
ലോകത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോഹമാണ് സ്വർണം. അതിനുകാരണം വിലതന്നെയാണ്. പല രാജ്യങ്ങളിലും സ്വർണത്തെ സമ്പത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിൽ തന്നെ പലയിടങ്ങളിലും സ്വർണം ഖനനം ചെയ്യാറുണ്ട്. ഭൂമിയുടെ അടിത്തട്ടിൽ കാണപ്പെടുന്ന സ്വർണ നിക്ഷേപം ഖനനം ചെയ്ത് വിവിധ പ്രക്രിയകളിലൂടെ കടന്നാണ് നമ്മുടെ കെെയിൽ എത്തുന്നത്.
ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് പലരാജ്യങ്ങളും ഇറക്കുമതി ചെയ്യുന്നത്. സ്വർണത്തിന്റെ ആവശ്യം കൂടുമ്പോൾ ഖനനവും കൂടുന്നു. അങ്ങനെ ഭൂമിയിലെ സ്വർണത്തിന്റെ അളവ് തന്നെ കുറഞ്ഞേക്കാം. ഇത് മുന്നിൽകണ്ട് പല ശാസ്ത്രജ്ഞരും തങ്ങളുടെ ലാബുകളിൽ സ്വർണം നിർമിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇത്തരത്തിൽ നിർമിച്ച വജ്രങ്ങൾ ഇന്ന് വിപണിയിൽ സർവസാധാരണമാണ്. അതുപോലെ സ്വർണവും നിർമ്മിക്കാനാണ് ഗവേഷകർ ശ്രമിക്കുന്നത്.

സ്വർണത്തിന്റെ നിർമാണം
വജ്രം പോലെ (കാർബണിന്റെ ക്രിസ്റ്റൽ രൂപം) ഒരു സംയുക്തമല്ല സ്വർണം. അതൊരു മൂലകമാണ്. അതിനാൽ ലാബുകളിൽ ഇവ നിർമ്മിക്കുന്നത് ചെലവേറിയതും കഷ്ടതനിറഞ്ഞതുമായ പ്രക്രിയയാണ്. പ്രധാനമായും രണ്ടുരീതിയിലാണ് സ്വർണം നിർമ്മിക്കാൻ കഴിയുന്നത്. ആദ്യത്തേത് ആറ്റോമിക് ലെവൽ സൃഷ്ടിയാണ്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വർണത്തിന്റെ ആറ്റങ്ങൾ നിർമ്മിക്കുകയോ വേർതിരിക്കുകയോ ചെയ്യുന്നതാണിത്. എന്നാൽ വളരെ ചെലവേറിയരീതിയായതിനാൽ പരീക്ഷണത്തിന് നിരവധി പരിമിതികളുണ്ട്.

രണ്ടാമത്തേത് സ്വർണം വീണ്ടെടുക്കലാണ്. ആൾട്രാ- ഹെെ പ്യൂരിറ്റി ലെവലുകളിലൂടെ സ്വർണം വീണ്ടെടുത്ത് ശുദ്ധീകരിക്കുന്ന രീതിയാണിത്. പക്ഷേ ഈ രീതി ഇപ്പോഴും മുഖ്യധാരയിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഇവയെല്ലാം ഖനനത്തിനെക്കാൾ ചെലവേറിയതാണ്. കൂടാതെ ഇത്തരത്തിൽ ഉൽപാദിപ്പിക്കുന്ന സ്വർണത്തിന്റെ അളവും കുറവായിരിക്കും. വ്യാവസായികാടിസ്ഥാനത്തിൽ (ഗ്രാം അല്ലെങ്കിൽ കിലോഗ്രാം) ഉൽപാദനം വർദ്ധിപ്പിക്കുന്നത് ഇന്നത്തെ സങ്കേതികവിദ്യയിൽ അപ്രായോഗികമാണ്.

എന്തിനാണ് ഇത്തരമൊരു പരീക്ഷണം
ലോകത്തിലെ ഏറ്റവും വിലയേറിയ ലോഹങ്ങളിലൊന്നാണ് സ്വർണം. അതിനാൽ അവയുടെ കയറ്റുമതിയും ഇറക്കുമതിയും ഇന്ന് കൂടുതലാണ്. ഖനനം ചെയ്ത് മാത്രമേ സ്വർണം എടുക്കാൻ കഴിയുകയുള്ളൂ. സ്വർണത്തിന്റെ ഉപഭോഗം കുറഞ്ഞുവരുന്നതിനാൽ ഒരു ബദൽ രീതി ആളുകൾ തിരയാറുണ്ട്. അതിനാലാണ് ശാസ്ത്രജ്ഞർ സ്വർണം നിർമ്മിക്കാൻ ശ്രമിക്കുന്നത്. ലാബുകളിൽ സ്വർണം നിർമ്മിക്കാൻ കഴിഞ്ഞാൽ ഭാവിയിലെ വിപണിയിൽ ഇത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. എന്നാൽ ഇത്തരത്തിൽ ലാബിൽ നിർമ്മിക്കുന്ന സ്വർണവും ഖനനം ചെയ്ത് എടുക്കുന്ന സ്വർണവും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടാകുമോയെന്ന് വ്യക്തമല്ല.

വിലയിൽ മാറ്റം വരുമോ?
ഖനനം ചെയ്ത് എടുക്കുന്ന സ്വർണത്തെക്കാൾ ലാബിൽ നിർമ്മിക്കുന്ന സ്വർണത്തിന് വില കുറവുണ്ടാകുമോയെന്ന് പല ആളുകളും ആലോചിക്കുന്നുണ്ടാകാം. ഖനനം ചെയ്ത് എടുത്ത സ്വർണത്തിന്റെ ഭാരം, പരിശുദ്ധി എന്നിവ ലാബിൽ നിർമ്മിച്ച സ്വർണത്തിനുണ്ടെങ്കിൽ അതിന്റെ വില തുല്യമായിരിക്കുമെന്ന് പലരും കരുതുന്നു. എന്നാൽ ഭാവിയിൽ സ്വർണത്തിന്റെ ഉൽപാദനം കൂടുതൽ കാര്യക്ഷമമായാൽ അത് വിലകളെ ബാധിച്ചേക്കാം. ലാബുകളിൽ തയ്യാറാക്കുന്ന സ്വർണത്തിന്റെ വിൽപന, ഉടമസ്ഥാവകാശം എന്നിവ സംബന്ധിച്ച് ഇതുവരെ തീരുമാനങ്ങൾ ഒന്നുംതന്നെ ആയിട്ടില്ല. ലബോറട്ടറിയിൽ നിർമ്മിച്ച സ്വർണം ഖനനസ്വർണത്തിന് പകരക്കാരനാകുമോയെന്ന കാര്യം ഭാവിയിൽ കണ്ടറിയുകതന്നെ വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |