
വാഷിംഗ്ടൺ : നവംബർ 5ന് യു.എസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദ്യ ടെലിവിഷൻ സംവാദത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ സമ്മർദ്ദത്തിലാക്കി വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഗർഭഛിദ്രം, കുടിയേറ്റം, ഗാസയിലെയും യുക്രെയിനിലെയും യുദ്ധങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കമല ട്രംപിനെ വെല്ലുവിളിച്ചു.
ജൂണിലെ സംവാദത്തിൽ ട്രംപിന് മുന്നിൽ പരാജയപ്പെട്ടതോടെയാണ് പ്രസിഡന്റ് ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതും പകരം കമല എത്തിയതും.
ട്രംപിന്റെ ക്ഷോഭത്തെ കമല ചിരിയോടെ ചെറുത്തത് ഡെമോക്രാറ്റിക് പാർട്ടിയുടെ ആത്മവിശ്വാസം കൂട്ടി.
ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് - വൈസ് പ്രസിഡന്റ് ജോഡി ആണ് ബൈഡനും കമലയുമെന്ന് ട്രംപ് വിമർശിച്ചു. ചരിത്രത്തിലെ രൂക്ഷമായ തൊഴിലില്ലായ്‌മയാണ് ട്രംപിന്റെ കാലത്തുണ്ടായതെന്ന് കമല തിരിച്ചടിച്ചു. ട്രംപിന്റെ റാലിയിലെത്തുന്നവർ ബോറടിച്ച് ഇറങ്ങിപ്പോകുന്നെന്ന കമലയുടെ പരിഹാസം ട്രംപിനെ ചൊടിപ്പിച്ചു. കമലയുടെ റാലിക്ക് ആരും പോകുന്നത് പോലുമില്ലെന്നായി ട്രംപ്. അനധികൃത കുടിയേറ്റം ട്രംപ് ആയുധമാക്കി.
ഗർഭച്ഛിദ്ര നിയന്ത്രണങ്ങൾക്കുള്ള പിന്തുണ, ക്രിമിനൽ കേസുകൾ തുടങ്ങിയവ ഉന്നയിച്ച്, പ്രസിഡന്റാകാനുള്ള ട്രംപിന്റെ യോഗ്യത കമല ചോദ്യം ചെയ്‌തു. അത് ട്രംപിനെ ക്ഷുഭിതനാക്കി. ഗർഭച്ഛിദ്ര അവകാശം പുനഃസ്ഥാപിക്കുമെന്ന് കമല ആവർത്തിച്ചു. കമലയെ മാർക്സിസ്റ്റ് എന്ന് വരെ ട്രംപ് വിളിച്ചു. കൂട്ട നാടുകടത്തൽ, ഗർഭഛിദ്ര നിരോധനം, വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടൽ തുടങ്ങി വിവാദ നിർദ്ദേശങ്ങളുള്ള പ്രോജക്ട് 2025 പദ്ധതി നടപ്പാക്കുകയാണ് ട്രംപിന്റെ ലക്ഷ്യമെന്ന് കമല ആഞ്ഞടിച്ചു. ഹെറിറ്റേജ് ഫൗണ്ടേഷൻ ട്രംപിന് വേണ്ടി തയ്യാറാക്കിയ 900 പേജുള്ള വിവാദ റിപ്പോർട്ട് കമല വിഷയമാക്കിയത് ട്രംപിനെ ചൊടിപ്പിച്ചു.
കമലയ്ക്ക് പ്ലസ് പോയിന്റ്
1. വിജയി കമലയെന്ന് ചില പോളുകൾ.
2. ട്രംപിനെ പ്രതിരോധത്തിലാക്കി
ആര് ജയിച്ചു ?
സി.എൻ.എൻ പോൾ
കമല - 63%
ട്രംപ് - 37%
കമലയുടെ വാദങ്ങൾ
ലോകനേതാക്കൾ ട്രംപിനെ നോക്കി ചിരിക്കുന്നു
ക്യാപിറ്റൽ ആക്രമണത്തിലൂടെ രാജ്യം അപമാനിക്കപ്പെട്ടു
ഗാസ യുദ്ധം തീർക്കണം. ഇസ്രയേലിന്റെ അവകാശങ്ങൾ സംരക്ഷിക്കണം
ട്രംപ് രാജ്യത്തെ മോശമാക്കി. ഞങ്ങൾ അത് ശുദ്ധീകരിക്കുന്നു
ട്രംപിന്റെ മറുവാദങ്ങൾ
ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ഞാൻ
ക്യാപിറ്റൽ ആക്രമണത്തിൽ ഖേദിക്കുന്നില്ല.
കമല വന്നാൽ രണ്ട് വർഷത്തിനുള്ളിൽ ഇസ്രയേൽ ഇല്ലാതാകും
റഷ്യ-യുക്രെയിൻ യുദ്ധം അവസാനിപ്പിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |