SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 PM IST

സ്‌മാർട്ട് ലോക്കുകൾ സുരക്ഷയോ കെണിയോ? തീപിടിത്തങ്ങളിൽ എങ്ങനെ വില്ലനാകുന്നുവെന്ന് അറിയാം

smart-locks
സ്‌മാർട്ട് ലോക്ക്

ഇന്നത്തെ മിക്കവാറും വീടുകളിലും കെട്ടിടങ്ങളിലും കാണുന്ന ഒന്നാണ് സ്‌മാർട്ട് ലോക്കുകൾ. വാതിലുകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പുവരുത്താനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ ഈ ലോക്കുകൾതന്നെ വില്ലനായി മാറിയാലോ?

ഡൽഹി വിവേക് നഗറിലെ താമസകെട്ടിടത്തിലുണ്ടായ തീപിടിത്തം, മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തം, ഇൻഡോറിലെ അപ്പാർട്ട്‌മെന്റിലുണ്ടായ തീപിടിത്തം എന്നിവിടങ്ങളിലെല്ലാം വില്ലനായി മാറിയത് ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള വാതിലുകളാണ്. സ്‌മാർട്ട് ലോക്കുകൾ, ബയോമെട്രിക് ആക്‌സസ് സംവിധാനങ്ങൾ, ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ള ഗേറ്റുകൾ എന്നിവയെല്ലാം തീപിടിത്ത സമയങ്ങളിൽ തകരാറിലായതും ആളുകൾക്ക് രക്ഷപ്പെടാനുള്ള മാർഗങ്ങൾക്ക് കാലതാമസമുണ്ടാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

സ്മാർട്ട് ലോക്കുകൾ എങ്ങനെ അപകടകാരിയാവുന്നു?

വൈദ്യുതി, ബാറ്ററി, ആക്‌സസ് കൺട്രോൾ പാനൽ, മാഗ്നറ്റിക് സംവിധാനങ്ങൾ എന്നിവയിലാണ് കൂടുതൽ സ്‌മാർട്ട് ലോക്കുകളും പ്രവർത്തിക്കുന്നത്. തീപിടിത്തമുണ്ടാകുമ്പോൾ പലതിന്റെയും പ്രവർത്തനം താറുമാറാകുന്നു.

  • തീപിടിത്തം പലപ്പോഴും പവർകട്ടിന് കാരണമാകുന്നു. വൈദ്യുതി വയറുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതോ മനഃപൂർവം ഓഫ് ചെയ്യുന്നതോ ആകാം ഇതിനുകാരണം. വൈദ്യുതി തടസപ്പെടുമ്പോൾ യാന്ത്രികമായി അൺലോക്ക് ചെയ്യുന്ന രീതിയിലല്ല ലോക്കുകൾ രൂപകൽപ്പന ചെയ്തിട്ടുള്ളതെങ്കിൽ ബട്ടണുകൾ, കീപാഡുകൾ അല്ലെങ്കിൽ ആക്‌സസ് കാർഡുകൾ എന്നിവയോട് പ്രതികരിക്കാത്ത വാതിലുകൾക്ക് പിന്നിൽ ആളുകൾ കുടുങ്ങിപ്പോകാൻ സാദ്ധ്യതയുണ്ട്. ഇതാണ് മാളവ്യ നഗറിലെ തീപിടിത്തത്തിൽ സംഭവിച്ചത്. പലർക്കും ഇലക്ട്രോണിക് വാതിലുകൾ തുറക്കാനായില്ല. 22 പേരാണ് തീപിടിത്തത്തിൽ മരിച്ചത്.
  • ഉയർന്ന താപനില ലോക്ക് സർക്യൂട്ടുകൾ, സെൻസറുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവയെ തകരാറിലാക്കും. ബാറ്ററി ബാക്കപ്പ് ഉണ്ടായിരുന്നാൽ പോലും ഇത്തരം സംവിധാനങ്ങൾ പ്രവർത്തിക്കാതെയാകും.
  • പല സ്മാർട്ട് ലോക്കുകളിലും മാന്വൽ ഓവർറൈഡുകൾ ലഭ്യമായിരിക്കും. എന്നാൽ തീപിടിത്ത സമയങ്ങളിൽ പലർക്കും ഓവർറൈഡ് സ്വിച്ചുകൾ കണ്ടെത്താനോ അവ പ്രവർത്തിപ്പിക്കാനോ സാധിക്കണമെന്നില്ല. എമർജൻസി എക്‌സിറ്റുകൾ എളുപ്പത്തിൽ പ്രവർത്തിപ്പിക്കാൻ ഉതകുന്നതാകണമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അപകട സമയത്തെ വെപ്രാളത്തിൽ കഠിനമായി രൂപകൽപ്പന ചെയ്ത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കണമെന്നില്ല.
  • ഇലക്ട്രോണിക് ഗേറ്റുകൾ സമയത്ത് തുറക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനം തടസപ്പെടുത്തും. ഇവ പ്രവർത്തനരഹിതനാകുന്നത് രക്ഷാപ്രവർത്തനം വൈകിപ്പിക്കും.

ശ്രദ്ധിക്കേണ്ടത്

വൈദ്യുതി ഇല്ലാതാവുകയും ഫയർ അലാറം പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഒരു സ്‌മാർട്ട് ലോക്ക് യാന്ത്രികമായി അൺലോക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ വൈദ്യുതി നഷ്ടപ്പെടുക മാത്രമുണ്ടാകുമ്പോൾ ഇത് ലോക്ക് ആയിരിക്കുകയും വേണം. അടിയന്തര സാഹചര്യങ്ങളിൽ യാന്ത്രികമായി പ്രവർത്തിക്കുന്ന സംവിധാനങ്ങളെയാണ് ആശ്രയിക്കേണ്ടത്.

വിദഗ്ദ്ധർ പറയുന്നത്

  • തീപിടുത്തമുണ്ടാകുമ്പോൾ വാതിലുകൾ യാന്ത്രികമായി തുറക്കണം.
  • മാനുവൽ ഓവർറൈഡ് സംവിധാനങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്നതായിരിക്കണം.
  • അടിയന്തര എക്‌സിറ്റുകൾ ഒരിക്കലും ഇലക്ട്രോണിക് സംവിധാനങ്ങളെ മാത്രം ആശ്രയിച്ചായിരിക്കരുത്.
  • കെട്ടിടങ്ങൾക്ക് ഒന്നിലധികം രക്ഷപ്പെടൽ വഴികൾ ഉണ്ടായിരിക്കണം.
  • ടെറസിലും മേൽക്കൂരയിലും എക്സിറ്റുകൾ ആക്‌സസ് ചെയ്യാവുന്നതായിരിക്കണം.
  • പതിവായി അഗ്നി സുരക്ഷാ ഓഡിറ്റുകൾ നടപ്പാക്കി സ്‌‌‌മാർട്ട് ലോക്കുകൾ ഉൾപ്പെടെ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.

എന്നാൽ സ്‌മാർട്ട് ലോക്കുകൾ മാത്രമല്ല അപകടകാരിയെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. അതേസമയം, അടുത്തിടെയുണ്ടായ തീപിടിത്തങ്ങളിൽ മരണസംഖ്യ ഉയർന്നതിൽ സ്‌മാർട്ട് ലോക്കുകളും കാരണമായി. എക്‌സിറ്റുകളും വാതിലുകളും ലോക്കായത് പലരുടെയും ജീവനെടുത്തു. കെട്ടിടത്തിന്റെ രൂപകൽപ്പനയിലെ അപാകതകൾ, വൈദ്യുതി തടസപ്പെടുന്നത്, ടെറസ് ലോക്കാകുന്നത്, അഗ്നിരക്ഷാ സംവിധാനങ്ങൾ ലഭ്യമല്ലാത്തത് തുടങ്ങിയവരും തീപിടിത്തങ്ങളിലെ ആഘാതങ്ങൾക്ക് ആക്കം കൂട്ടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRE SAFETY, SMART LOCK SAFETY, FIRE ESCAPE TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360