SignIn
Kerala Kaumudi Online
Thursday, 11 June 2026 6.12 PM IST

അടിമുടി പതറി തൃണമൂൽ: 'ഒന്നുകിൽ ഞാൻ അല്ലെങ്കിൽ അഭിഷേക്', മമതയ്ക്ക് വിശ്വസ്തന്റെ അന്ത്യശാസനം

tmc

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിയുടെ അനന്തരവനും പാർട്ടി ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കെതിരെ മുതിർന്ന നേതാവ് കല്യാൺ ബാനർജി എംപി രംഗത്തെത്തി. തന്നെയോ അതോ അഭിഷേക് ബാനർജിയെയോ ആരെയാണ് പാർട്ടിയിൽ നിലനിർത്തേണ്ടതെന്ന് മമത ബാനർജി തന്നെ തീരുമാനിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അഭിഷേക് ബാനർജിയില്ലാതെ പാർട്ടി മുന്നോട്ടുപോകില്ലെന്നാണ് കരുതുന്നതെങ്കിൽ താൻ പാർട്ടിയിൽ തുടരില്ലെന്നും മമതയുടെ വിശ്വസ്തൻ കൂട്ടിച്ചേർത്തു.

'അഭിഷേക് ബാനർജിയുടെ അഹങ്കാരവും മോശം പെരുമാറ്റവുമാണ് പാർട്ടിയെ തകർത്തത്. താൻ ഒരു രാജാവാണെന്നാണ് അഭിഷേക് വിചാരിക്കുന്നത്' -കല്യാൺ ബാനർജി വിമർശിച്ചു. താൻ എപ്പോഴും മമത ബാനർജിക്കൊപ്പമാണെന്ന് ആവർത്തിച്ച അദ്ദേഹം പാർട്ടിയുടെ മോശം സമയത്ത് പോലും നന്നായി പെരുമാറാത്ത അഭിഷേകിനെ മാറ്റണമെന്നും പാർട്ടി നേതൃത്വത്തിന് ഒരു തിരഞ്ഞെടുപ്പ് അത്യാവശ്യമാണെന്നും തുറന്നടിക്കുകയായിരുന്നു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ശ്രീറാംപുരിലെ എംപി കടുത്ത നിലപാട് പരസ്യമാക്കിയത്.

അഭിഷേക് ബാനർജിയുടെ ഈ മനോഭാവം കാരണം തനിക്ക് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും ഇത് വലിയ അപമാനമാണെന്നും കല്യാൺ വിമർശിച്ചു. പാർട്ടിയിലെ കൊഴിഞ്ഞുപോക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെയാണ് പുതിയ വിവാദം സജീവമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TMC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360