SignIn
Kerala Kaumudi Online
Tuesday, 21 July 2026 1.19 PM IST

സ്പാനിഷ് ഡിലൈറ്റ്

yamal

ന്യൂയോർക്ക്: ലോകകപ്പ് മൈതാനത്ത് നിന്ന് മെസിയുടെ മാന്ത്രികത മായുമ്പോൾ, യുവത്വത്തിന്റെ വീറും വീര്യവുമായി സ്പെയ്നിന്റെ കാളക്കൂറ്റന്മാർ ഇനിയുള്ള നാലുകൊല്ലം ലോകഫുട്ബാളിന്റെ കനകസിംഹാസനത്തിന് അവകാശികൾ.

കഴിഞ്ഞരാത്രി ന്യൂയോർക്കിലെ ന്യൂജഴ്സി സ്റ്റേഡിയത്തിൽ നടന്ന 23-ാമത് ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ കീഴടക്കിയത്. എക്സ്ട്രാ ടൈമിലേക്ക് കടന്ന മത്സരത്തിന്റെ 106-ാം മിനിട്ടിൽ ഫെറാൻ ടോറസാണ് ചരിത്രഗോൾ നേടിയത്. നിശ്ചിതസമയത്തിന്റെ ഇരുപകുതികളിലും സ്പെയ്ൻ നിരന്തരം ആക്രമണം നടത്തിയെങ്കിലും വിട്ടുകൊടുക്കാതെ പൊരുതിയ അർജന്റീനയുടെ ഗോളി എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ സേവുകളാണ് മത്സരം അധികസമയത്തേക്ക് നീട്ടിയത്. ഒരു ലോകകപ്പ് ഫൈനൽ മത്സരത്തിൽ ഏറ്റവും കൂടുതൽ സേവുകൾ (11) നടത്തിയ ഗോളിയെന്ന റെക്കാഡ് കുറിച്ചെങ്കിലും നിക്കോ വില്യംസിന്റെ പാസിൽ നിന്നുള്ള ടോറസിന്റെ ഷോട്ട് തടുക്കാൻ എമിലിയാനോ അശക്തനായതോടെ ന്യൂയോർക്കിൽ പുതുചരിത്രം രചിക്കപ്പെട്ടു.

അനങ്ങാനാകാതെ

അർജന്റീന

നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പന്തിൽ തൊടാൻപോലും അനുവദിക്കാത്ത രീതിയിലായിരുന്നു സ്പാനിഷ് ഗെയിം പ്ലാൻ. മെസിയിലേക്ക് പന്തെത്തുന്ന വഴികളെല്ലാമടച്ച് പ്രതിരോധിച്ച അവർ, നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടു. ഇരുപതോളം ഷോട്ടുകളാണ് അർജന്റീനയുടെ ബോക്സിനുള്ളിലേക്കെത്തിയത്. പന്തുനേടാൻ പരുക്കൻ കളി പുറത്തെടുത്തത് അർജന്റീനയ്ക്ക് തിരിച്ചടിയുമായി. ഇൻജുറി ടൈമിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് എൻസോ ഫെർണാണ്ടസ് പുറത്തായതോടെ 10 പേരുമായി എക്സ്ട്രാടൈമിൽ കളിക്കേണ്ടിവന്നു.

ലോകകപ്പ് പുരസ്കാരജേതാക്കൾ

ഗോൾഡൻ ബാൾ (മികച്ച താരം): റൊഡ്രി (സ്പെയ്ൻ)

ഗോൾഡൻ ഗ്ളൗ (മികച്ച ഗോളി): ഉനേയ് സിമോൻ

മികച്ച യുവതാരം: പാവു കുബാർസി (സ്പെയ്ൻ)

ഗോൾഡൻ ബൂട്ട് (കൂടുതൽ ഗോൾ): എംബാപ്പെ (ഫ്രാൻസ്)

പടിയിറങ്ങുന്ന

പൊൻവസന്തം

ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ലൂക്കാ മൊഡ്രിച്ച് തുടങ്ങിയ യുഗപ്രഭാവന്മാരായ കളിക്കാരുടെ അവസാനലോകകപ്പായിരുന്നു ഇത്. ഇവരെല്ലാം കണ്ണീരോടെയാണ് ലോകകപ്പിൽ നിന്ന് വിടവാങ്ങിയത്. കഴിഞ്ഞ നാലുലോകകപ്പുകളിൽ മൂന്നിലും അർജന്റീനയെ ഫൈനലിൽ നയിക്കുകയും ഒരു തവണ കിരീടമുയർത്തുകയും ചെയ്താണ് മെസി മടങ്ങുന്നത്. മറ്റ് മൂവർക്കും ലോകകപ്പ് കിട്ടാക്കനിയാണ്. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് മെസിയും ക്രിസ്റ്റ്യാനോയും ഔദ്യോഗികമായി വിരമിച്ചിട്ടില്ല.

ഇത് രണ്ടാം തവണയാണ് സ്പെയ്ൻ ലോക ചാമ്പ്യന്മാരാകുന്നത്. 2010ൽ ആദ്യമായി ഫൈനലിലെത്തിയപ്പോൾ നെതർലാൻഡ്സിനെ കീഴടക്കിയ അതേമാർജിനിലാണ് ഇക്കുറിയും ജയം.

യൂറോകപ്പ് നേടിയതിന് പിന്നാലെയായിരുന്നു സ്പെയ്നിന്റെ ആദ്യ ലോകകപ്പ് കിരീടധാരണം. ഇക്കുറിയും അതുതന്നെ സംഭവിച്ചു. ലോകകപ്പ് ഫൈനലിൽ എത്തിപ്പോഴെല്ലാം കിരീടവുമായാണ് സ്പെയ്ൻ മടങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPANISH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360