
ന്യൂഡൽഹി: അനധികൃത കുടിയേറ്റം തടയാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്കാരെ തിരിച്ചയയ്ക്കാൻ തുടങ്ങി. ഇന്നലെ 205 ഇന്ത്യക്കാരുമായിസി-17 സൈനിക വിമാനം ടെക്സാസിലെ സാൻ അന്റോണിയോ വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ടു.
കൂടുതൽപേരും പഞ്ചാബികളായതിനാൽ, അമൃത്സറിലായിരിക്കും ഇന്ന് വിമാനം ഇറങ്ങുന്നത്. ഇവർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയശേഷമേ വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വിടുകയുള്ളൂ.
ഇവരുടെ വരവ് ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രേഖകളില്ലാത്തതിനാൽ പിടിയിലായ ഇവരെ ടെക്സാസിലെ എൽ പാസോയിലും കാലിഫോർണിയയിലെ സാൻ ഡീഗോയിലും തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. 2023 ഒക്ടോബറിനും 2024 സെപ്തംബറിനും ഇടയിൽ 1,100-ലധികം അനധികൃത ഇന്ത്യക്കാരെ നാടുകടത്തിയെന്നാണ് യു.എസ് പറയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ 100 ഇന്ത്യക്കാരുമായി ചാർട്ടർ വിമാനം എത്തിയിരുന്നു.
യു.എസിൽ രേഖകളില്ലാതെ തങ്ങുന്ന എല്ലാ ഇന്ത്യക്കാരെയും പൗരത്വം സ്ഥിരീകരിച്ചശേഷം തിരിച്ചു കൊണ്ടുവരുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഇന്ത്യക്കാരായ 18,000 ത്തോളം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ കണക്കുകൾ. യഥാർത്ഥത്തിൽ ഇതിലുമേറെ ആളുകൾ ഉണ്ടാവാമെന്നാണ് സൂചന.
12ന് മോദി യു.എസിലേക്ക്;
ട്രംപുമായി കൂടിക്കാഴ്ച
ന്യൂഡൽഹി:യു.എസ്. പ്രസിഡന്റായി രണ്ടാംതവണ അധികാരമേറ്റ ഡൊണാൾഡ് ട്രംപ് ആദ്യമായി കൂടിക്കാഴ്ച നടത്തുന്ന വിദേശ ഭരണാധികാരി എന്ന ഖ്യാതിയോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. ഫെബ്രുവരി 12, 13 തീയതികളിലാണ് മോദിയുടെ യു.എസ് സന്ദർശനം.
ട്രംപ് ഭരണകൂടവുമായുള്ള സൗഹൃദം ഉൗട്ടിയുറപ്പിക്കുകയും ഉഭയകക്ഷി സഹകരണം വിപുലീകരിക്കുകയുമാണ് ലക്ഷ്യം.
വ്യാപാരം, പ്രതിരോധ സഹകരണം, ഇന്തോ-പസഫിക് മേഖലാ സുരക്ഷ എന്നിവയിൽ ചർച്ചകൾ നടക്കുമെന്നാണ് സൂചന.
യു.എസിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയച്ചു തുടങ്ങിയ പശ്ചാത്തലത്തിൽ
സന്ദർശനത്തിന് പ്രാധാന്യമുണ്ട്.ഫെബ്രുവരി 10-11 തീയതികളിൽ ഫ്രാൻസിലെ ഗ്രാൻഡ് പാലായിസിൽ നടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിൽ പങ്കെടുത്തശേഷമാകും മോദി യു.എസിലേക്ക് പോകുക. ഫ്രഞ്ച് സർക്കാർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടിയിൽ എ.ഐയുമായി ബന്ധപ്പെട്ട പുരോഗതിയും നിയന്ത്രണങ്ങളും ചർച്ച ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |