SignIn
Kerala Kaumudi Online
Saturday, 04 July 2026 2.04 PM IST

വിസ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ; പ്രവാസി മലയാളികൾ വിമാനം കയറുന്നതിനുമുൻപ് ഇക്കാര്യങ്ങൾ അറിയണം

flight
പ്രതീകാത്മക ചിത്രം

അബുദാബി: വിപുലീകരിച്ച വിസ-ഓൺ-അറൈവൽ മുതൽ പുതുക്കിയ പ്രോപ്പർട്ടി വിസ നിയമങ്ങൾ വരെ പ്രവേശന, താമസ പെർമിറ്റുകളിൽ സുപ്രധാന മാറ്റങ്ങളുമായി യുഎഇ. 2026ലെ പുതുക്കിയ മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വിസ-ഓൺ-അറൈവൽ നിയമം

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ആറ് രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ പ്രവേശന വിസയ്ക്കുള്ള യോഗ്യത വിപുലീകരിച്ചു. 14 ദിവസത്തെയും 60 ദിവസത്തെയും വിസയിലാണ് മാറ്റം കൊണ്ടുവന്നത്.

മുമ്പ് ഇന്ത്യൻ പൗരന്മാർക്ക് മാത്രം ലഭ്യമായിരുന്ന ഈ വിസയ്ക്കായി ഇപ്പോൾ ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പൗരന്മാർക്കും അപേക്ഷിക്കാം. താമസത്തിന് യോഗ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഐസിപി വിപുലീകരിച്ചു. യുഎസ്‌എ, യുകെ, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ എന്നിവയ്ക്ക് പുറമേ, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നിവിടങ്ങളിൽ റെസിഡൻസിയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാം.

ദുബായ് ടൂറിസ്റ്റ് വിസ

ദുബായിലേയ്ക്ക് യാത്ര ചെയ്യാനിരിക്കുന്ന വിനോദസഞ്ചാരികൾക്ക് സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്ക് 48 മണിക്കൂറിനുള്ളിൽ അംഗീകാരം ലഭിക്കും. 30 മുതൽ 60 ദിവസം വരെയാണ് വിസയുടെ കാലാവധി. അംഗീകൃത ടൂറിസം ഓഫീസുകൾ വഴി അപേക്ഷിക്കുന്നവർക്ക് ടൂറിസ്റ്റ് വിസകൾ ലഭ്യമാകുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് - ദുബായ് (ജിഡിആർഎഫ്എ) അറിയിച്ചിട്ടുണ്ട്.

രണ്ടുവർഷ റെസിഡൻസി വിസ നിയമം

രണ്ട് വർഷത്തെ പ്രോപ്പർട്ടി - ലിങ്ക്ഡ് റെസിഡൻസി പെർമിറ്റ് അനുവദിക്കുന്നതിനുള്ള പുതുക്കിയ വ്യവസ്ഥകൾ പ്രകാരം വ്യക്തിഗത നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞ പ്രോപ്പർട്ടി മൂല്യം 750,000 ദിർഹം എന്ന നിബന്ധന നീക്കം ചെയ്തു. എന്നാൽ അപേക്ഷകൻ സ്വത്തിന്റെ ഏക ഉടമയായിരിക്കണം.

സ്വത്ത് സംയുക്ത ഉടമസ്ഥതയിലാണെങ്കിൽ ഉടമസ്ഥാവകാശം തുല്യമായി വിഭജിക്കപ്പെട്ടാലും, റെസിഡൻസി വിസയ്ക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നതിന് ഓരോ നിക്ഷേപകനും കുറഞ്ഞത് 400000 ദിർഹത്തിന്റെ ഓഹരി ഉണ്ടായിരിക്കണം.

താൽക്കാലിക ഓവർസ്റ്റേ പിഴ ഇളവ്

പ്രാദേശിക വ്യോമാതിർത്തി അടച്ചിടലുകളും വിമാന തടസങ്ങളും കാരണം ഓവർസ്റ്റേ പിഴകളിൽ നിന്ന് ഒഴിവാക്കപ്പെട്ട സന്ദർശകർക്ക് ഐസിപി 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചു. അസാധാരണമായ സാഹചര്യങ്ങൾ അവസാനിച്ചതിനാൽ അധികമായി തങ്ങിയവർ ജൂലായ് ഒൻപതിന് മുമ്പ് അവരുടെ വിസ സ്റ്റാറ്റസ് ശരിയാക്കുകയോ യുഎഇ വിടുകയോ ചെയ്യണമെന്നാണ് നിർദേശം.

സ്‌മാർട്ട് മെഡിക്കൽ വിസ

ചികിത്സയ്ക്കായി എമിറേറ്റിലേക്ക് പോകുന്ന രോഗികൾക്ക് 'സ്മാർട്ട് മെഡിക്കൽ വിസ'യും കൂടുതൽ തടസമില്ലാത്ത സേവനങ്ങളും ലഭ്യമാകും. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സും ദുബായ് ഹെൽത്ത് അതോറിറ്റിയും ഒപ്പുവച്ച പുതിയ കരാർ പ്രകാരമാണ് പ്രഖ്യാപനം.

ദുബായിൽ രോഗികൾ എത്തുന്നതിനുമുമ്പുള്ള വിസ, റെസിഡൻസി, ആരോഗ്യ സേവനങ്ങൾ എന്നിവ ചികിത്സയിലേക്കും തുടർനടപടികളിലേക്കും ബന്ധിപ്പിക്കുന്ന ഒരു സംയോജിത ആരോഗ്യ സംരക്ഷണ നയം സൃഷ്ടിക്കാൻ സൃഷ്ടിക്കുന്നതിനാണ് കരാർ ലക്ഷ്യം വയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

വിസ റദ്ദാക്കൽ

എബോള വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് പുതിയ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി യുഎഇ അധികൃതർ അറിയിച്ചു.

ദേശീയ തയ്യാറെടുപ്പ് ശക്തിപ്പെടുത്തുന്നതിനും എബോള വൈറസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളോട് പ്രതികരിക്കുന്നതിനുമായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും (എൻ‌സി‌ഇ‌എം‌എ) ഐ‌സി‌പിയും മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. യുഎഇ വിസ സസ്‌പെൻഷൻ 2026 ജൂൺ ആറു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. സാഹചര്യങ്ങൾക്കനുസൃതമായി ഇത് നീട്ടാൻ സാദ്ധ്യതയുണ്ടെന്ന് അധിക‌ൃതർ വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE VISA RULES 2026, UAE VISA UPDATES 2026, DUBAI TOURIST VISA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360