SignIn
Kerala Kaumudi Online
Monday, 29 June 2026 10.01 PM IST

26 അടി നീളമുള്ള തിമിംഗലക്കുട്ടി കരയ്‌ക്കടിഞ്ഞു, എത്തിയത് പതിനായിരം കിലോമീറ്ററുകൾ താണ്ടി

humpback-whale
കരയ്ക്കടിഞ്ഞ 26 അടി നീളമുള്ള കൂനൻ തിമിംഗലം

മുംബയ്: പാറക്കെട്ടുകൾക്കിടയിൽ ജീവനോടെ അടിഞ്ഞ 26 അടി നീളമുള്ള ഹമ്പ്ബാക്ക് ഇനത്തിൽപ്പെട്ട കുട്ടിത്തിമിംഗലം ചത്തു. മുംബയിലെ ബാദ്ര തീരത്തെ കടപ്പുറത്താണ് അടിഞ്ഞത്. മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാദ്ര വെർസോവ സീ ലിങ്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ശനിയാഴ്ച രാവിലെ തീരത്തോട് ചേർന്ന് തിമിംഗലത്തെ ആദ്യം കണ്ടത്.

പ്രാഥമിക പരിശോധനയിൽ തിമിംഗലത്തിന് ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ രക്ഷാപ്രവർത്തനം ആരംഭിച്ചത്. തിമിംഗലക്കുട്ടിയെ സുരക്ഷിതമായി താങ്ങിനിർത്തി ഉൾക്കടലിലേക്ക് തിരികെ വിടാനായിരുന്നു ആദ്യ ശ്രമം. എന്നാൽ യാതൊരു ചലനങ്ങളും ഉണ്ടാകാതിരുന്നതിനെ തുടർന്ന് വനപാലകരും മത്സ്യത്തൊഴിലാളികളും ചേർന്ന് നടത്തിയ പരിശോധനയിൽ തിമിംഗലം ചത്തതായി സ്ഥിരീകരിക്കുകയായിരുന്നു.


മുതിർന്ന ഹമ്പ്ബാക്ക് തിമിംഗലങ്ങൾ സാധാരണയായി 50 മുതൽ 60 അടി വരെ നീളത്തിൽ വളരാറുണ്ടെന്നാണ് നിഗമനം. ഇവയിൽ 26 അടി നീളമുള്ള കുട്ടിത്തിമിംഗലമാണ് ബാൻഡ്രാ തീരത്ത് അടിഞ്ഞത്. കടലിലെ ഇവയുടെ അഭ്യാസപ്രകടനങ്ങളും പ്രത്യേകതരം ശബ്ദങ്ങളും ഏറെ ശ്രദ്ധേയമാണ്. തണുപ്പുകൂടിയ സമുദ്ര മേഖലകളിൽ നിന്ന് പ്രജനനത്തിനായി ചൂട് കൂടുതലുള്ള കടലുകളിലേക്ക് വർഷതോറും ഇവ പതിനായിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി എത്താറുണ്ട്. മുംബയ് തീരങ്ങളിൽ ഇത്തരം തിമിംഗലങ്ങളെ കാണുന്നത് അപൂർവ്വമാണ്. എങ്കിലും ഇവയുടെ കുടിയേറ്റ പാതയിൽ അറേബ്യൻ കടലും ഉൾപ്പെടുന്നുണ്ടെന്ന് സമുദ്ര ഗവേഷകർ പറയുന്നു.

അമ്മ തിമിംഗലത്തിൽ നിന്നും വേർപെട്ടുപോവുക, അസുഖങ്ങളോ മറ്റ് പരിക്കുകളോ ബാധിക്കുക, ശക്തമായ കടൽക്ഷോഭത്തിലും അടിയൊഴുക്കുകളിലും പെട്ട് ദിശ തെറ്റുക, കടലിനടിയിലെ അമിതമായ ശബ്ദമലിനീകരണം തുടങ്ങിയ കാരണങ്ങളാലാകാം തിമിംഗലക്കുട്ടി ബാദ്രാ തീരത്ത് അടിഞ്ഞതെന്നാണ് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HUMPACK WHALE, BANDRA, MUMBAI, SEA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360