SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.51 AM IST

ആർത്തവ ശുചിത്വം പാലിക്കാനാകുന്നില്ല; മാനസിക ദൗർബല്യമുള്ള 23 കാരിയുടെ ഗർഭപാത്രം നീക്കാൻ കോടതി അനുമതി

court-order

ബംഗളൂരു: മാനസിക ദൗർബല്യം നേരിടുന്ന 23കാരിയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നൽകി കർണാടക ഹൈക്കോടതി. ആർത്തവസമയത്ത് ശുചിത്വം പാലിക്കാൻ കഴിയാത്തത് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് അനുകൂല വിധിയുണ്ടായത്.

രോഗിക്ക്‌ സ്വതന്ത്രമായി തീരമാനമെടുക്കാൻ കഴിയില്ലെന്ന്‌ വ്യക്തമായതുകൊണ്ടും യുവതിയുടെ ആരോഗ്യവും അന്തസും സംരക്ഷിക്കുന്നതിന് ശസ്‌ത്രക്രിയ അനിവാര്യമാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടും മാത്രമാണ് ശസ്‌ത്രക്രിയയ്‌ക്ക് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു വ്യക്തിക്ക് വൈകല്യമുണ്ട് എന്നതുകൊണ്ട് മാത്രം ഇത്തരം ശസ്‌ത്രക്രിയകൾ അനുവദിക്കപ്പെടുന്നതായി ഇതിനെ കാണരുതെന്നും കോടതി കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് മന:ശാസ്‌ത്രം, മാനസികാരോഗ്യം, ന്യൂറോളജി, ഗൈനക്കോളജി, റേഡിയോളജി, അനസ്‌തീഷ്യ തുടങ്ങിയ മേഖലകളിലെ വിദഗ്‌ദ്ധരെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപികരിച്ചിരുന്നു. യുവതിക്ക് 75 ശതമാനത്തിലധികം സ്ഥിരവൈകല്യമുണ്ടെന്നും ആർത്തവ ശുചിത്വം സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ആവർത്തിച്ചുള്ള അണുബാധകളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ടെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി. ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്.

ശസ്‌ത്രക്രിയയ്‌ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കാനും തുടർചികിത്സയും കൗൺസിലിംഗും പുനരധിവാസ സേവനങ്ങളും ഉറപ്പാക്കാനും ആശുപത്രി അധികൃതർക്ക് കോടതി നിർദേശം നൽകി. ബംഗൂളൂരുവിലെ വാണിവിലാസ് ആശുപത്രിയിൽ ശസ്‌ത്രക്രിയ നടത്താനാണ് കോടതി അനുമതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, KARNATAKA HIGH COURT, HIGHCOURT, COURT ORDER, HEALTHCARE, MEDICAL ETHICS, PATIENT CARE, HEALTH NEWS, JUDICIARY, LEGAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360