
ലണ്ടൻ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ ബിർക്ക്ബെക്ക് കോളേജിലെ പ്രഭാഷണ പരിപാടിക്കിടെയുണ്ടായ സദസിന്റെ അപമര്യാദയായ പെരുമാറ്റം അപമാനകരണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ. 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമങ്ങളും' എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് സംസാരിക്കുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ചീഫ് ജസ്റ്റിസ് സംസാരിക്കുന്നതിനിടെ ഇന്ത്യയിലെ ജനാധിപത്യത്തെയും വിയോജിപ്പുകളെയും കുറിച്ച് ചോദ്യം ഉന്നയിക്കാൻ സദസിലുണ്ടായിരുന്ന ഒരാൾ ശ്രമിച്ചു. ചർച്ചയുടെ വിഷയം പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്ലിറജൻസുമായി (എഐ) ബന്ധപ്പെട്ടതായതുകൊണ്ട് തന്നെ ഇന്ത്യയിലെ ജനാധിപത്യ റെക്കോർഡിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അനുവദിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി സംഘാടകർ ഇടപെടുകയും ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചയാളെ തടയുകയുമായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഔദ്യോഗിക പ്രതികരണവുമായി ഹൈക്കമ്മീഷൻ രംഗത്തെത്തിയത്. പൊതുവേദികളിലെ മാന്യമായ ചർച്ചകൾക്ക് ചേരാത്ത ഇത്തരം പെരുമാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ അറിയിച്ചു. ജനാധിപത്യ സമൂഹത്തിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അവ പ്രകടിപ്പിക്കേണ്ടത് സിവിൽ നിയമങ്ങൾക്കും പരസ്പര ബഹുമാനത്തിനും വിധേയമായിട്ടായിരിക്കണമെന്നും ഹൈക്കമ്മീഷൻ ഓർമ്മിപ്പിച്ചു.
സാങ്കേതികവിദ്യ, നിയമം, ആഗോള ഭരണം എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ആറുദിവസത്തെ സന്ദർശനത്തിനായാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുകെയിൽ എത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |