SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.02 AM IST

മെസ്സിക്ക് എട്ട് ഗോളും നാല് അസിസ്റ്റും, ഒരു ഗോളോ അസിസ്‌റ്റോ ഇല്ലാത്ത റോഡ്രിക്ക് ഗോള്‍ഡന്‍ ബോള്‍, എങ്ങനെ?

rodri
ലയണല്‍ മെസ്സി, റോഡ്രി

ന്യൂ യോര്‍ക്ക് ന്യൂ ജേഴ്‌സി: തുടര്‍ച്ചയായി രണ്ടാം ലോകകപ്പിലും മെസ്സിയുടെ അര്‍ജന്റീന കപ്പ് നേടുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെങ്കിലും അത് ഉണ്ടായില്ല. ടൂര്‍ണമെന്റിലെ ഗോള്‍ വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്റൈന്‍ നായകന്‍. എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമാണ് 39ാം വയസ്സില്‍ താരത്തിന്റെ സമ്പാദ്യം. പത്ത് ഗോളുകളും നാല് അസിസ്റ്റുകളുമായി ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെയാണ് ഇത്തവണയും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.


ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് സ്‌പെയിനിനോട് തോറ്റെങ്കിലും ലയണല്‍ മെസ്സിക്ക് ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. നിര്‍ണായകമായ പല ഘട്ടങ്ങളിലും ഗോളടിച്ചും ഗോളടിപ്പിച്ചും ഒരു പ്ലേ മേക്കര്‍ റോളില്‍ ഉള്‍പ്പെടെ അമേരിക്കന്‍ ലോകകപ്പില്‍ മെസ്സി തിളങ്ങിയതാണ്. എന്നാല്‍ കലാശപ്പോരില്‍ രണ്ടാം ലോകകപ്പ് മോഹം കൈവിട്ടതിന് പിന്നാലെ ഗോള്‍ഡന്‍ ബോളും മെസ്സിയെ തേടിയെത്തിയില്ല.


2026 ഫിഫ ലോകകപ്പില്‍ സ്പാനിഷ് നായകന്‍ റോഡ്രിക്കാണ് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഒരു ഗോള്‍ പോലും അടിക്കുകയോ വഴിയൊരുക്കുകയോ ചെയ്യാത്ത റോഡ്രിക്ക് എങ്ങനെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചുവെന്നാണ് മെസ്സി ആരാധകര്‍ അന്തംവിട്ടത്. എന്നാല്‍ അര്‍ഹിച്ച പുരസ്‌കാരം തന്നെയാണ് സ്പാനിഷ് നായകന് ലഭിച്ചത്. ഇ.പി.എല്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡറായ റോഡ്രി മേയ് മാസത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്ന് ലോകകപ്പിന് തൊട്ടുമുമ്പാണ് മുക്തനായത്.

റോഡ്രിയെ സംബന്ധിച്ച് പൊസെഷന്‍ ആന്‍ഡ് പാസിംഗ് ഫുട്‌ബോള്‍ കളിക്കുന്ന സ്പാനിഷ് ശൈലിയുടെ കുന്തമുനയാണ് താരം. ഈ ലോകകപ്പില്‍ സ്‌പെയിന്റെ മിഡ് ഫീല്‍ഡിലെ പ്രധാന ഇന്ധനമായിരുന്നു റോഡ്രി എന്നി വിശേഷിപ്പിക്കാം. എണ്ണയിട്ട യന്ത്രം കണക്കെ സ്‌പെയിനിന്റെ മദ്ധ്യനിരയെ ഭാവനാസമ്പന്നമാക്കുകയും ഒപ്പം മുന്നേറ്റ നിരയിലേക്ക് ബോള്‍ സപ്ലൈ കൃത്യമായി നിയന്ത്രിക്കുകയും ചെയ്തത് റോഡ്രിയാണ്. എതിരാളികള്‍ വെറും ഒരേയൊരു ഗോള്‍ മാത്രമാണ് സ്പാനിഷ് വലയിലേക്ക് അടിച്ചത്. ഇതിന് കാരണം മിഡ്ഫീല്‍ഡില്‍ റോഡ്രിയുടെ നേതൃത്വത്തില്‍ എതിരാളികളെ സ്‌പെയിന്‍ വരിഞ്ഞുമുറുക്കിയത് തന്നെയാണ്.


94 ശതമാനം കൃത്യതയോടെ 753 പാസ്സുകളാണ് റോഡ്രി പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്റില്‍ മറ്റേതൊരു താരത്തേക്കാളും 200ല്‍ അധികം പാസുകളാണ് റോഡ്രി പൂര്‍ത്തിയാക്കിയത്. കലാശപ്പോരില്‍ അര്‍ജന്റീനയക്കെതിരെയും മികച്ച പ്രകടനമാണ് റോഡ്രി പുറത്തെടുത്തത്. ഇതാണ് 30കാരനെ ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരത്തിന് അര്‍ഹനാക്കിയതും.

English Summary

why rodri won golden ball despite having zero goals or goal contributionS

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RODRI, MESSI, GOLDEN BALL, FIFA WORLD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360