ഇറാനെതിരെയുള്ള സൈനികനീക്കങ്ങളുടെ ഭാഗമായി അമേരിക്ക പുതിയ ആക്രമണ പദ്ധതികൾ തയ്യാറാക്കിയെന്ന റിപ്പോർട്ടുകൾക്കിടെ ചർച്ചയാവുകയാണ് 'മദർ ഒഫ് ഓൾ ബോംബ്സ്' എന്ന പേര്. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആണവേതര ബോംബുകളിലൊന്നായ 'മദർ ഒഫ് ഓൾ ബോംബ്സ്' ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കും ആണവകേന്ദ്രങ്ങൾക്കും നേരെ പ്രയോഗിക്കുന്നത് അമേരിക്കയുടെ പദ്ധതികളിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ സൈനിക നടപടികൾ പുനരാരംഭിക്കാൻ ഉത്തരവിട്ടാൽ ഈ ബോംബ് ഉപയോഗിക്കുമെന്നാണ് സൂചന. എന്നാൽ, ആക്രമണത്തിന് അന്തിമ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. അതായത്, നിലവിൽ ഇത് പരിഗണനയിലുള്ള സൈനിക സാദ്ധ്യത മാത്രമാണ്. ആറുമാസത്തിലേറെയായി തുടരുന്ന സംഘർഷത്തിന് അന്ത്യം കുറിക്കാനുള്ള വഴികൾ ട്രംപ് ഭരണകൂടം തേടുന്നതിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് അനുവദിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം, യുദ്ധം അവസാനിപ്പിക്കണമെന്ന സമ്മർദവും അമേരിക്കൻ ഭരണകൂടം നേരിടുന്നുണ്ട്.
അമേരിക്കൻ സൈന്യത്തിന്റെ ആയുധശേഖരത്തിലെ ഏറ്റവും വലിയ ആണവേതര ബോംബാണ് ജിബിയു-43/ബി മാസീവ് ഓർഡിനൻസ് എയർ ബാസ്റ്റ്. അതിന്റെ ഭീമാകാരമായ വലിപ്പവും സ്ഫോടനശേഷിയും കണക്കിലെടുത്താണ് 'മദർ ഒഫ് ഓൾ ബോംബ്സ്' (എംഒഎബി) എന്ന പേര് ലഭിച്ചത്.
ഏകദേശം 9.8 ടൺ ഭാരമുള്ള ബോംബ് വലിയൊരു ഭൂപ്രദേശത്താകെ അതിശക്തമായ സ്ഫോടനം സൃഷ്ടിക്കാനായി രൂപകൽപന ചെയ്തതാണ്. ഭൂമിയിൽ പതിക്കുന്നതിന് തൊട്ടുമുൻപ് പൊട്ടിത്തെറിച്ച് ചുറ്റുപാടുകളിലേക്ക് ആഘാതം വ്യാപിപ്പിക്കുന്നതാണ് ഇതിന്റെ പ്രവർത്തനരീതി. മാദ്ധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം ഒൻപത് നഗരങ്ങളുടെ വലിപ്പമുള്ള പ്രദേശത്തെ തകർക്കാൻ ഈ ആയുധത്തിന് ശേഷിയുണ്ടെന്നാണ് വിലയിരുത്തൽ.
ഭൂമിക്കടിയിൽ ആഴത്തിൽ സ്ഥിതിചെയ്യുന്ന രഹസ്യ കേന്ദ്രങ്ങൾ തകർക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത ബങ്കർ ബസ്റ്റർ ബോംബുകളിൽനിന്ന് എംഒഎബി വ്യത്യസ്തമാണ്. ആഴത്തിലുള്ള പാറപ്പാളികളിൽ തുളച്ചുകയറുന്നതിന് പകരം വിശാലമായ പ്രദേശത്ത് നാശം വിതയ്ക്കാനാണ് ഇത് കൂടുതൽ അനുയോജ്യം. അതിനാൽ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ഈ ബോംബിന് എത്രത്തോളം കഴിയുമെന്നത് പ്രധാന ചോദ്യമാണ്.
ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പിക്കാക്സ് മൗണ്ടൻ എന്നറിയപ്പെടുന്ന ആണവകേന്ദ്രവും അമേരിക്കയുടെ ആണവ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പാറപ്പാളികൾക്കിടയിലാണ് ഈ കേന്ദ്രം സ്ഥിതിചെയ്യുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഒരു എംഒഎബി ബോംബ് ഉപയോഗിച്ചതുകൊണ്ടുമാത്രം ഭൂമിക്കടിയിലെ ആഴത്തിലുള്ള ആണവകേന്ദ്രങ്ങൾ പൂർണമായി തകർക്കാനാകുമെന്ന് ഉറപ്പില്ല. സൈനിക ആസൂത്രണത്തെക്കുറിച്ച് അറിവുള്ള ചില അമേരിക്കൻ ഉദ്യോഗസ്ഥരും ഈ പരിമിതിയിൽ സംശയം പ്രകടിപ്പിച്ചതായാണ് അന്തർദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അക്രമവും അമേരിക്കയുടെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ജനവാസ മേഖലകൾക്ക് സമീപമുള്ള ആക്രമണം സാധാരണക്കാർക്ക് വലിയ അപകടമുണ്ടാക്കും. എംഒഎബിയുടെ സ്ഫോടനശേഷി ഒരു വലിയ പ്രദേശത്തെ തകർക്കുന്നതിനാൽ സൈനിക ലക്ഷ്യങ്ങൾക്കപ്പുറത്തും നാശനഷ്ടമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നു. 2017ലാണ് ആദ്യമായൊരു യുദ്ധത്തിൽ അമേരിക്ക എംഒഎബി പ്രയോഗിത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ തുരങ്ക സമുച്ചയത്തിന് നേരെയായിരുന്നു ആക്രമണം. യുദ്ധത്തിന്റെ ഗതി മാറ്റാനും ഇറാനുമേൽ സമ്മർദം ചെലുത്താനും അമേരിക്ക ഈ ബോംബ് ഉപയോഗിക്കുമെന്ന സാദ്ധ്യത തള്ളിക്കളയാനാകില്ല.
The US is reportedly considering its 9.8-tonne “Mother of All Bombs” for potential strikes on Iran, but no final decision has been made.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |