SignIn
Kerala Kaumudi Online
Thursday, 18 June 2026 2.38 PM IST

അന്യഗ്രഹ ജീവികൾ സത്യമോ?​ തെളിവുകൾ എണ്ണമിട്ട് നിരത്തി യുഎസ്,​ രഹസ്യവിവരങ്ങൾ പുറത്ത്

ufo

നാം ചിന്തിക്കുന്നതിനും എത്രയോ വലുതാണ് പ്രപഞ്ചം. അതിലെ ചെറിയ ഒരു ഗ്രഹം മാത്രമാണ് ഭൂമി. ഭൂമിയെപ്പോലെ ജീവന്റെ തുടിപ്പ് നിലനിൽക്കുന്ന മറ്റ് ഗ്രഹങ്ങൾ ഉണ്ടോയെന്ന് നിരവധി ഗവേഷകർ അന്വേഷിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അതിന് ശരിയായ ഉത്തരം ലഭിച്ചിട്ടില്ല. ചിലർ പ്രപഞ്ചത്തിന്റെ മറ്റൊരു കോണിൽ ഭൂമിയെപോലെയുള്ള ഗ്രഹങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. അതുകൊണ്ടാണ് അന്യഗ്രഹജീവികളുടെ വാർത്തകളും സിനിമകളും പെട്ടെന്ന് ശ്രദ്ധനേടുന്നത്. അവയെക്കുറിച്ച് അറിയാൻ പലരും ശ്രമിക്കാറുണ്ട്.

അടുത്തിടെ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് വാർ തങ്ങളുടെ കെെവശമുണ്ടായിരുന്ന യുഎഫ്ഒയെക്കുറിച്ചുള്ള (തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ)​ ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. മേയ് എട്ട് മുതലാണ് ഈ റിപ്പോർട്ടുകൾ യുഎസ് പുറത്തുവിട്ട് തുടങ്ങിയത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് നടപടി. ആദ്യത്തെ ഭാഗം മേയ് എട്ടിനാണ് പുറത്തുവിട്ടത്. ഇതിൽ 161 ഫയലുകൾ ഉണ്ടായിരുന്നു. രണ്ടാമത്തെ ഭാഗം ജൂൺ 12നുമാണ് പുറത്തുവിട്ടത്. ഇപ്പോൾ മൂന്നാം ഭാഗവും പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ യുഎഫ്ഒയെ സംബന്ധിച്ച നിരവധി വീഡിയോകളും വോയ്സ് റെക്കോർഡറുകളും ഉണ്ട്. പല വർഷങ്ങൾക്കിടെ നടന്ന സംഭവങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.

ufo

എന്താണ് യുഎഫ്ഒ

ആകാശത്ത് കാണപ്പെടുന്നതും എന്നാൽ എന്താണെന്ന് കൃത്യമായി തിരിച്ചറിയാൻ കഴിയാത്തതുമായ ഏതൊരു വസ്തുവിനെയും യുഎഫ്ഒ (Unidentified flying object) എന്ന് വിളിക്കുന്നു. ശാസ്ത്രീയമായി ഇതിനെ യുഎപി (Unidentified Anomalous Phenomenon) എന്നും വിളിക്കുന്നു. അന്യഗ്രഹജീവികളുടെ പേടകങ്ങളാണ് യുഎഫ്ഒ എന്ന് വിശ്വസിക്കുന്നവരുമുണ്ട്.

അമേരിക്കയുടെ ചില കണ്ടെത്തലുകൾ

അമേരിക്കയുടെ റിപ്പോർട്ടിൽ യുഎഫ്ഒയുടെ നിരവധി ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇൻഫ്രാറെഡ് ചിത്രങ്ങളിൽ യുഎസിന്റെ വിവിധ ഭാഗങ്ങളിൽ ആകാശത്ത് സംശയാസ്പദമായി കണ്ട വൃത്താകൃതിയിൽ കാണപ്പെട്ട ചില രൂപങ്ങളുടെ ചിത്രങ്ങളാണ് ഉള്ളത്. കൂടാതെ 1969ലെ അപ്പോളോ 12 ദൗത്യത്തിനിടെ ബഹിരാകാശ സ‌ഞ്ചാരികൾ ചന്ദ്രനിൽ നിന്ന് ദൂരെയായി വിചിത്രമായ ഒരു പ്രതിഭാസം കണ്ടതായി പറയുന്ന അതീവ രഹ്യസമായ ഓഡിയോ ക്ലിപ്പും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

ufo

അമേരിക്ക മേയ് എട്ടിന് പുറത്തുവിട്ട ആദ്യ റിപ്പോർട്ടിൽ 1948 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ രേഖപ്പെടുത്തിയ 209 യുഎഫ്ഒയുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇവ കണ്ട സാക്ഷികളുടെ മൊഴിയടക്കം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ന്യൂ മെക്സിക്കോയിലെ സാൻഡിയയിൽ നടന്ന നിരവധി ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ യുഎഫ്ഒകൾ പറന്നുപോകുകയും അപ്രതൃക്ഷമാവുകയും പിന്നീട് പൊട്ടിത്തെറിക്കുകയും ചെയ്തിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. സാൻഡിയയിലെ ടോപ്പ് സീക്രട്ട് മിലിട്ടറി ഫെസിലിറ്റിക്ക് മുകളിലായി ഇരുന്നൂറിലധികം തവണ പ്രത്യക്ഷപ്പെട്ട ഗ്രീൻ ഫയർബോൾസിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

ഈ ഔദ്യോഗിക റിപ്പോർട്ടുകളിൽ ലോകത്തെ ഏറ്റവും കൂടുതൽ ഞെട്ടിപ്പിച്ചത് യുഎസ് ഇന്റലിജൻസ് ഓഫീസർ ഹെലികോപ്ടറിൽ യാത്ര ചെയ്യുമ്പോൾ അതിന്റെ തൊട്ടടുത്തായി രണ്ട് ഭീമാകാരമായ ഓറഞ്ച് നിറത്തിലുള്ള പ്രകാശഗോളങ്ങൾ കണ്ടതാണ്. ഹെലികോപ്ടർ പിന്തുടർന്ന ഈ ഗോളങ്ങൾ നിമിഷങ്ങൾക്കകം ഒരു ത്രികോണ ആകൃതിയിലേക്ക് മാറി ആകാശത്ത് അപ്രതീക്ഷമായി.

ufo

2020ലും 2024ലും ആകാശത്ത് വൃത്താകൃതിയിലുള്ള ചില വിചിത്ര പ്രതിഭാസങ്ങൾ മിന്നിത്തിളങ്ങി മനുഷ്യനിർമിതമായ സാങ്കേതികവിദ്യകൾക്ക് ചിന്തിക്കാൻ പോലുമാകാത്ത വേഗതയിൽ പാഞ്ഞുപോകുന്ന ദൃശ്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനൊപ്പം തന്നെ 2023 ഫെബ്രുവരിയിലേക്ക് ഹ്യൂറോൺ തടാകത്തിന് മുകളിലായി കണ്ടെത്തിയ ഒരു നിഗൂഢ വസ്തുവിനെ യുഎസ് എയർഫോഴ്സ് വിമാനങ്ങൾ വെടിവച്ചുവീഴിത്തിയിരുന്നു. ഇത് അഷ്ടഭുജാകൃതിയിലുള്ള വസ്തുവായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

ചില ദൃശ്യങ്ങളും വീഡിയോയും എല്ലാം പുറത്തുവിട്ടെങ്കിലും ഇതൊന്നും അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യമാണെന്നതിന്റെ ശാസ്ത്രീയമായ തെളിവുകളായി കാണരുതെന്ന് യുഎസ് അധികൃതർ വ്യക്താക്കുന്നു. പുറത്തുവന്ന റിപ്പോർട്ടിലെ പല വീഡിയോകളുടെയും ചിത്രങ്ങളുടെയും വിശ്വാസ്യത പൂർണമായി ഉറപ്പിക്കാൻ കഴിയുന്നതല്ല. 'https://www.war.gov/UFO/release/03/' എന്ന വെബ്സെെറ്റിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ യുഎസ് പുറത്തുവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UFO, AMERICA, US
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360