SignIn
Kerala Kaumudi Online
Sunday, 26 July 2026 2.49 AM IST

പാളിപ്പോയ ചാണക്യ തന്ത്രം

1

2014ൽ കേന്ദ്രത്തിൽ അധികാരമേറ്റപ്പോൾ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യധാരാ മാദ്ധ്യമങ്ങളെ ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സർക്കാർ നയങ്ങൾക്ക് പ്രചാരണം നൽകാൻ ആഗ്രഹിച്ചത്. യുവാക്കൾ രാജ്യത്തിന്റെ ശക്തിയാണെന്ന് അഭിമാനത്തോടെ പറഞ്ഞ അദ്ദേഹം അവർക്കായുള്ള നയങ്ങളും പദ്ധതികളും പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ ചോദ്യപേപ്പർ ചോർച്ചയുടെ പേരിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട്, രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ സമരം ഈ രണ്ട് ഘടകങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.

തിരഞ്ഞെടുപ്പ് ജയവും പാർലമെന്റിലെ ശക്തിയും പരമ്പരാഗത രാഷ്‌ട്രീയ ചാണക്യ തന്ത്രങ്ങളുമായി പ്രതിപക്ഷ പാർട്ടികളെ നേരിടുന്ന ലാഘവത്തിൽ രാജ്യമെങ്ങും അലയടിച്ച പ്രതിഷേധസമരത്തെ ഒതുക്കാൻ ശ്രമിച്ചപ്പോൾ സർക്കാർ പരാജയപ്പെട്ടതും ഈ രണ്ട് ഘടകങ്ങൾ കാരണമാണ്. വിദ്യാർത്ഥികളുടെ സമരം കോൺഗ്രസ് ഏറ്റെടുക്കുകയും അത് പാർലമെന്റിലെത്തുകയും ചെയ്‌തെങ്കിലും കേന്ദ്ര സർക്കാരിനെ വെള്ളം കുടിപ്പിച്ചത് തെരുവിലിറങ്ങി, ഫുട്പാത്തിലുറങ്ങി യുവാക്കൾ നടത്തിയ സമരത്തിന്റെ വീര്യമാണ്. പ്രതിപക്ഷം മുതലെടുപ്പ് നടത്താതിരിക്കാൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടക്കത്തിൽ കണ്ടില്ലെന്നു നടിക്കുകയും ചെയ്തു.

കൊടിയുടെ നിറമോ, പാർട്ടി ആദർശമോ പരിഗണിക്കാതെ ഡൽഹി ജന്ദർമന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സംഘടിപ്പിച്ച സമരത്തിന് അവർ പോലും പ്രതീക്ഷിക്കാത്ത വിധത്തിലാണ് രാജ്യമെങ്ങും പിന്തുണ അലയടിച്ചെത്തിയത്. ജന്തർമന്ദറിലെ സമരത്തെ ഇന്റർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചും നേരിടാൻ ശ്രമിച്ചപ്പോൾ വിദ്യാർത്ഥികൾ ഉയർത്തിയ മുദ്രാവാക്യം സമൂഹമാദ്ധ്യമങ്ങൾ വഴി രാജ്യം ഏറ്റെടുത്തത് അതിവേഗത്തിലായിരുന്നു.

സർക്കാർ അഭിമാനം കൊണ്ട സമൂഹമാദ്ധ്യമങ്ങൾ അങ്ങനെ തിരിഞ്ഞു കൊത്തി. സമരം ജന്തർമന്ദറിൽ ഒതുങ്ങിയില്ല. സാമ്പത്തിക തലസ്ഥാനമായ മുംബയിലും ബി.ജെ.പി ഭരിക്കുന്ന ബീഹാറിലും ജാർഖണ്ഡിലും മദ്ധ്യപ്രദേശിലുമെല്ലാം അലയൊലികൾ ദൃശ്യമായി. യുവാക്കൾ തെരുവിലിറങ്ങി. പൊലീസിന്റെ ലാത്തിയടികൾക്ക് അവരുടെ വീര്യത്തെ തളർത്താനായില്ല.

പിഴവായി പൊലീസ് നടപടി

കോക്രോച്ച് പാർട്ടി ആഹ്വാനം ചെയ്‌ത സമരത്തിന് തുടക്കം മുതൽ ജനശ്രദ്ധ ലഭിച്ചിരുന്നെങ്കിലും അത് ക്ളിക്ക് ആയത് ജൂലായ് 20ന്റെ പാർലമെന്റ് മാർച്ചിലൂടെ. മാർച്ചിനെ പൊലീസിനെ ഉപയോഗിച്ച് നേരിടാനുള്ള സർക്കാർ തീരുമാനം വൻപിഴവായി. അന്നു നടന്ന ലാത്തിചാർജ്ജാണ് വിദ്യാർത്ഥി സമരത്തിന് രാജ്യമെമ്പാടും പെട്ടെന്ന് ജനപിന്തുണ വർദ്ധിപ്പിച്ചത്. ഡൽഹിയിൽ വിദ്യാർത്ഥികൾ തല്ലുകൊണ്ടത് തങ്ങൾക്കു വേണ്ടിയാണെന്ന ബോദ്ധ്യത്തിൽ രാജ്യമെങ്ങും വൻതരംഗമായി അതു പടർന്നു. പാർലമെന്റിലും പുറത്തും പ്രതിപക്ഷവും അത് ഏറ്റെടുത്തു.

ജൂലായ് 20നുള്ള സമരത്തിന് തലേന്നു തന്നെ കുട്ടികൾ രക്ഷിതാക്കൾക്കൊപ്പം സമരവേദിയിൽ എത്തിയിരുന്നു. ജന്തർമന്ദറിന് ചുറ്റുമുള്ള റോഡുകളിലും അവർ തമ്പടിച്ചു. അടുത്ത ദിവസം മാർച്ച് തുടങ്ങുമ്പോൾ തടയാനുള്ള പദ്ധതികൾ മാത്രമാണ് പൊലീസ് തയ്യാറാക്കിയത്. അങ്ങനെയാണ് ഏറ്റവും വലിയ സുരക്ഷയുള്ള പാർലമെന്റിന് മുന്നിലേക്ക് വിദ്യാർത്ഥികൾ ഇരച്ചെത്തിയത്.

അബദ്ധം മനസിലാക്കിയ സർക്കാർ തുടർന്നുള്ള ദിവസങ്ങളിൽ സ്‌മാർട്ട് ഫോണുകളില്ലാതെ വിദ്യാർത്ഥികൾക്ക് തുടരാനാകില്ലെന്ന് കരുതി ഇന്റർനെറ്റ് വിച്ഛേദിച്ചു. അവരുടെ വരവ് തടയാൻ ഡൽഹിയുടെ ജീവനാഡിയായ മെട്രോ ട്രെയിൻ സ്റ്റേഷനുകൾ അടച്ചിട്ടു. അത് നൂറുകണക്കിന് ജീവനക്കാർക്കും സാധാരണക്കാർക്കും സൃഷ്ടിച്ച ബുദ്ധിമുട്ട് ചില്ലറയായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളെ നേരിടാൻ ആയിരക്കണക്കിന് പൊലീസുകാരാണ് ജന്തർ മന്ദർ, സി.പി, പാർലമെന്റ് പരിസരങ്ങളിൽ രാവിലെ മുതൽ വെയിലും മഴയും കൊണ്ടത്. ഡ്യൂട്ടിക്ക് നിന്ന പൊലീസുകാരും ഒടുവിൽ സമരത്തിന് പിന്തുണ നൽകുന്ന കാഴ്ച കാണാനായി.

സമരത്തിന്റെ ശക്തി

ബി.ജെ.പിയും കേന്ദ്രസർക്കാരും മുൻകാല പ്രതിഷേധങ്ങളെ നേരിട്ട പരമ്പരാഗത രീതി യുവാക്കളുടെ സമരത്തെ നിർവീര്യമാക്കാൻ യോജിച്ചതല്ലായിരുന്നു. പ്രതിഷേധത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യൽ, വർഗീയ ധ്രുവീകരണം ആരോപിക്കൽ, നേതൃത്വത്തെ ആക്രമിക്കൽ, സഖ്യം പിളർത്തൽ, സമരത്തെ ക്ഷീണിപ്പിക്കൽ തുടങ്ങിയ തന്ത്രങ്ങളുമായാണ് മുമ്പ് കർഷക സമരത്തെയും പൗരത്വ ഭേദഗതി സമരത്തെയുമൊക്കെ നേരിട്ടത്.

ധർമേന്ദ്ര പ്രധാന്റെ രാജി വൈകിപ്പിച്ചെങ്കിലും യുവാക്കളുടെ സമരവീര്യത്തെ തളർത്താൻ കഴിഞ്ഞില്ല. ഒരു വ്യവസ്ഥാപിത ചട്ടക്കൂട്ടിൽ ഒതുങ്ങാതെ, പ്രത്യേക ആദർശങ്ങളില്ലാതെ, രോഷവും വീര്യവുമായി നീങ്ങിയ കൂട്ടായ്‌മയ്‌ക്ക് മുന്നിൽ പരമ്പരാഗത രാഷ്ട്രീയ കരുനീക്കങ്ങൾ അപ്രസക്തമായി. രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും പതിവില്ലാത്ത വിധം ആക്രമണാത്‌മകമായതും സർക്കാരിന് വെല്ലുവിളിയുയർത്തി. പാർലമെന്റിനുള്ളിലും പുറത്തും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾ കോൺഗ്രസ് പാർട്ടിക്ക് വരും നാളുകളിലും ആത്മവിശ്വാസം നൽകുന്നവയാണ്.

പ്രധാനമന്ത്രിയുടെ ഇടപെടൽ

ലഡാക്കിലെ സമരപോരാളി സോനം വാങ്‌ചുക്ക് നിലപാട് മയപ്പെടുത്തി ഡൽഹിയിലെ നിരാഹാരം അവസാനിപ്പിച്ചപ്പോഴും പ്രതിഷേധക്കാർ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യം സജീവമായി നിലനിറുത്തി. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങി നടത്തിയ ഇടപെടലുകളും നീക്കങ്ങളുമാണ് പ്രശ്‌നപരിഹാരത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇറക്കിയ വീഡിയോ സന്ദേശത്തിലൂടെ വിദ്യാർത്ഥികളുമായി നേരിട്ട് സംവദിച്ച പ്രധാനമന്ത്രി ഭാവിയിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടാകാതിരിക്കാനുള്ള കർശനമായ നിയമത്തിന് രൂപം നൽകുന്ന വിവരം അറിയിച്ചു.

പ്രതിഷേധം അവസാനിക്കില്ലെന്ന് വ്യക്തമായതോടെ ധർമേന്ദ്ര പ്രധാന്റെ രാജി വാങ്ങി സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തു. ഇക്കാര്യത്തിൽ ആർ.എസ്.എസിന്റെ സമ്മർദ്ദവും ഉണ്ടായിരുന്നു. പ്രധാന്റെ രാജി വൈകിയിരുന്നെങ്കിൽ രാജ്യത്തിന്റെ ഭാവി വാഗ്ദാനങ്ങളായ യുവാക്കളെ തെരുവിലിറക്കിയതിന്റെ ഉത്തരവാദിത്വം ഒടുവിൽ സർക്കാരിന് ഏറ്റെടുക്കേണ്ടി വരുമായിരുന്നു. അടുത്ത ഘട്ടമായി കോക്രോച്ച് പാർട്ടിയും പ്രതിപക്ഷ പാർട്ടികളും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടാനിരുന്നതാണ്.

മുന്നിലുള്ള വെല്ലുവിളി

ധർമേന്ദ്ര പ്രധാന്റെ രാജിയോടെ സമരത്തിന് തിരശീല വീണെങ്കിലും യുവാക്കളുടെ നിരാശ മാറ്റുകയെന്നതാണ് കേന്ദ്ര സർക്കാരിന് മുന്നിലുള്ള വലിയ വെല്ലുവിളി. ഇതിൽ പ്രധാനം രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്‌മയാണ്. മത്സരപ്പരീക്ഷകളെ ചൊല്ലിയുള്ള സമരത്തിന് ഇത്രയും പിന്തുണ ലഭിക്കാൻ തൊഴിലില്ലായ്‌മ കാരണമായതായി പറയുന്നുണ്ട്.

സി.ജെ.പിയുടെ ഭാവി

മുമ്പ് കേന്ദ്ര സർക്കാരിന് തലവേദനായ കർഷകസമരവും പൗരത്വ നിയമ പ്രതിഷേധവും ഗുജറാത്തിലെ പട്ടീദാർ സമരവുമെല്ലാം വീണ്ടും തിരിച്ചു വരാത്ത വിധത്തിലാണ് പരിഹരിക്കപ്പെട്ടത്. പട്ടീദാർ സമരനേതാവ് ഹാർദിക് പട്ടേൽ പിന്നീട് ബി.ജെ.പിയിലെത്തി. പിന്നീട് നടത്താൻ പദ്ധതിയിട്ട കർഷക സമരങ്ങളും മുളയിലേ നുള്ളാൻ സർക്കാരിന് കഴിഞ്ഞു. കോക്രോച്ച് പാർട്ടിയെ തളയ്‌ക്കാനും ഇതിന് സമാനമായ നീക്കങ്ങളുണ്ടാകാം.

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ സർക്കാരിന് ഏറ്റവും വലിയ വെല്ലുവിളി ആകുമെന്ന് കരുതിയിരുന്ന അയോദ്ധ്യാ സംഭാവന കൊള്ള ആരോപണം ചോദ്യപേപ്പർ പ്രതിഷേധങ്ങളുടെ പേരിൽ മുങ്ങിയിരുന്നു. വിഷയം അടുത്തയാഴ്‌ച മുതൽ പ്രതിപക്ഷം ഉന്നയിക്കുമെങ്കിലും സുപ്രീംകോടതി കേസ് ചൂണ്ടിക്കാട്ടി സർക്കാരിന് പിടിച്ചു നിൽക്കാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360