ബംഗളൂരു: ആഗോള ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കരുത്ത് തെളിയിച്ചുകൊണ്ട് ലോകത്തിലെ ആദ്യത്തെ ഒപ്‌റ്റോസാർ ഉപഗ്രഹമായ ‘മിഷൻ ദൃഷ്ടി’യുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായി. ബംഗളൂരു ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പായ ഗാലക്സ് ഐ ആണ് ഇക്കാര്യം അറിയിച്ചത്.
ശക്തമായ സൗര കൊടുങ്കാറ്റിനെ തുടർന്നാണ് ആശയവിനിമയ ബന്ധം നഷ്ടമായതെന്നാണ് വിവരം. ഉപഗ്രഹവുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും, അതിന് സാദ്ധ്യത വളരെ കുറവാണെന്നും കമ്പനി വ്യക്തമാക്കി.
സിന്തറ്റിക് അപ്പേർച്ചർ റഡാർ , മൾട്ടിസ്പെക്ട്രൽ ഇമേജിംഗ് എന്നിവയോട് കൂടിയ കാലാവസ്ഥാ വ്യത്യാസമില്ലാതെ പകലും രാത്രിയും ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ലോകത്തിലെ തന്നെ ആദ്യത്തെ ഒപ്റ്റോസാർ സാറ്റലൈറ്റാണ് ദൃഷ്ടി. കഴിഞ്ഞ മേയ് 3ന് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്ന് ഇലോൺ മസ്കിന്റെ സ്‌പേയ്സ് എക്സ് ഫാൽക്കൺ 9 റോക്കറ്റിലാണ് ദൃഷ്ടി വിജയകരമായി വിക്ഷേപിച്ചത്.
വിക്ഷേപണത്തിന് ശേഷം ഉപഗ്രഹം ഭ്രമണപഥത്തിൽ വിജയകരമായി എത്തിയിരുന്നു. ബംഗളൂരുവിലെ മിഷൻ കൺട്രോൾ സെന്ററുമായി കൃത്യമായ ആശയവിനിമയവും നടത്തി. എന്നാൽ അവസാന ഘട്ടത്തിൽ ബഹിരാകാശത്തുണ്ടായ അതിശക്തമായ സൗര കൊടുങ്കാറ്റ് വില്ലനാവുകയായിരുന്നു. ഇതോടെ ഉപഗ്രഹത്തിൽ നിന്നുള്ള സിഗ്നലുകൾ തടസപ്പെടുകയും പിന്നീട് പൂർണമായും ആശയവിനിമയം നഷ്ടപ്പെടുകയുമായിരുന്നു.
ദൗത്യം പൂർണമായും ലക്ഷ്യം കണ്ടില്ലെങ്കിലും ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഒട്ടനവധി നിർണായകമായ സാങ്കേതിക വിവരങ്ങളും പാഠങ്ങളും ലഭിച്ചതായി ഗാലക്സ് ഐ സി.ഇ.ഒ സുയാഷ് സിംഗ് പറഞ്ഞു. അതേസമയം, അടുത്ത രണ്ടുവർഷത്തിനുള്ളിൽ 300 കിലോഗ്രാം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ പദ്ധതിയിടുന്നതായും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |