ചെന്നൈ: സംസ്ഥാനത്ത് ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് തമിഴ്നാട് സർക്കാർ. മേയ് 28ന് ബക്രീദിന് മുന്നോടിയായുള്ള ഹൈക്കോടതി ഉത്തരവ് 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം.
10 വയസിന് മുകളിൽ പ്രായമുള്ളതും പ്രജനനത്തിനും അനുയോജ്യമല്ലാത്തതുമായ പശുക്കളെ അറുക്കാൻ നിലവിലെ നിയമപ്രകാരം അനുമതിയുണ്ട്. എന്നാൽ ഹൈക്കോടതി ഇതിന്മേൽ ഏർപ്പെടുത്തിയ പൂർണ നിരോധനം നിയമപരമായ പരിധിക്കപ്പുറമുള്ളതാണെന്ന് സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടികാട്ടുന്നു.
ഹർജിക്കാരൻ ആവശ്യപ്പെട്ടത് കോയമ്പത്തൂരിൽ ബക്രീദ് ദിവസം പൊതുസ്ഥലങ്ങളിൽ മൃഗങ്ങളെ അറുക്കുന്നത് തടയാൻ മാത്രമായിരുന്നെന്നും എന്നാൽ മദ്രാസ് ഹൈക്കോടതി തമിഴ്നാട്ടിലുടനീളം ഗോവധം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയായിരുന്നെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോയമ്പത്തൂരിലെ പൊതുസ്ഥലങ്ങളിൽ ബക്രീദ് പ്രമാണിച്ച് പശുക്കളെ അറുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ സൂര്യ പ്രശാന്ത് നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് മേയ് 27ന് ഉത്തരവിട്ടത്.
അതേസമയം സംഭവത്തിന് പിന്നാലെ തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് മുറുകയാണ്. വിഷയത്തിൽ കോടതിയെ സമീപിക്കാൻ വൈകിയെന്ന് ആരോപിച്ച് ഡിഎംകെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിജയ് സക്കാരിനെതിരെ രംഗത്തെത്തി. എന്നാൽ നിയമവിദഗ്ധരുമായി ആലോചിക്കാൻ സമയം വേണ്ടിവന്നതിനാലാണ് വിഷയത്തിൽ ഇടപടാൻ വൈകിയതെന്നാണ് ടിവികെ സർക്കാരിന്റെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |