെ ജന്തർ മന്ദർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് അടുപ്പിക്കാതിരിക്കുന്നതും നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലാക്കിയതും ഇതിന്റെ നടപ്പാക്കലായിരുന്നു.
സർക്കാരിനെ അട്ടിമറിച്ച് രാഷ്ട്രീയ ലക്ഷ്യത്തിനുവേണ്ടിയാണ് കോൺഗ്രസിന്റെ ശ്രമമെന്ന് തുടക്കത്തിൽതന്നെ പ്രചരിപ്പിക്കുന്നതിലും അവർ വിജയിച്ചു. ബംഗ്ലാദേശികൾ ഉൾപ്പെടെയുള്ള നുഴഞ്ഞുകയറ്റക്കാരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയത് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ തിരിച്ചറിഞ്ഞ് പുറത്താക്കുന്നതിനുവേണ്ടിയാണെന്ന പ്രചാരണവും ശക്തമാക്കി. ബംഗ്ലാദേശ് കലാപം പ്രചോദനമാണെന്ന് വിദ്യാർത്ഥി നേതാവ് നേഹ ബോറയും, പ്രശാന്ത് ഭൂഷണവും പറഞ്ഞത് ബിജെപി ആയുധമാക്കുകയും ചെയ്തു. ബംഗ്ലാദേശ് കലാപത്തിലെ വിദേശ ഇടപാടുകൾ പുറത്തുവന്നിരുന്നു. ഇത്തരത്തിൽ വിദേശ ശക്തികളുടെ പിൻബലമുള്ളതുകൊണ്ടാണ് കോൺഗ്രസിന് വിദ്യാർത്ഥികളെ തെരുവിലിറക്കാൻ കഴിയുന്നതെന്നും ബിജെപി ആരോപിക്കുന്നു.
പ്രതിഷേധത്തിൽ ഇന്ത്യാമുന്നണി ഒറ്റക്കെട്ടാണെന്ന് എപ്പോഴും പറയുന്നുണ്ടെങ്കിലും സഖ്യത്തിലുള്ള ടിവികെ സമരത്തിനിറങ്ങിയില്ല. ഇത് എന്തുകൊണ്ടാണെന്ന ചോദ്യം പലകോണുകളിൽ നിന്നുമുയർന്നു. ഒടുവിൽ രാഹുൽ- വിജയ് കൂടിക്കാഴ്ചയ്ക്കുശേഷമാണ് സമരത്തിനിറങ്ങുമെന്ന് ടിവികെ പ്രഖ്യാപിച്ചത്. ഇത് മുന്നണിയിലെ ഭിന്നത കാരണമെന്നാണ് കരുതുന്നത്.
കാര്യങ്ങൾ ഈ വഴിക്കാണെങ്കിലും സമരം പേരിനെങ്കിലും വിജയിപ്പിക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്തിരിയാൻ സിജെപിക്കോ, ഇന്ത്യാ സഖ്യത്തിനോ ആവില്ല. ഇല്ലെങ്കിൽ രണ്ടുകൂട്ടർക്കും അത് ആത്മഹത്യാപരമായിരിക്കും എന്നകാര്യത്തിൽ ഒരു തർക്കവും വേണ്ട.
Opposition protests in Delhi demanding Chief Election Commissioner Gyanesh Kumar's removal are facing significant government countermeasures. Police have blocked access to protest sites like Jantar Mantar and arrested key leaders. The government's firm, strategic response is reportedly influenced by upcoming state assembly elections. Internal disunity within the opposition is also cited as contributing to the protest's struggle for impact.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |