SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.02 PM IST

ട്രംപിന്റെ കണക്കുകൂട്ടൽ തെറ്റി, ഇന്ത്യക്കാരുടെ പ്രധാന ആശങ്കയൊഴിഞ്ഞു; നിർണായക വിധിയുമായി യുഎസ് സുപ്രീംകോടതി

donald-trump
യുഎസ് സുപ്രീംകോടതി, ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ മണ്ണിൽ ജനിക്കുന്ന ഏതൊരു കുട്ടിക്കും പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട നിയമമാണ് 'ബർത്ത്റൈറ്റ് സിറ്റിസൺഷിപ്'. മാതാപിതാക്കൾ അമേരിക്കൻ പൗരന്മാരാണെങ്കിലും അല്ലെങ്കിലും അനധികൃത കുടിയേറ്റക്കാരാണെങ്കിലും യാതൊരു തടസവുമില്ലാതെ കുട്ടികൾക്ക്‌ പൗരത്വം നൽകുന്ന ഭരണഘടനാ അവകാശമാണിത്. എന്നാൽ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ രണ്ടാംവരവിന്റെ തുടക്കത്തിൽതന്നെ ഈ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്തി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഇപ്പോഴിതാ, ട്രംപിന്റെ ഉത്തരവ് 6-3 ഭൂരിപക്ഷത്തോടെ തള്ളിക്കളഞ്ഞിരിക്കുകയാണ് യുഎസ് സുപ്രീംകോടതി. അമേരിക്കയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ, എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ, മറ്റ് കുടിയേറ്റ കുടുംബങ്ങൾ എന്നിവർക്ക് ആശ്വാസം നൽകുന്നതാണ് കോടതിവിധി.

എന്തായിരുന്നു ട്രംപിന്റെ ലക്ഷ്യം

പുതിയ ഉത്തരവിലൂടെ അമേരിക്കയിൽ ജനിക്കുന്ന ചില കുട്ടികൾക്ക് മാത്രം പൗരത്വം നിഷേധിക്കാനായിരുന്നു ട്രംപിന്റെ ശ്രമം. ഇതിലൂടെ അനധികൃത കുടിയേറ്റക്കാരുടെ കുട്ടികൾക്കും താൽക്കാലിക വിസയിൽ കഴിയുന്നവരുടെ കുട്ടികൾക്കും പൗരത്വം നൽകാതിരിക്കാനാണ് ട്രംപ് ശ്രമിച്ചത്. എച്ച് 1 ബി തൊഴിലാളികൾ, വിദ്യാർത്ഥികൾ, ടൂറിസ്റ്റുകൾ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു ട്രംപിന്റെ ഉത്തരവ്.

സുപ്രീംകോടതിയുടെ വിധി

നിയമത്തിൽ മാറ്റം വരുത്തിയ ട്രംപിന്റെ ഉത്തരവ് ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്. ഭരണഘടനയിലെ 14-ാം ഭേദഗതിയിലാണ് അമേരിക്കയിൽ ജനിക്കുന്ന കുട്ടികളുടെ പൗരാവകാശങ്ങളെക്കുറിച്ച് വിശദീകരിക്കുന്നത്. ഈ ഭാഗം വീണ്ടും വ്യാഖാനിച്ചുകൊണ്ടായിരുന്നു കോടതിവിധി. പ്രസിഡന്റിന്റെ ഉത്തരവിലൂടെ നിയമത്തിൽ മാറ്റംവരുത്താൻ സാധിക്കില്ലെന്നും ഭരണഘടനാഭേദഗതിയിലൂടെ മാത്രമേ അതിന് സാധിക്കുകയുള്ളെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഇന്ത്യൻ സമൂഹത്തെ എങ്ങനെ സ്വാധീനിക്കും?

ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലേക്ക് തുടർവിദ്യാഭ്യാസത്തിനായി ചേക്കേറിയിരിക്കുന്നത്. പഠനം പൂർത്തിയാക്കിയശേഷം അവിടെ ജോലിതുടരുന്നവരും അത്രത്തോളം തന്നെയുണ്ട്. ഗ്രീൻകാർഡ് വിസയ്‌ക്കായി വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോൾ ഈ സമയം ജനിക്കുന്ന കുട്ടികൾക്ക് അമേരിക്കൻ പൗരത്വം ലഭിക്കുമോയെന്ന കാര്യത്തിൽ വലിയൊരു ആശങ്കയുണ്ടായിരുന്നു. നിലവിലെ സുപ്രീംകോടതി ഉത്തരവിലൂടെ അത്തരം ആശങ്കകൾക്കാണ് വിരാമം ആയിരിക്കുന്നത്. കുടിയേറ്റ കുടുംബങ്ങളെ സംബന്ധിച്ച് നിലനിന്നിരുന്ന നിയമപരമായ അനിശ്ചിതത്വം ഇല്ലാതാക്കുന്നതാണ് കോടതിവിധി.

ഇന്ത്യൻ- അമേരിക്കൻ സംഘടനകളും നേതാക്കളും വലിയ ആവേശത്തോടെയാണ് വിധി സ്വാഗതം ചെയ്‌തത്. കുടിയേറ്റ കുടുംബങ്ങൾക്ക് സ്ഥിരതയും സുരക്ഷിതത്വവും നൽകുന്ന വിധിയാണിതെന്നാണ് അവർ അഭിപ്രായപ്പെട്ടത്. അതേസമയം, സുപ്രീംകോടതി വിധിയെ ശക്തമായി വിമർശിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അമേരിക്ക് ദോഷം ചെയ്യുന്നതാണ് കോടതിവിധിയെന്നാണ് ട്രംപിന്റെ വാദം. രണ്ടാം തവണ അധികാരത്തിലേറിയതിനുപിന്നാലെ അമേരിക്കൻ കുടിയേറ്റ നിയമങ്ങളിൽ കർശന നിയന്ത്രണങ്ങളാണ് ട്രംപ് അവതരിപ്പിച്ചത്. എന്തായാലും ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് നിലവിലെ സുപ്രീംകോടതിവിധി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, US CITIZENSHIP, BIRTHRIGHT CITIZENSHIP, H1B VISA, INDIAN IMMIGRANTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360