
ബംഗളൂരു: കർണാടകയിൽ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് മറ്റൊരു മുതിർന്ന നേതാവായ കെഎച്ച് മുനിയപ്പയും രംഗത്തെത്തി. ഇതോടെ ഡികെ ശിവകുമാർ മന്ത്രിസഭയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.
വകുപ്പ് വിഭജനത്തിൽ ഏറ്റവും സീനിയറായ തന്നെ അവഗണിച്ചെന്നാണ് മുനിയപ്പയുടെ ആരോപണം. ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് ആണ് മുനിയപ്പയ്ക്ക് നൽകിയിരുന്നത്. എന്നാൽ സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ് വേണമെന്ന ആവശ്യത്തിലാണ് മുനിയപ്പ. തന്റെ അതൃപ്തി കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി രാജിവച്ചിരുന്നു. ബംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാമലിംഗയുടെ രാജി. ഡികെ ശിവകുമാർ പുതിയ മന്ത്രിസഭ രൂപീകരിച്ച് രണ്ടാം ദിവസമാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. വാർത്താസമ്മേളനം വിളിച്ചുചേർത്ത ശേഷം ക്യാമറകൾക്ക് മുന്നിലായിരുന്നു രാമലിംഗ റെഡി തന്റെ രാജി പത്രത്തിൽ ഒപ്പുവച്ചത്.
മനസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ആകില്ലെന്നും എംഎൽഎ ആയും പാർട്ടി പ്രവർത്തകനായും തുടരുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് ഡി കെ ശിവകുമാർ വ്യക്തമായി പറഞ്ഞിരുന്നതായും എന്നാൽ മുഖ്യമന്ത്രിയായപ്പോൾ ആ വാഗ്ദാനം ലംഘിച്ചുവെന്നും അതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും റെഡ്ഡി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |