ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന ബദരീനാഥ് ക്ഷേത്രത്തിലും സംഭാവനതട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഈ മാസം ആദ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറകൾ മാറ്റി സ്ഥാപിച്ചതായി കണ്ടെത്തൽ. ക്ഷേത്രപരിസരത്ത് സ്ഥാപിച്ചിരുന്ന 32 ക്യാമറകളാണ് മാറ്റിസ്ഥാപിച്ചതായി കണ്ടെത്തിയത്. ബദരീനാഥ് ക്ഷേത്രത്തിൽ ലഭിക്കുന്ന സംഭാവനയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണവുമായി ഭൈരവ് സേന രംഗത്തെത്തിയതിന് പിന്നാലെയാണ് നിർണായക വിവരം പുറത്തുവരുന്നത്.
അതേസമയം, പുതിയ ക്യാമറകൾ സ്ഥാപിക്കുന്നത് ഒരു പതിവ് പ്രക്രിയയാണെന്ന് ബദരീനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് പറഞ്ഞു. സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് ബികെടിസി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവ് നൽകിയതിന് പിന്നാലെയാണ് ക്യാമറ മാറ്റിയത് ശ്രദ്ധയിൽപ്പെട്ടത്. ഒരാൾ സംഭാവനയായി മെച്ചപ്പെട്ട ക്യാമറകൾ തന്നതിനാലാണ് അവ മാറ്റിസ്ഥാപിച്ചതെന്നാണ് ബികെടിസിയുടെ വാദം. പഴയ ക്യാമറകളിലെ ദൃശ്യങ്ങൾ സുരക്ഷിതമാണെന്നും അന്വേഷണത്തിനായി അവ ലഭ്യമാക്കുമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി.
മുമ്പത്തെ സിസിടിവി ദൃശ്യങ്ങൾ ഡിവിആർ സിസ്റ്റത്തിൽ പൂർണമായും സൂക്ഷിച്ചിട്ടുണ്ട്. ആരോപണങ്ങളിൽ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണത്തിന് ബികെടിസി ചെയർമാൻ ഹേമന്ത് ദ്വിവേദി ഉത്തരവിട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും സോഹൻ സിംഗ് രംഗദ് പറഞ്ഞു. അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾ ശക്തമായതോടെ ചെയർമാൻ ഹേമന്ത് ദ്വിവേദിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് നൗട്ടിയാൽ ഉൾപ്പെടെയുള്ളവരെ ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് ബികെടിസി മാറ്റി നിർത്തി. ക്ഷേത്രത്തിൽ സംഭാവനയായി ലഭിക്കുന്ന പണം അപഹരിക്കപ്പെടുന്നുവെന്ന കടുത്ത ആരോപണങ്ങളാണ് ഭൈരവ് സേന ഉന്നയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |