അബുദാബി: ഇന്ന് മുതൽ ബുധനാഴ്ച വരെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്ററോളജി (എൻസിഎം) അറിയിച്ചു. അന്തരീക്ഷത്തിൽ രൂപപ്പെടുന്ന മേഘങ്ങൾ മഴയ്ക്ക് കാരണമായേക്കാം. കൂടാതെ ശക്തമായ പൊടിപടലങ്ങൾക്കും ഉയരാനും രാത്രി സമയങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാദ്ധ്യതയുണ്ട്.
ഇന്ന് തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. ഉച്ചകഴിഞ്ഞ് കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ മേഘങ്ങൾ രൂപപ്പെട്ട് മഴ പെയ്യും. ഇത് താപനില കുറയുന്നതിന് കാരണമായേക്കാം. ഇന്ന് രാത്രിയും നാളെ രാവിലെയും തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും അന്തരീക്ഷത്തിലെ ഈർപ്പം വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഇത് മൂടൽമഞ്ഞോ മഞ്ഞോ രൂപപ്പെടാൻ കാരണമാകും.
കാറ്റ് മിതമായ രീതിയിലായിരിക്കും വീശുക, എന്നാൽ, മേഘങ്ങൾ രൂപപ്പെടുന്ന സമയങ്ങളിൽ കാറ്റിന്റെ വേഗത കൂടുകയും പൊടിപടലങ്ങൾ ഉയരുകയും ചെയ്തേക്കാം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. തീരപ്രദേശങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ വരെയും ഉൾപ്രദേശങ്ങളിൽ 40 കിലോമീറ്റർ വരെയും മലനിരകളിൽ 45 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശിയേക്കാം.
ഇന്ന് തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 33 ഡിഗ്രി സെൽഷ്യസ് മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉൾപ്രദേശങ്ങളിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയും മലനിരകളിൽ 26 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയുമാകുമെന്നാണ് പ്രവചനം. അറേബ്യൻ ഗൾഫിൽ കടൽ ശാന്തമായിരിക്കും. ഒമാൻ കടലും ശാന്തമായിരിക്കും.
നാളെ വടക്ക്, കിഴക്കൻ മേഖലകളിൽ രൂപപ്പെടുന്ന സംവഹന മേഘങ്ങൾ കാരണം മഴയ്ക്ക് സാദ്ധ്യതയുണ്ട്. നാളെ രാത്രിയും തിങ്കളാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം വർദ്ധിക്കും. തീരപ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെ എത്തിയേക്കാം. തിങ്കളാഴ്ചയും സമാനമായ കാലാവസ്ഥ തുടരും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം.
ചൊവ്വാഴ്ച അന്തരീക്ഷത്തിൽ ഈർപ്പം കാരണം മൂടൽമഞ്ഞ് രൂപപ്പെടാൻ സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശിയേക്കാം. പൊടിപടലങ്ങൾ ഉയരാനും സാദ്ധ്യതയുണ്ട്. ബുധനാഴ്ച വടക്ക്, കിഴക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നത് കാരണം മഴ ലഭിക്കാനും സാദ്ധ്യതയുണ്ട്. മണിക്കൂറിൽ 25 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പൊടിക്കാറ്റിനും സാദ്ധ്യതയുണ്ട്.
The UAE National Centre of Meteorology has forecast rain in several parts of the country through Wednesday. Cloud formation may bring rainfall, strong winds and blowing dust, while increased humidity could cause fog at night and in the early morning. Wind speeds may reach 50 km/h in some areas. Temperatures are expected to vary by region.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |