പാട്‌ന: പോത്തിന്റെ ഉടമസ്ഥാവകാശത്തർക്കത്തിന് പരിഹാരം കാണാനായി ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പൊലീസ്. ബീഹാറിലെ ഗയയിലാണ് സംഭവം. ഐജി വികാസ് വൈഭവാണ് പോത്തിന്റെ ഡിഎൻഎ പരിശോധന നടത്താനുള്ള നിർദേശം നൽകിയത്.
സെഉതാർ ഗ്രാമത്തിലെ സൂരജ് യാദവും നൗറംഗ ഗ്രാമത്തിലെ പ്രകാശ് മാഞ്ചിയും തമ്മിലാണ് തർക്കം. തന്റെ പോത്തിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സൂരജ് യാദവ് അത്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പിന്നീട് പോത്ത് പ്രകാശ് മാഞ്ചിയുടെ വീട്ടിലുണ്ടെന്ന് സൂരജ് കണ്ടെത്തി. പോത്തിനെ തിരികെ കൊണ്ടുപോകാൻ സൂരജ് ശ്രമിച്ചതോടെ ഇരുകൂട്ടരും തമ്മിൽ തർക്കമായി. തുടർന്ന് പ്രകാശ് മാഞ്ചി പൊലീസിൽ പരാതി നൽകി. ഇതോടെ സൂരജ് യാദവിനോട് പോത്തുമായി പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി. പോത്തിനെ രണ്ടു ദിവസം പൊലീസ് സ്റ്റേഷൻ പരിസരത്ത് പാർപ്പിച്ചു.
ഇതിനിടെ സൂരജിന്റെ അനുയായികൾ പൊലീസ് സ്റ്റേഷനുമുന്നിലെത്തി പ്രതിഷേധിക്കാൻ തുടങ്ങി. പോത്തിനെ സൂരജിന് കൈമാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോത്തിന്റെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. മറ്റൊരു ഗ്രാമവാസിയുടെ വീട്ടിലാണ് അമ്മയെ വളർത്തുന്നത്. രണ്ട് മൃഗങ്ങളുടെയും ഡിഎൻഎ സാമ്പിളുകൾ പരിശോധിച്ച് ബന്ധം ഉറപ്പിക്കുന്നതിലൂടെ പോത്തിന്റെ യഥാർത്ഥ ഉടമ ആരെന്ന് കണ്ടെത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റൂറൽ എസ് പി ദിവ്യാഞ്ജലി ജയ്‌സ്വാളിനും ഗയ മജിസ്‌ട്രേറ്റ് നിർദേശം നൽകിയിട്ടുണ്ട്.
Bihar Police have ordered a DNA test to settle a dispute over a buffalo’s ownership in Gaya. The animal’s DNA will be compared with its mother’s to determine its rightful owner.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |