SignIn
Kerala Kaumudi Online
Monday, 06 July 2026 12.26 PM IST

കനത്ത മഴ തുടരുന്നു, സ്‌കൂളുകളും കോളേജുകളും ഇന്നും അടഞ്ഞുകിടക്കും; നിർദ്ദേശങ്ങളുമായി മുംബയ് കോർപ്പറേഷൻ

mumbai-rain
കനത്ത മഴ തുടരുന്ന മുംബയ് നഗരം.

മുംബയ്: കനത്ത മഴയെ തുടർന്ന് കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുംബയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ഇന്നും അവധി. ശക്തമായ മഴയ്ക്കുംകാറ്റിനും സാധ്യതയുള്ള സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് താനെ, പാൽഘർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി നൽകിയെങ്കിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ട്. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് ജനങ്ങളോട് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിന്റെ പല ഭാഗങ്ങളിലും മഴയെത്തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കാലാവസ്ഥാ വകുപ്പ് നൽകിയ മുന്നറിയിപ്പിനെത്തുടർന്ന്, മുംബയിലെ സർക്കാർ, സ്വകാര്യ, മുനിസിപ്പൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ച് ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷനാണ് ഉത്തരവിട്ടത്. താനെ, പാൽഘർ ജില്ലകളിലും ഉത്തരവ് ബാധകമാണ്. ആവശ്യമെങ്കിൽ ക്ലാസുകൾ ഓൺലൈൻ വഴി നടത്താമെന്നും കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്.

ജില്ലാ അധികൃതർക്ക് തീരുമാനമെടുക്കാം

പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ അവധി പ്രഖ്യാപിക്കാൻ ജില്ലാ അധികൃതർക്കും സ്‌കൂൾ മേധാവികൾക്കും അധികാരം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ചില പ്രദേശങ്ങളിൽ മഴ ശക്തമായാൽ വേഗത്തിൽ നടപടിയെടുക്കാൻ ഈ സംവിധാനം ഭരണകൂടങ്ങളെ സഹായിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് അടച്ചിടുമെങ്കിലും സർക്കാർ, സ്വകാര്യ ഓഫീസുകൾ പ്രവർത്തിക്കുമെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കനത്ത മഴ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ശക്തമായ മഴ തുടരുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബയിലും സമീപ പ്രദേശങ്ങളിലും തുടരുന്ന ശക്തമായ മഴയിൽ വെള്ളക്കെട്ടിനും ഗതാഗത തടസ്സങ്ങൾക്കും മരങ്ങൾ കടപുഴകി വീഴുന്നതിനും കാരണമായിട്ടുണ്ട്. ജൂൺ അവസാനം മുതൽ തുടരുന്ന ഈ മഴക്കെടുതികളിൽ സ്‌കൂൾ വിദ്യാർത്ഥിയടക്കം മരണപ്പെട്ടിട്ടുണ്ട്. മോശം കാലാവസ്ഥയെത്തുടർന്ന് പാൽഘർ, പൻവേൽ എന്നിവിടങ്ങളിൽ നടത്താനിരുന്ന പരീക്ഷകൾ മുംബയ് സർവകലാശാല ഈ ആഴ്ച ആദ്യം റദ്ദാക്കിയിരുന്നു. മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാനും ഔദ്യോഗിക നിർദ്ദേശങ്ങൾ അനുസരിക്കാനും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUMBAI RAIN, MUMBAI SCHOOLS CLOSED, MUMBAI COLLEGES CLOSED, MUMBAI WEATHER TODAY, MUMBAI MAZHA SCHOOLS CLOSED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360