SignIn
Kerala Kaumudi Online
Tuesday, 02 June 2026 7.19 PM IST

ഹാക്കർമാർ പൂട്ടാൻ നോക്കി, മാസ് പ്രതിരോധം തീർത്ത് സിബിഎസ്ഇ; റീ-ഇവാലുവേഷൻ പോർട്ടൽ സുരക്ഷിതം

READ ENGLISH VERSION
cbse-portal

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ ഔദ്യോഗിക പോർട്ടലിന് നേരെ വൻ സൈബർ ആക്രമണം. അപേക്ഷാ വിതരണം ആരംഭിച്ച ആദ്യ ദിനത്തിലാണ് പോർട്ടലിനെ തകർക്കാൻ ലക്ഷ്യമിട്ട് തുടർച്ചയായ സൈബർ ആക്രമണത്തിനുള്ള ശ്രമങ്ങൾ ഉണ്ടായതെന്ന് സിബിഎസ്‌സി വ്യക്തമാക്കി. പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുമുള്ള സൈറ്റിലാണ് ആക്രമണം. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്ന് സിബിഎസ്ഇ റീ-വാലുവേഷൻ പോർട്ടൽ ഉപയോഗിച്ചുകൊണ്ടിരുന്ന സമയത്തായിരുന്നു സേവനങ്ങൾ തടസപ്പെടുത്താൻ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ ആക്രമണം അഴിച്ചുവിട്ടതെന്ന് സിബിഎസ്ഇ പ്രസ്താവനയിൽ വ്യക്തമാക്കി.

എന്നാൽ പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിച്ചതിനാൽ സൈബർ ആക്രമണങ്ങളെ അതിജീവിച്ച് പോർട്ടൽ പൂർണമായും പ്രവർത്തനസജ്ജമായി തുടരുന്നതായി സിബിഎസ്‌സി അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണിക്ക് ലൈവ് ആയ പോർട്ടൽ യാതൊരുവിധ തടസങ്ങളുമില്ലാതെയാണ് വിദ്യാർത്ഥികൾക്കായി സേവനം നൽകിയത്.

സുരക്ഷാ വിഭാഗത്തിൽ നിന്നുള്ള വിവരങ്ങൾ സിബിഎസ്ഇ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെ പങ്കുവച്ചിട്ടുണ്ട്. കമ്പ്യൂട്ടർ ശൃംഖലകളെ നിശ്ചലമാക്കാൻ സൈബർ ക്രിമിനലുകൾ ഉപയോഗിക്കുന്ന വൻ തോതിലുള്ള 'ഡിനയൽ ഓഫ് സർവീസ്' ആക്രമണമാണ് പോർട്ടലിന് നേരെ ഉണ്ടായത്.

വെറും രണ്ട് മിനിട്ടിനുള്ളിൽ 1.5 മില്യൺ വ്യാജ ഹിറ്റുകളാണ് പോർട്ടലിലേക്ക് സൈബർ അക്രമികൾ ഒഴുക്കിയത്. ഇതിനുപുറമെ, സിബിഎസ്ഇ സിസ്റ്റത്തിൽ സൂക്ഷിച്ചിട്ടുള്ള പ്രധാനപ്പെട്ട ഫയലുകളിലേക്ക് അനധികൃതമായി കടന്നുകയറാൻ ഒരു ലക്ഷത്തിലധികം തവണ ശ്രമങ്ങൾ നടന്നു.


സൈബർ ആക്രമണങ്ങൾക്കിടയിലും ഭീമമായ ട്രാഫിക് കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ പോർട്ടലിന് സാധിച്ചു. ഒരേ സമയം എണ്ണായിരത്തിലധികം ഉപഭോക്താക്കളെ ഒരുമിച്ച് പിന്തുണയ്ക്കാൻ വെബ്‌സൈറ്റിന് കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി വരെയുള്ള കണക്കനുസരിച്ച് പതിനെണ്ണായിരത്തിലധികം വിദ്യാർത്ഥികൾ തങ്ങളുടെ പുനർമൂല്യനിർണയത്തിനുള്ള അപേക്ഷകൾ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞു.

വിദ്യാർത്ഥികളിൽ നിന്നുള്ള മുൻകാല പ്രതികരണങ്ങൾ കണക്കിലെടുത്ത് ഇത്തവണ പോർട്ടലിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ലോഗിൻ സെഷനിനുള്ള സമയപരിധി വർദ്ധിപ്പിച്ചതാണ് ഇതിൽ പ്രധാനം. ഇത് അപേക്ഷാ പ്രക്രിയ കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റി. കൂടാതെ, സൈബർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പോർട്ടൽ ലോഗിൻ ചെയ്യുന്നതിനായി തിരിച്ചറിയൽ കാർഡ് വെരിഫിക്കേഷൻ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങളും സിബിഎസ്ഇ നേരത്തെ തന്നെ ഏർപ്പെടുത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSC, LATESTNEWS, HACKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360