SignIn
Kerala Kaumudi Online
Monday, 31 August 2026 1.39 PM IST

കായം മായമില്ലാത്തതാണോയെന്ന് എങ്ങനെ തിരിച്ചറിയും?​ വീട്ടിലിരുന്നുതന്നെ രണ്ട് സിമ്പിൾ പരീക്ഷണം വഴി കണ്ടെത്താം

asafoetida-
കായം കട്ട

നല്ല ഓണസദ്യയുമുണ്ട്,​ അവധിക്കാലം ആഘോഷിച്ച് സന്തോഷത്തോടെ കഴി‍ഞ്ഞ 10 ദിവസം തള്ളിനീക്കിയവരാണ് നമ്മൾ മലയാളികൾ.ഇതിനിടെ നമ്മെ പേടിപ്പെടുത്തുന്ന ഒരുവാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത്. പ്രത്യേകിച്ച് പാരമ്പര്യ ഭക്ഷണപ്രേമികളെ. അതെ നമ്മുടെ സദ്യയുടെ ഭാഗമാണ് സാമ്പാർ,​ രസം,​ കാളൻ,​അച്ചാർ,​ ചമ്മന്തിപ്പൊടി തുടങ്ങി ഒരുപിടി വിഭവങ്ങളിലെ പ്രധാന ഘടകമായ കായത്തിൽ മായം കണ്ടെത്തി എന്നതാണ് ആ വാർത്ത.

മലയാളികൾ ഏറ്റവുമധികം ആശ്രയിക്കുന്ന എൽജി,​എവറസ്റ്റ് എന്നീ ബ്രാൻഡുകളിലാണ് മായം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇവയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഇവയ്‌ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടാണ് ഫു‌ഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേ‌ർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്എസ്എഐ)​ നടപടി സ്വീകരിച്ചത്.

സാമ്പിളുകൾക്ക് ഗുണനിലവാരം ഇല്ലെന്ന് മാത്രമല്ല തെറ്റായ ലേബലിംഗും നടത്തിയിരുന്നു. നിയമപ്രകാരം കായത്തിന്റെ ഭാരത്തിന്റെ ഒരു ശതമാനത്തിലധികം സ്റ്റാർച്ച് ഉണ്ടാകാൻ പാടില്ല. എൽ.ജിയുടേതിൽ 15 ശതമാനം മുതൽ 32 ശതമാനം വരെ സ്റ്റാർച്ച് ഉണ്ടായിരുന്നു. എവറസ്റ്റിനാകട്ടെ കായത്തിന് പുറമേ എഗ്‌മസാല,​ ചിക്കൻ മസാല,​ ഗരം മസാല എന്നിവക്കും ഗുണനിലവാരം കുറവ് കണ്ടെത്തി.

എങ്ങനെയാണ് കായം നിർമ്മിക്കുന്നത്?​

നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കാരറ്റ്,​ പെരുംജീരകം എന്നിവയടങ്ങിയ അപ്പിയേസി എന്ന സസ്യകുടുംബത്തിൽ പെട്ട ഫെറുള എന്ന ചെടിയിൽ നിന്നാണ് കായം ഉണ്ടാക്കുന്നത്. വരണ്ട കാലാവസ്ഥയുള്ള മദ്ധ്യേഷ്യൻ രാജ്യങ്ങൾ,​ ഇറാൻ,​ ഇറാഖ്,​ അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ചെടി സമൃദ്ധമായി വളരുക. മഞ്ഞ നിറത്തിൽ പൂവുകളുണ്ടാകുന്ന ഈ ചെടി നാല് മീറ്റർ ഉയരത്തിൽ വരെ വളരാം. ഈ ചെടികളുടെ വേരുകളിൽ നിന്നും അതുപോലെ മണ്ണിനടിയിൽ വളരുന്ന തണ്ടായ റൈസോമുകളിൽ നിന്നും ലഭിക്കുന്ന കറയെ ഉണക്കിയാണ് ശുദ്ധമായ കായം നിർമ്മിക്കുന്നത്. ഇവ പിന്നീട് കട്ടിയാക്കിയും പൊടിച്ചും രണ്ട് രൂപത്തിലും ഭക്ഷണത്തിന് ഉപയോഗിക്കാം.

asafoetida-powder
കായപ്പൊടി

കായപ്പൊടിയിൽ ചേർക്കുന്ന മായം എന്തെല്ലാം?​

കായപ്പൊടിയിൽ ചേർക്കാറുള്ള പ്രധാനപ്പെട്ട മായം സോപ്പുകല്ല് ആണ്. കൽച്ചട്ടി നിർമ്മാണത്തിനുള്ള പ്രധാന വസ്‌തുവാണ് ഇത്. കായത്തിലെ മായം വീട്ടിൽനിന്നുതന്നെ അറിയാൻ ചില ലഘുവഴികളുണ്ട്. മറ്റൊരു പരിശോധനയും കൂടാതെ കായം മായമില്ലാത്തതാണെന്ന് തിരിച്ചറിയാനുള്ള ആദ്യ വഴി അവയുടെ മണമാണ്. കായം പായ്‌ക്കറ്റ് തുറന്നാലുള്ള സുഗന്ധം ഏറെനേരം നിലനിൽക്കുന്നുണ്ടെങ്കിൽ അത് ശുദ്ധമായ കായം തന്നെയാണെന്ന് മനസിലാക്കാം. തുറന്നയുടൻ കടുത്ത മണം വരികയും എന്നാൽ ശേഷം പാചകത്തിനുപയോഗിക്കുമ്പോൾ യാതൊരു മണവും തോന്നാതിരിക്കുകയും ചെയ്‌താൽ കായപ്പൊടി,​ കട്ട മായം കലർന്നെന്ന് മനസിലാക്കാം.

കായം വെള്ളത്തിൽ കലർത്തി നോക്കിയാൽ അറിയാം മായം

അതെ കായത്തിന്റെ മായം അറിയാൻ സാധാരണയായി ചെയ്യാവുന്ന ഒന്നാണ് വെള്ളം ഉപയോഗിച്ചുള്ള പരിശോധന. അൽപം ചൂടുവെള്ളം എടുത്തശേഷം അതിലേക്ക് കുറച്ച് കായം പൊടിയോ കട്ടയോ ചേർക്കുക. പൂർണമായും അലിഞ്ഞ് അത് വെള്ളത്തിൽ ചേർന്നാൽ അത് ശുദ്ധമായ കായമാണ്. അതിനുശേഷം വെള്ളത്തിൽ മറ്റ് അവശിഷ്‌ടങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ ഉറപ്പിക്കാം അതാണ് ശുദ്ധമായ കായം എന്ന്.

ചൂടാക്കി നോക്കാം

കായം ഒരു ചെറിയ സ്‌പൂണിൽ അൽപമെടുത്തശേഷം അത് തീയുടെ മുകളിൽ കാണിക്കുക. ശുദ്ധമായ കായം അപ്പോൾതന്നെ ഉരുകിത്തീരുകയും ഒരു കട്ടിയേറിയ സുഗന്ധം ഉണ്ടാകുകയും ചെയ്യും. ഇനി മോശം ഗന്ധം വരികയോ ചാരമായിപ്പോകുകയോ ചെയ്‌താൽ ആ കായം വ്യാജമാണെന്ന് മനസിലാക്കാം.

അറേബ്യയിൽ നിന്നുള്ളവരാണ് ആയിരക്കണക്കിന് വർഷം മുൻപ് ഇന്ത്യയിൽ കായം എത്തിച്ചത്. ഇന്ന് ഇന്ത്യയിലെ ഭക്ഷണത്തിന്റെ പ്രധാന ചേരുവ ഇവയാണ്. നല്ല രുചിക്ക് ‌വേണ്ടിമാത്രമല്ല മണത്തിന് വേണ്ടിയും ഇവ ആഹാരത്തിൽ ചേർക്കുന്നു.

English Summary

There are simple ways to detect adulteration in asafoetida (hing) at home. One of the easiest methods, without any special testing, is to check its smell. Pure asafoetida has a distinctive strong aroma, which can help identify adulteration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADULTERATION IN ASAFOETIDA, ASAFEOTIDA, CURRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360