SignIn
Kerala Kaumudi Online
Tuesday, 28 July 2026 11.25 PM IST

ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികൾ ശ്രദ്ധിക്കുക,​ ഓഗസ്റ്റ് മാസത്തിൽ പുതിയ തീരുമാനം; പണച്ചെലവ് കൂടിയേക്കും

READ ENGLISH VERSION
uae-traffic-
പ്രതീകാത്മക ചിത്രം

ദുബായ്: ഓഗസ്റ്റിൽ യുഎഇയിൽ ഇന്ധന വില വീണ്ടും കുറഞ്ഞേക്കുമെന്ന് സൂചന. എന്നാൽ ആഗോള വിപണിയിലെ വിലയിടിവിന് അനുസരിച്ചുള്ള വലിയ കുറവ് പമ്പുകളിൽ ഉണ്ടായേക്കില്ല. മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും വിപണിയിലെ അനിശ്ചിതത്വങ്ങളും പ്രവാസികളുടെ പ്രതിമാസ ബഡ്ജറ്റിനെ എങ്ങനെയെല്ലാം ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

ജൂലായ് മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റിൽ എണ്ണവിലയിൽ ചെറിയ ഇടിവുണ്ടാവുമെങ്കിലും, പെട്രോൾ വിലയിലുള്ള കുറവ് വളരെ സാവധാനത്തിലായിരിക്കും. ജൂലായിലെ എണ്ണവിലയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വില തുടർച്ചയായി രണ്ടാം മാസവും കുറയാൻ സാദ്ധ്യതയുണ്ട്. ഇതനുസരിച്ച് സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് ഏകദേശം 3.13 ദിർഹമായും സൂപ്പർ 98 പെട്രോൾ 3.24 ദിർഹമായും കുറഞ്ഞേക്കാം. കഴിഞ്ഞ മാസം സൂപ്പർ 98ന് 3.40 ദിർഹവും, സ്‌പെഷ്യൽ 95ന് 3.29 ദിർഹവും, ഇപ്ലസിന് 3.21 ദിർഹവുമായിരുന്നു വില. ഡീസൽ വില 3.60 ദിർഹവുമാണ്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഇന്ധനവിലയിൽ ഉണ്ടായ കയറ്റിറക്കങ്ങൾ പ്രവാസികളുടെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിച്ചിരുന്നു. യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തലിനെ തുടർന്ന് കഴിഞ്ഞ മാസം വിലയിൽ ചെറിയ ആശ്വാസം ലഭിച്ചെങ്കിലും, വിപണിയിലെ നിലവിലെ സാഹചര്യം അനിശ്ചിതത്വത്തിലാണ്.

ആഗോള വിപണിയിലെ രാഷ്ട്രീയ സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന തടസങ്ങളും കാരണം എണ്ണവില എപ്പോൾ വേണമെങ്കിലും വീണ്ടും കുതിച്ചുയരാൻ സാദ്ധ്യതയുണ്ട്. ഓഗസ്റ്റിൽ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 90 ഡോളറിനും മുകളിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സംഘർഷങ്ങൾ രൂക്ഷമായാൽ ഇത് 100 ഡോളറിന് മുകളിലേക്ക് പോകാനും ഇടയുണ്ട്.

ഇന്ധനവിലയിലുള്ള ചെറിയ ഇടിവുകൾ പ്രവാസികൾക്ക് ആശ്വാസമാകുമെങ്കിലും, അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം കാരണം ഭാവിയിൽ ജീവിതച്ചെലവും യാത്രാക്കൂലിയും വർദ്ധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഗൾഫ് മേഖലയിലെ ചെറിയൊരു മാറ്റം പോലും ഇന്ധന വിലയെ പെട്ടെന്ന് സ്വാധീനിക്കുമെന്നതിനാൽ, പ്രവാസികൾ വരും ദിവസങ്ങളിൽ തങ്ങളുടെ മാസം തോറുമുള്ള പണച്ചെലവുകൾ കൂടുതൽ കരുതലോടെ ക്രമീകരിക്കേണ്ടതുണ്ട്.

ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ ഇന്ധന വില നിരക്കുകൾക്കായി ഉറ്റുനോക്കുകയാണ് പ്രവാസി സമൂഹം. ചെറിയ രീതിയിൽ ആശ്വാസം ലഭിക്കാമെങ്കിലും, ആഗോള വിപണിയിലെ മാറ്റങ്ങൾ പ്രവാസികളുടെ ദൈനംദിന ജീവിതത്തിലെ സാമ്പത്തിക ഭാരം വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.

English Summary

Fuel prices in the UAE are expected to decrease for the second consecutive month in August, with Special 95 potentially dropping to around Dh3.13 per litre and Super 98 to Dh3.24 per litre.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE, GULFNEWS, FUEL PRICE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360