SignIn
Kerala Kaumudi Online
Saturday, 23 May 2026 7.15 PM IST

കേരളത്തിൽ കാലവർഷം ജൂൺ ഒന്നിനുതന്നെ, ശുഭ സൂചനകൾ കാണിച്ച് ഓസ്ട്രേലിയ; വരുന്നത് ശക്തമായ മഴ

rain

ന്യൂഡൽഹി: കേരളത്തിൽ കാലവർഷം ഉടനെത്തുമെന്ന സൂചന നൽകി കാലാവസ്ഥാ നിരീക്ഷകർ. ഈ മാസത്തിൽ ഇടിമിന്നൽ ശക്തിപ്രാപിക്കുമെന്നും അത് കാലവർഷം പ്രതീക്ഷിച്ചതുപോലെ എത്തുമെന്നതിന്റെ സൂചനയാണെന്നുമാണ് അവർ വ്യക്തമാക്കുന്നത്. പലയിടങ്ങളിലും ആലിപ്പഴവർഷം തുടങ്ങിയതും കാലവർഷം ഉടൻ എത്തുമെന്നതിന്റെ സൂചനയാണ്. കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ലഭിക്കുന്നത്. അടുത്ത ഏഴ് ദിവസങ്ങളിൽ കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ തുടരും. ഭൂമദ്ധ്യരേഖയ്ക്ക് സമീപമുള്ള മഴമേഘങ്ങളുടെ സഞ്ചാരം വടക്കോട്ട് നീങ്ങുന്നതോടെ ജൂൺ ആദ്യവാരത്തിൽ തന്നെ കേരളത്തിൽ മഴ എത്താൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കരുതുന്നത്.

ഓസ്ട്രേലിയയിലെ മഴക്കാലം അവസാനിച്ചതായി ഓസ്ട്രേലിയയുടെ ബ്യൂറോ ഓഫ് മെ​റ്റീരിയോളജി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏഷ്യൻ മൺസൂൺ നിരീക്ഷിക്കുന്ന കാലാവസ്ഥാ നിരീക്ഷകർക്ക് ഈ പ്രഖ്യാപനം സന്തോഷം നൽകുന്നതാണ്. ഓസ്ട്രേലിയയിലെ വരണ്ട കാലാവസ്ഥ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മഴക്കാ​റ്റുകളുടെ പ്രവാഹത്തിന് വഴിയൊരുക്കും.ഓസ്ട്രേലിയയിൽ മഴ അവസാനിക്കുന്നതോടെ മഴവലയം സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാ​റ്റിനെ ദക്ഷിണേഷ്യയിലേക്ക് എത്തിക്കും. നിലവിൽ ഈ വലയം ഭൂമദ്ധ്യരേഖ കടന്ന് മാലിദ്വീപിന് സമീപമെത്തിയെന്നും വരും ദിവസങ്ങളിൽ ശ്രീലങ്കയിലേക്കും ആൻഡമാനിലേക്കും നീങ്ങുമെന്നുമാണ് പ്രവചനം.

ഇന്ത്യയിലെ മൺസൂണിന് ഓസ്ട്രേലിയ എന്തുകൊണ്ട് പ്രാധാന്യമാകുന്നു എന്ന് നോക്കാം. ലളിതമായി പറഞ്ഞാൽ, ഓസ്ട്രേലിയയിൽ മഴ പിൻവാങ്ങുന്നതോടെയാണ് ഇന്ത്യയിലേക്ക് മൺസൂൺ മേഘങ്ങൾ വരുന്നത്. ഭൂമദ്ധ്യരേഖയ്ക്ക് ഇരുവശവുമുള്ള അന്തരീക്ഷസ്ഥിതിയുടെയും കാ​റ്റിന്റെയും വലിയൊരു പരസ്പര മാ​റ്റമായാണ് ഇതിനെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാണുന്നത്‌.

ഓസ്ട്രേലിയയിൽ മഴക്കാലം അവസാനിക്കുന്നതോടെ (ഏപ്രിൽ-മേയ് മാസങ്ങളിൽ) അവിടെനിന്നുള്ള തെക്ക്, തെക്കുകിഴക്കൻ കാ​റ്റിന്റെ സ്വാധീനം കുറയുന്നു. ഇതോടെ ഭൂമദ്ധ്യരേഖയ്ക്ക് തെക്കുള്ള ഈർപ്പമുള്ള കാ​റ്റ് ദുർബലമാവുകയും വടക്കോട്ട് നീങ്ങാൻ അനുകൂല സാഹചര്യം ഒരുങ്ങുകയും ചെയ്യുന്നു. ഓസ്ട്രേലിയയിൽ മഴക്കാലം കഴിയുമ്പോഴാണ് ഇന്ത്യയിൽ മൺസൂൺ മേഘങ്ങൾ വടക്കോട്ട് നീങ്ങി ജൂൺ ആദ്യ ആഴ്ചയോടെ കേരളത്തിലെത്തുന്നത്.

ഓസ്ട്രേലിയയിൽ മേയ് മുതൽ സെപ്തംബർ വരെ വരണ്ട കാലാവസ്ഥയായിരിക്കുമ്പോൾ, ഇന്ത്യയിൽ മൺസൂൺ മഴ പെയ്യുന്നു. സെപ്തംബർ അവസാനത്തോടെ ഇന്ത്യയിൽ നിന്ന് മൺസൂൺ പിൻവാങ്ങുകയും ഓസ്ട്രേലിയയിൽ വീണ്ടും മഴക്കാലം ആരംഭിക്കുകയും ചെയ്യുന്നു. ഇതാണ് എല്ലാവർഷവും ആവർത്തിക്കുന്ന പ്രതിഭാസം. ചിലപ്പോൾ ഈ പ്രതിഭാസം ന‌ടക്കുന്ന സമയങ്ങളിൽ വ്യത്യാസമുണ്ടാവും. എന്നാൽ ഇക്കുറി എല്ലാം നിശ്ചയിച്ചുറപ്പിച്ചതുപോലെ പോകുന്നു എന്നാണ് കാലാവസ്ഥാ ഗവേഷകർ നൽകുന്ന സൂചന. മാത്രമല്ല കാലവർഷം ശക്തമായിരിക്കും എന്നാണ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RAIN, MONSOON, AUSTRALIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360