മുംബയ്: മഹാരാഷ്‌ട്രയിൽ അതിശക്തമായി തുടരുന്ന ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. ഇതുവരെ മരണപ്പെട്ടത് 13 പേർ. റോഡ്, റെയിൽ, വ്യോമഗതാഗതം താറുമാറായി. കനത്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായതിനെത്തുടർന്ന് പൂനെ-മുംബയ് എക്സ്പ്രസ് വേയിലും പൂനെ-മുംബയ് ഹൈവേയിലും ഗതാഗതം നിർത്തിവച്ചു. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്ര ഒഴിവാക്കണമെന്നാണ് പൊലീസിന്റെ നിർദേശം.
മുംബയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി മുംബയിൽ അസാധാരണമായ കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. സാന്താക്രൂസ് നിരീക്ഷണാലയത്തിൽ 805.6 മില്ലിമീറ്റർ മഴ ലഭിച്ചു. കൊളാബയിൽ 744.2 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 50 വർഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഴയാണ് ഇക്കൊല്ലം രേഖപ്പെടുത്തിയത്.
കനത്ത മഴയിൽ മാൻഖുർഡിൽ നാലുനില കെട്ടിടം തൊട്ടടുത്തുള്ള കുടിലിലേയ്ക്ക് തകർന്നുവീണ് അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർ മരിച്ചു. നഗരത്തിലുടനീളം 200ലധികം മരങ്ങൾ കടപുഴകി വീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മുംബയിലുടനീളമുള്ള വിവിധ സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുകയാണ്.
മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയെത്തുടർന്ന് വിമാന സർവീസുകൾ തടസപ്പെട്ടു. രാവിലെ 11.30 വരെ 17 വിമാന സർവീസുകൾ റദ്ദാക്കുകയും 217 വിമാനങ്ങൾ വൈകുകയും ചെയ്തതായി വിമാനത്താവളത്തിലെ അധികൃതർ അറിയിച്ചു. മേഖലയിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കാലാവസ്ഥ കൂടുതൽ വഷളാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നാസിക്കിൽ നാളെ വലിയ മേഘവിസ്ഫോടനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ പിന്തുടരണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |