SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.50 PM IST

നാലംഗ കുടുംബത്തിന്റെ മരണത്തിൽ വൻ വഴിത്തിരിവ്; കാരണക്കാരൻ തണ്ണിമത്തനല്ല, ഫോറൻസിക് ഫലം പുറത്ത്

watermelon

മുംബയ്: ദക്ഷിണ മുംബയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മരണത്തിന് ഇടയാക്കിയത് തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിൽ മരണത്തിന് കാരണം എലി വിഷമാണെന്ന് കണ്ടെത്തി. എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ആന്തരികാവയവ സാമ്പിളുകളിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ വിഷബാധയുമായി ബന്ധപ്പെട്ട 'പച്ച നിറം' കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായത്.

45 കാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവർ മുംബയിലെ അവരുടെ വീട്ടിൽ ബന്ധുക്കൾക്ക് അത്താഴം ഒരുക്കിയിരുന്നു. മട്ടൻ പുലവാണ് അത്താഴത്തിന് വിളമ്പിയത്. ബന്ധുക്കൾ വീട്ടിൽ നിന്ന് പോയതിന് ശേഷം രാത്രി ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ നാല് പേർക്കും അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് മരണം സംഭവിച്ചു.

ഫോറൻസിക് പരിശോധനയിൽ നാലുപേരുടെയും മരണം മാരകമായ ഒരു എലിനാശിനി മൂലമാണെന്ന് കണ്ടെത്തി. എലിവിഷത്തിൽ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ സിങ്ക് ഫോസ്‌ഫൈറ്റിന്റെ അംശം ഇവരുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തി. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിൽ സിങ്ക് ഫോസ്‌ഫൈറ്റും കണ്ടെത്തി. പഴത്തിൽ രാസവസ്തുക്കൾ കലർന്നത് ആകസ്മികമാണോ അതോ മനഃപൂർവ്വം കുത്തിവച്ചതാണോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ഇവരുടെ മരണത്തിന്റെ കാരണം തണ്ണിമത്തനിലൂടെ ഏറ്റ ഭക്ഷ്യവിഷബാധയാണെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലിവിഷമാണ് മരണത്തിന് കാരണമെന്ന് ഇപ്പോൾ കണ്ടെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, FOOD, INDIA, MUMBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360