ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരമോന്നത ബഹുമതി നൽകി ഉസ്‌ബക്കിസ്ഥാൻ ആദരിച്ചതിന് പിന്നാലെ ബിജെപിയെയും സംഘപരിവാറിനെയും പരിഹസിച്ച് എഐഎംഐഎം അദ്ധ്യക്ഷനും ലോക്‌സഭാംഗവുമായ അസദുദ്ദീൻ ഒവൈസി. ബാബറിന്റെ നാട്ടുകാരാണ് മോദിയെ ആദരിച്ചത്. ഇനിയെങ്കിലും സംഘപരിവാർ ബാബറിനെ അധിക്ഷേപിച്ച് സംസാരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഒവൈസി പറഞ്ഞു.
'ബിജെപിയെ ഞാൻ അഭിനന്ദിക്കുന്നു. ബാബറിന്റെ രാജ്യക്കാർ തന്നെയാണ് പ്രധാനമന്ത്രിക്ക് പുരസ്‌കാരം നൽകിയത്. ഉസ്‌ബക്കിസ്ഥാനിലെ ഫെർഗാന താഴ്‌വരയിൽ നിന്നുള്ളയാളാണ് ബാബർ. പ്രധാനമന്ത്രി ഇപ്പോൾ എവിടെപ്പോയാലും ഒരു അവാർഡുമായാണ് മടങ്ങിവരുന്നത്. അഭിനന്ദനങ്ങൾ. ബഹുമതികൾ സ്വീകരിക്കുന്നത് മോദിയുടെ പതിവായി മാറിയിരിക്കുകയാണ്.
ബാബറിനെതിരെ ബിജെപിക്കാർ ഒരുപാട് അധിക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു. അതേയാളുടെ നാട്ടുകാരാണ് നിങ്ങളെ ഇപ്പോൾ ആദരിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കണം. ഇനിയെങ്കിലും സംഘപരിവാർ പ്രവർത്തകരും ആർഎസ്‌എസ് അനുകൂലികളും ബാബറിനെക്കുറിച്ച് ആ രീതിയിൽ സംസാരിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു' - ഒവൈസി പറഞ്ഞു.
അമേരിക്കയിൽ ആർഎസ്‌എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്‌താവനയെയും ഒവൈസി വിമർശിച്ചു. ഇത് ആർഎസ്‌എസിന്റെ പഴയ അടവാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ആർഎസ്‌എസ് സ്ഥിരമായി പറയുന്ന കാര്യങ്ങളിൽ നിന്ന് അവർ ഒരിക്കലും പിന്മാറുകയോ തിരുത്തുകയോ ചെയ്യില്ലെന്നാണ് മോഹൻ ഭഗവതിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
പുറംലോകത്തിന് വേണ്ടി നടത്തുന്ന പ്രസംഗങ്ങളും സ്വന്തം പ്രവർത്തകർക്കായി നടത്തുന്ന പ്രസംഗങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് അവരുടെ സ്ഥിരം ശൈലിയാണെന്നും ഒവൈസി കുറ്റപ്പെടുത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ആർഎസ്എസ് പങ്കെടുത്തിട്ടില്ലെന്നും ഒവൈസി പറഞ്ഞു.
AIMIM chief Asaduddin Owaisi mocked the BJP and Sangh Parivar after Uzbekistan honoured Prime Minister Narendra Modi with its highest award. Owaisi referred to Babur’s Uzbek origins and questioned the BJP’s criticism of him. He also criticised RSS chief Mohan Bhagwat’s recent remarks and alleged differences in the organisation’s public and internal messaging.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |