ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ വീണ്ടും പ്രതിഷേധം. ഇന്ത്യാ ഗേറ്റിലേക്ക് മാർച്ച് നടത്തിയ ആംആദ്മി പാർട്ടി പ്രവർത്തകരെ പൊലീസ് തടഞ്ഞു. എഎപി ഡൽഹി അദ്ധ്യക്ഷൻ സൗരഭ് ഭരദ്വാജിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. വനിതകളടക്കം നിരവധി പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു. ആംആദ്മി പ്രവർത്തകരെ അറസ്റ്റുചെയ്ത് നീക്കിയ ശേഷം ഐസയും എഐഎസ്എഫ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. ഇവരെയും അറസ്റ്റുചെയ്യാനുള്ള നീക്കം പൊലീസ് തുടരുകയാണ്.
പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുമ്പോൾ സ്ഥലത്ത് സംഘർഷാവസ്ഥയാണ് ഉണ്ടാകുന്നത്. പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പ്രവർത്തകർ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപം പ്രതിഷേധം തുടരുകയാണ്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് നീക്കുന്നതിനായി പൊലീസ് എത്തിച്ച ബസിന് മുകളിലും പ്രവർത്തകർ കയറി പ്രതിഷേധിച്ചു. ബസ് മുന്നോട്ടെടുക്കുന്നത് തടഞ്ഞ് സൗരഭ് ഭരദ്വാജ് വാഹനത്തിന് മുന്നിൽ നിലയുറപ്പിച്ചു. മറ്റ് വാഹനങ്ങൾക്ക് മുകളിലും കയറി പ്രവർത്തകർ പ്രതിഷേധം തുടരുന്നുണ്ട്.
പ്രതിഷേധത്തെ നേരിടാൻ പൊലീസ് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് എഎപി പ്രവർത്തകർ ഇന്ത്യാ ഗേറ്റിന് സമീപത്തേക്ക് എത്തിയത്. ജന്തർ മന്ദർ ഉൾപ്പെടെയുള്ള പ്രധാന പ്രതിഷേധ കേന്ദ്രങ്ങളിൽ പൊലീസ് നിയന്ത്രണം ശക്തമാക്കിയ സാഹചര്യത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രതിഷേധം സംഘടിപ്പിച്ചാണ് പ്രവർത്തകർ മുന്നോട്ട് പോകുന്നത്.
കഴിഞ്ഞ ദിവസവും ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നിരുന്നു. എഎപി നേതാക്കളും വിവിധ വിദ്യാർത്ഥി സംഘടനകളും ഉൾപ്പെടെ നൂറുകണക്കിന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എഎപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതിന് പിന്നാലെ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. എഐഎസ്എ ദേശീയ അദ്ധ്യക്ഷ നെഹാ ബോറയുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വരും ദിവസങ്ങളിലും സമരം തുടരുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഡൽഹിയിൽ കൂടുതൽ ശക്തമാകുന്ന സൂചനയാണ് തുടർച്ചയായ സമരങ്ങൾ നൽകുന്നത്. തെരഞ്ഞെടുപ്പ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും പ്രതിഷേധത്തിന് കാരണം.
Aam Aadmi Party workers protested in New Delhi, demanding Chief Election Commissioner Gyanesh Kumar's resignation. Led by Saurabh Bharadwaj, they marched towards India Gate, where police stopped them, leading to minor clashes. Protesters climbed police buses. The demonstrations concern "special extreme reform" in the electoral voter list and are intensifying across the city.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |