ന്യൂഡൽഹി: നീറ്റ്പരീക്ഷാ ക്രമക്കേടിനെതിരായ കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രതിഷേധം കടുക്കുന്നതിനിടെ ഡൽഹിയിൽ കൂടുതൽ സേനയെ വിന്യസിച്ചു. 30 കമ്പനി കേന്ദ്രസേനയെ ഡൽഹിയിലേക്ക് അധികമായി വിന്യസിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാർഗമാണ് സൈന്യത്തെ എത്തിച്ചത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 27 വരെ അധിക സേനയെ ഡൽഹിയിൽ വിന്യസിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിടുകയായിരുന്നു. ആകെ 30 കമ്പനിയിൽ 18 കമ്പനി സിആർപിഎഫിന്റേതും ആറ് കമ്പനി ആർഎഎഫിന്റേതും മൂന്ന് കമ്പനി അതിർത്തി സുരക്ഷാ സേനയുടെതും ( ബിഎസ്എഫും )ഒരു കമ്പനി ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസിന്റെയും രണ്ട് കമ്പനി എസ്എസ്ബിയുമാണ്. നഗരത്തിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാർലമെന്റ്, പ്രധാന സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അധിക സുരക്ഷ ഏർപ്പെടുത്തി. നഗരത്തിൽ പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചു.
പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പ്രവഹിച്ചതോടെ 17 പ്രധാന മെട്രോ സ്‌റ്റേഷനുകൾ അടച്ചും റോഡുകൾ അടച്ചും പ്രതിരോധം തീർക്കാൻ സർക്കാർ ശ്രമം. വൈകുന്നേരമാണ് മെട്രോ സ്റ്റേഷനുകൾ തുറന്നത്. രാത്രി ഒൻപതിനുശേഷം സർസദ് മാർഗിൽ പ്രക്ഷോഭകരുമായി സംഘർഷമുണ്ടായി. പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചു.
ജന്ദർമന്ദറിലെ സമരവേദിയിൽ എത്തുന്നത് തടയാൻ രാജീവ് ചൗക്ക്, ലോക് കല്യാൺ മാർഗ്, സെൻട്രൽ സെക്രട്ടേറിയറ്റ്, ഐ.ടി.ഒ, തുടങ്ങി നഗരത്തിലെ അതിപ്രധാന 16 മെട്രോ സ്‌റ്റേഷനുകളാണ് അടച്ചത്. പാർലമെന്റിന് സമീപത്തെ റോഡുകൾ അടച്ച് ബസ് സർവീസുകൾ വഴിതിരിച്ചു വിട്ടു. ഇത് നഗരത്തിൽ വൻ ഗതാഗതക്കുരുക്കുണ്ടാക്കി. സമരത്തിനായി രൂപീകരിച്ച വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ മരവിപ്പിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ പ്രവർത്തനവും നിയന്ത്രിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പിന്നോട്ടില്ലെന്ന് സിജെപി അദ്ധ്യക്ഷൻ അഭിജിത് ദീപ്‌കെ വ്യക്തമാക്കി.
Amid escalating protests by the Cockroach Janata Party (CJP) over the alleged NEET examination irregularities, the Central Government has strengthened security in New Delhi by deploying 30 additional companies of Central Armed Police Forces (CAPF).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |