SignIn
Kerala Kaumudi Online
Thursday, 23 July 2026 8.14 AM IST

ബിറ്റ്‌കോയിൻ അഴിമതി; ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ 100 കോടി മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

READ ENGLISH VERSION
raj-kundra

ന്യൂഡൽഹി: ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കണ്ടുകെട്ടി. ബിറ്റ്‌കോയിൻ പോൺസി അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. നിലവിൽ ശിൽപയുടെ പേരിൽ രജിസ്റ്റ‌ർ ചെയ്തിട്ടുള്ള ജൂഹുവിലെ ഫ്ളാറ്റ്, പൂനെയിലെ ബംഗ്ളാവ്, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഷെയറുകൾ എന്നിവയും ഇഡി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. എന്നാൽ അഴിമതിയിൽ പങ്കില്ലെന്നാണ് രാജ് കുന്ദ്രയും ശിൽപയും പറയുന്നത്.


അഴിമതിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര, ശിൽപ ഷെട്ടി എന്നിവ‌ർക്കെതിരെ പ്രഥമദൃഷ്ട്യാ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അവരുടെ അഭിഭാഷകനായ പ്രശാന്ത് പാട്ടീൽ വ്യക്തമാക്കി. ഇഡിക്ക് മുമ്പാകെ എത്തുമ്പോൾ അന്വേഷണ ഏജൻസി തന്നെ തങ്ങൾക്ക് നീതി നൽകുമെന്ന് വിശ്വസിക്കുന്നു. നീതിയുക്തമായ അന്വേഷണത്തിൽ വിശ്വസിക്കുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

പണം നിക്ഷേപിക്കാതെ തന്നെ വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പാണ് പോൺസി പദ്ധതി. കൂടുതൽ ആളുകളെ തട്ടിപ്പിലേയ്ക്ക് എത്തിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തിൽ പണം നിക്ഷേപിക്കാതെ തന്നെ ആളുകളെ പദ്ധതിയിലേയ്ക്ക് എത്തിച്ചതിനുശേഷം ആദ്യ നിക്ഷേപകർക്ക് ലാഭം നൽകുകയാണ് ചെയ്യുന്നത്.

ഗെയിൻ ബിറ്റ്‌കോയിൻ എന്ന പോൺസി അഴിമതിയുടെ ബുദ്ധികേന്ദ്രമായ അമിത് ഭരദ്വാജ് രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്‌കോയിനുകൾ നൽകിയതായി ഇഡി കണ്ടെത്തിയിരുന്നു. യുക്രെയിനിൽ ഒരു ബിറ്റ്‌കോയിൻ ഖനന ഫാം രൂപീകരിക്കാൻ ഈ ബിറ്റ്‌കോയിനുകൾ ഉപയോഗിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കരാർ യാഥാർത്ഥ്യമാകാത്തതിനാൽ 150 കോടിയിലധികം മൂല്യമുള്ള ബിറ്റ്‌കോയിനുകൾ കുന്ദ്രയുടെ കൈവശമായെന്നും ഇഡി പറയുന്നു. പോണോഗ്രഫി ചിത്രങ്ങൾ നിർമിച്ചതിന് 2021ൽ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. പിന്നീട് ഈ കേസിൽ സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, RAJ KUNDRA, SHILPA SHETTY, ED, BITCOIN SCAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360