മുംബയ്: ആവശ്യക്കാർക്ക് മിനിറ്റുകൾക്കുള്ളിൽ സാധനം എത്തിക്കുന്ന ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിന്റെ നിയന്ത്രണത്തിലുള്ള ബ്ലിങ്ക് കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഭക്ഷ്യലൈസൻസ് റദ്ദാക്കി. മഹാരാഷ്‌ട്ര ഫുഡ് ആന്റ് ഡ്രഡ് അഡ്‌മിനിസ്‌ട്രേഷൻ (എഫ്‌ഡിഎ) ആണ് ലൈസൻസ് റദ്ദാക്കിയത്. മുംബയ് മലാഡ് വെസ്റ്റിൽ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റിന്റെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ വീഴ്‌ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
സ്ഥാപനത്തിലെ ഗോഡൗണിൽ വലിയ തോതിൽ പാറ്റകളുടെ സാന്നിദ്ധ്യം കണ്ടെത്തി. ഭക്ഷ്യവസ്‌തുക്കൾ തുരുമ്പെടുത്ത റാക്കുകളിലാണ് സൂക്ഷിച്ചിരുന്നത്. ശുചിത്വവും ശരിയായ രീതിയിൽ പാലിച്ചിരുന്നില്ല. കോൾഡ് സ്റ്റോറേജ് മേഖലയിലും വൃത്തിഹീനമായ സാഹചര്യമായിരുന്നു. കാലാവധി കഴിഞ്ഞതും കേടായതുമായ ഭക്ഷ്യവസ്‌തുക്കളും ഇവിടെ സൂക്ഷിച്ചിരുന്നു. ചില ഉൽപ്പന്നങ്ങളിൽ കൃത്രിമത്വം കാട്ടിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായും അധികൃതർ അറിയിച്ചു. ഇതിനുപിന്നാലെയാണ് എഫ്‌ഡിഎ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്. വിഷയത്തിൽ ബ്ലിങ്കിറ്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ആമസോൺ റീട്ടെയിൽ ഇന്ത്യയുടെ ഭിവണ്ടിയിലെ ഗോഡൗണിലും നേരത്തെ എഫ്‌ഡിഎ പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിൽ ഇടപെട്ട മുംബയ് ഹൈക്കോടതി, ഗോഡൗണിലുള്ള കാലാവധി കഴിഞ്ഞതും നശിച്ചതുമായ എല്ലാ ഭക്ഷ്യവസ്‌തുക്കളും എഫ്‌ഡിഎയ്‌ക്ക് കൈമാറണമെന്ന് നിർദേശിച്ചു. ആക്‌ടിംഗ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘുഗെയും ജസ്റ്റിസ് ഗൗതം അൻഖാദും ഉൾപ്പെട്ട ബെഞ്ചാണ് നിർദേശം നൽകിയത്.
കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്‌തുക്കൾ നശിപ്പിക്കാതെ വിപണിയിലെത്തിച്ചെന്ന ആരോപണത്തെ തുടർന്നാണ് വിഭണ്ടിയിലെ ആമസോൺ ഗോഡൗണിനെതിരെ എഫ്‌ഡിഎ നടപടി സ്വീകരിച്ചത്. ഗോഡൗണിന്റെ ഭക്ഷ്യ ലൈസൻസും എഫ്‌ഡിഎ സസ്‌പെന്റ് ചെയ്‌തിരുന്നു. താൽക്കാലിക നടപടിയായി ഗോഡൗണിലുള്ള കാലാവധി കഴിഞ്ഞതും നശിച്ചതുമായ സാധനങ്ങളുടെ പട്ടിക തയ്യാറാക്കണം. ഈ സാധനങ്ങൾ നശിപ്പിക്കുന്നതിനുള്ള ചെലവ് ആമസോൺ റീട്ടെയിൽ വഹിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Blinkit’s food licence was suspended after the Maharashtra FDA found cockroaches, poor hygiene and expired food at its Malad facility. The Bombay High Court also directed Amazon to hand over expired food from its Bhiwandi warehouse to the FDA for disposal.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |