
ന്യൂഡൽഹി: സി.ജെ.പി പ്രക്ഷോഭം അവസാനിപ്പിച്ചതോടെ ഡൽഹി സാധാരണ നിലയിലേക്ക്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിവാർത്ത പുറത്തു വന്നതിനു പിന്നാലെ സെൻട്രൽ ഡൽഹിയിൽ ഇന്റർനെറ്റും അടച്ചിട്ട മെട്രോ സ്‌റ്റേഷനുകളും പുനഃസ്ഥാപിച്ചു. ജൂലായ് 20ന് സി.ജെ.പിയുടെ പാർലമെന്റ് മാർച്ചിന് നേർക്ക് പൊലീസ് നടപടിയുണ്ടായതിനു പിന്നാലെയാണ് സെൻട്രൽ ഡൽഹി ഭാഗത്ത് ഇന്റർനെറ്റ് വിച്‌ഛേദിച്ചത്.
വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പൊലീസ് നടപടി രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയതോടെ വിദ്യാർത്ഥികൾ സമരവേദിയിലേക്ക് എത്താതിരിക്കാൻ മെട്രോ സർവീസും നിയന്ത്രിച്ചു. ലോക് കല്യാൺ മാർഗ, രാജീവ് ചൗക്ക്, പട്ടേൽ ചൗക്ക്, സുപ്രീംകോടതി, സെൻട്രൽ സെക്രട്ടേറിയറ്റ്, ന്യൂഡൽഹി എന്നീ പ്രധാന സ്‌റ്റേഷനുകൾ അടക്കം 18 മെട്രോ സ്‌റ്റേഷനുകൾ അടച്ചു. കഴിഞ്ഞ നാലു ദിവസമായി ഇവ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു.
കൂടാതെ തിരക്കേറിയ കൊണാട്ട് പ്ലേസിലെ ഉൾപ്പടെ പ്രദേശത്തെ കടകളും നേരത്തെ അടയ്ക്കാൻ ഉത്തരവിട്ടിരുന്നു. സമരം അവസാനിച്ചതോടെ ഇവയെല്ലാം സാധാരണനിലയിക്കേ് എത്തി. ജന്തർ മന്ദറിൽ സി.ജെ.പി സ്ഥാപിച്ച സമരപ്പന്തലും പൊലീസ് പൊളിച്ചുനീക്കി. രാജിവാർത്തയ്ക്കു പിന്നാലെ പൊലീസ് സംഘം ഇതിനു തുനിഞ്ഞെങ്കിലും മറ്റാവശ്യങ്ങളിൽ തീരുമാനം അറിയാതെ പിരിഞ്ഞുപോകില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്.
പിന്നീട് കേന്ദ്രമന്ത്രിമാരുമായുള്ള ചർച്ചയ്ക്കു ശേഷം തങ്ങളുടെ ആവശ്യമെല്ലാം കേന്ദ്ര സർക്കാർ അംഗീകരിച്ചെന്നും ഇനി സമാധാനമായി പിരിഞ്ഞുപോകണമെന്നും അഭിജിത് ദീപ്‌കെ പ്രഖ്യാപിച്ചതോടെയാണ് വിദ്യാർത്ഥികൾ പിന്മാറിയത്. പിന്നാലെ പൊലീസ് സമരപ്പന്തൽ പൊളിച്ചുനീക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |