മുംബയ്: കനത്ത മഴയ്‌ക്കിടെ മാൻഹോളിലേക്ക് വീണ് ഒലിച്ചുപോയ അമ്പത്തഞ്ചുകാരൻ മരിച്ചു. ഫോണിൽ സംസാരിച്ചുകൊണ്ട് വരുന്നവഴിക്കാണ് അസ്‌ലം ഇസാഫ് ഷെയ്‌ഖ് എന്നയാൾ മാൻഹോളിലേക്ക് വീണത്. മുംബയിലെ ഖൈറാനി റോഡിൽ ഇന്നുച്ചയ്‌ക്ക് 12.30 ഓടെയായിരുന്നു സംഭവം.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാൻഹോളിന്റെ മൂടി തുറന്ന നിലയിലായിരുന്നെന്ന് അധികൃതർ പറയുന്നു. സ്വകാര്യ കരാർ കമ്പനിയിൽനിന്നുള്ള മൂന്ന് തൊഴിലാളികൾ മാൻഹോളിനടുത്ത് പണിയെടുത്തുകൊണ്ടിരിക്കെ സമീപത്തുകൂടി നടന്നുപോയ അസ്‌ലം മാൻഹോളിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ തൊഴിലാളികൾ ഏണിവച്ച് മാൻഹോളിലേക്ക് ഇറങ്ങിയെങ്കിലും അസ്‌ലമിനെ കണ്ടെത്താനായില്ല.
തുടർന്ന് മുബയ് ഫയർ ബ്രിഗേഡും പൊലീസും സംയുക്തമായി രണ്ടുമണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് അസ്‌ലമിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മാൻഹോളിന്റെ അറ്റകുറ്റപ്പണി ഏറ്റെടുത്ത കരാറുകാരന്റെ പേരിൽ കേസെടുത്തതായി ബ്രിഹാൻ മുംബയ് കോർപറേഷൻ മേയർ ഡെപ്യൂട്ടി മേയർ സഞ്ചയ് ഘാഡി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |