SignIn
Kerala Kaumudi Online
Thursday, 29 October 2026 2.02 PM IST

യുഎഇ രാജാവിന്റെ ശ്രദ്ധ പതിഞ്ഞത് തലയിലെ നീണ്ട തുന്നലുകളിലേക്ക്; തന്റെ ആഗ്രഹം മച്ചാറിനോട് തുറന്നുപറഞ്ഞ് പ്രസിഡന്റ്

captain-smit-machchhar
ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ തലയിലെ പരിക്ക്, അദ്ദേഹം യുഎഇ ഭരണാധികാരിയിൽ നിന്ന് ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II’ ബഹുമതി സ്വീകരിക്കുന്നു.

ദുബായ്: ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിനിരയായിട്ടും ധീരമായി യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ഇന്നലെയാണ് യുഎഇ ആദരിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിമാനത്തിലെ സാഹചര്യം നിയന്ത്രണവിധേയമാക്കുന്നതിനും നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് യുഎഇയുടെ ഉന്നത ബഹുമതികളിലൊന്നായ ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II’ ക്യാപ്റ്റൻ മച്ചാറിനും ജീവനക്കാർക്കും യുഎഇ സമ്മാനിച്ചത്.

എന്നാൽ ചടങ്ങിനിടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അദ്ദേഹത്തിന്റെ തലയുടെ പിൻഭാഗത്തുള്ള നീളത്തിലുള്ള തുന്നലുകളായിരുന്നു. പൈലറ്റിന്റെ തലയിലെ പരിക്കുകളും തുന്നലുകളും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പരിശോധിക്കുന്നതും ഇരുവരും സൗഹൃദപരമായി സംസാരിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കൈയിലെ പരിക്ക് ചൂണ്ടിക്കാട്ടി എപ്പോൾ സുഖം പ്രാപിക്കുമെന്ന് സ്മിത് മച്ചാറിനോട് പ്രസിഡന്റ് ചോദിക്കുന്നതും ഏകദേശം രണ്ട് മാസമെടുക്കുമെന്നുള്ള മറുപടിയും അടങ്ങുന്ന വീഡിയോയാണ് വൈറലായത്.

"എനിക്ക് ഒരു ആശയമുണ്ട്. നിങ്ങൾ സുഖം പ്രാപിച്ചുകഴിഞ്ഞാൽ ആയുധമില്ലാതെ എങ്ങനെ പോരാടണമെന്ന് പരിശീലിക്കുന്ന ഒരു സെഷൻ നിങ്ങളോടൊപ്പം ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമുക്ക് ഒരു ജിയു-ജിറ്റ്സു (ആയുധങ്ങളില്ലാതെ ശത്രുവിനെ നേരിടുന്ന ഒരു ജാപ്പനീസ് മാർഷ്യൽ ആർട്സ്)​ പരിശീലന സെഷൻ നടത്താം."- പ്രസിഡന്റ് പറഞ്ഞു.

പ്രസിഡന്റിന്റെ വാക്കുകൾ കേട്ട് സ്മിത് മച്ചാർ ചിരിച്ചുകൊണ്ട് അത് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണെന്ന് മറുപടി നൽകുകയും തുടർന്ന് ഇരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ആയോധനകലയുടെ ഒരു രൂപമായ ജിയു-ജിറ്റ്സു യുഎഇയുടെ ദേശീയ കായിക ഇനമാണ്.

സെപ്തംബർ 30ന് വിമാനത്തിലുണ്ടായ ആക്രമണത്തിനിടെ സഹപൈലറ്റ് കോടാലി ഉപയോഗിച്ച് ആക്രമിച്ചതിനെത്തുടർന്നാണ് മച്ചാറിന് ഗുരുതരമായി പരിക്കേറ്റത്. തലയിൽ മുറിവേറ്റിട്ടും 174 യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ധീരമായ ഇടപെടലിനെ ലോകരാജ്യങ്ങൾ ഒന്നടങ്കം പ്രശംസിച്ചിരുന്നു.

വിമാനം ഇസ്രയേലിന്റെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കാനിരിക്കെയാണ് 38 വയസ്സുകാരനായ സ്മിത് മച്ചാറിനെ സഹപൈലറ്റ് ഹമാം അൽ ഹമാമി കോക്പിറ്റിൽ വച്ച് പിന്നിൽനിന്ന് കോടാലി ഉപയോഗിച്ച് ആക്രമിച്ചത്. വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് ടെൽ അവീവിലെ ഒരു അംബരചുംബിയായ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറക്കി 2001 സെപ്തംബർ 11ലെ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം നടത്തുകയായിരുന്നു സഹപൈലറ്റിന്റെ ലക്ഷ്യമെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നുകൊണ്ടിരുന്നിട്ടും സ്മിത് മച്ചാർ യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്തു.

ആക്രമണത്തിൽ സ്മിത് മച്ചാറിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായി. കൈയ്ക്കും പരിക്കേറ്റു. തലയോട്ടിയിലെ അസ്ഥിയുടെ ഒരു ഭാഗം അകത്തേക്ക് തള്ളിനിൽക്കുന്ന ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിനുണ്ടായത്. സൗദി അറേബ്യയിൽ അടിയന്തര ചികിത്സയ്ക്ക് വിധേയനായ അദ്ദേഹത്തിന്റെ തലയോട്ടി ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുനർനിർമിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി യുഎഇയിലേക്ക് മാറ്റി. യുഎഇ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സ്മിത് മച്ചാറിന്റെ തലയുടെ പിൻഭാഗത്തുള്ള തുന്നലുകൾ വ്യക്തമായി കാണാമായിരുന്നു.

English Summary

Indian pilot Captain Smith Machar received the UAE's ‘First Class Order of Zayed II’ from the President for his bravery. He saved 174 lives on a Flydubai flight after his co-pilot severely injured him with an axe in the cockpit. The President acknowledged Machar's visible injuries during the ceremony.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAPTAIN SMIT MACHCHHAR, UAE PRESIDENT, INDIAN PILOT HONOURED, SAVES 174 LIVES, SHEIKH MOHAMED BIN ZAYED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360