ബംഗളൂരു: ഹെഡ്‌ലൈറ്റ് കേടായതിന് തുടർന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ സർവീസ് നടത്തി സർക്കാർ ബസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാപക വിമർശനമാണ് ഉയരുന്നത്.
കർണാടക സർക്കാർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെകെആർടിസി) ബസ് സർവീസിനിടെയാണ് സംഭവം. കൽബുർഗിയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ചിഞ്ചോളിയിലേയ്ക്ക് പോയ ബസിന്റെ രാത്രി സർവീസിനിടെ ഹെഡ്‌ലൈറ്റ് കേടായി. ഇതോടെ കണ്ടക്ടർ മുന്നിലിരുന്ന് മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് റോഡിലേയ്ക്ക് അടിക്കുന്നതും ഡ്രൈവർ അതിന്റെ വെളിച്ചത്തിൽ ബസ് ഓടിക്കുന്നതും വീഡിയോയിൽ കാണാം.
രാത്രിയിലെ അവസാന ബസ് സർവീസായതിനാലും മറ്റ് യാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാലും ജീവൻ കൈയ്യിൽ പിടിച്ചുകൊണ്ട് അപകടകരമായ ഈ യാത്ര തുടരുകയല്ലാതെ യാത്രക്കാർക്ക് മറ്റ് വഴിയുണ്ടായിരുന്നില്ലെന്നാണ് വിവരം. എപ്പോഴാണ് ഹെഡ്‌ലൈറ്റ് കേടായതെന്ന് വ്യക്തമല്ല. ഇരുട്ടിലൂടെ മൊബൈൽ ഫോണിന്റെ നേർത്ത വെളിച്ചത്തെ മാത്രം ആശ്രയിച്ചാണ് ഡ്രൈവർ വണ്ടി ഓടിച്ചത്. അതേസമയം, വീഡിയോ പുറത്തുവന്നതിന് പിന്നാലെ ബസ് ജീവനക്കാർക്കും കർണാടക സർക്കാരിനുമെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
യാത്രക്കാരുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെയുള്ള ഈ സംഭവം വൻ ജനരോഷത്തിന് കാരണമായിട്ടുണ്ട്. സർക്കാർ ബസുകളുടെ അറ്റകുറ്റപ്പണികൾ കൃത്യസമയത്ത് നടത്തുന്നതിലുണ്ടാകുന്ന വീഴ്ചയെയും പൊതുഗതാഗത സംവിധാനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളെയും ചോദ്യംചെയ്ത് നിരവധിപേരാണ് വീഡിയോ പങ്കുവയ്ക്കുന്നത്. സംഭവത്തിൽ കർണാടക സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |