
ന്യൂഡൽഹി: കുറ്റാരോപിതരുടെ വീടുൾപ്പെടെ ഇടിച്ചു നിരത്തുന്ന ബുൾഡോസർ രാജിന് സുപ്രീംകോടതിയുടെ താത്കാലിക വിലക്ക്. ഒരാൾ കുറ്റം ചെയ്തതിന് കുടംബത്തിന്റെ കിടപ്പാടം ഇടിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ലെന്ന് നിരീക്ഷിച്ചാണ് ഒക്ടോബർ ഒന്നുവരെ വിലക്കേർപ്പെടുത്തിയത്.
അധികാരദുരുപയോഗം അവസാനിപ്പിക്കാൻ മാർഗരേഖയിറക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തണോയെന്നും ആലോചിക്കും.
ബുൾഡോസർ നീതിക്കെതിരെ സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്. അതേസമയം, പൊതുറോഡുകൾ, നടപ്പാത, റെയിൽവേ ലൈൻ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉത്തരവ് തടസമല്ല. വിലക്കു നിലനിൽക്കെ പൊളിക്കണമെങ്കിൽ മുൻകൂർ അനുമതി നേടണം. ബുൾഡോസർ പ്രയോഗത്തെ ന്യായീകരിക്കാനും, മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ഇത് അനുവദിക്കാനാകില്ല.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഡൽഹി, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ പരാതികളാണ് കോടതിക്ക് മുന്നിലുള്ളത്. നേരത്തെയും കടുത്ത നിലപാടെടുത്തിട്ടും ബുൾഡോസർ പ്രയോഗം തുടരുമെന്ന് ചില മന്ത്രിമാർ പ്രസ്‌താവന നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. എക്‌സിക്യുട്ടീവിന് ജഡ്‌ജിയാകാൻ കഴിയില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഹർജി ഒക്ടോബർ ഒന്നിന് വീണ്ടും പരിഗണിക്കും.
സ്വർഗം ഇടിഞ്ഞുവീഴില്ല
അധികൃതരുടെ കൈകൾ കെട്ടിയിടരുതെന്ന് ഉത്തർപ്രദേശിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത
രണ്ടാഴ്ച്ചത്തേക്ക് നടപടികൾ നിറുത്തിവച്ചാൽ സ്വർഗം ഇടിഞ്ഞുവീഴാൻ പോകുന്നില്ലെന്ന് ജസ്റ്റിസ് ഗവായ്
നിയമവിരുദ്ധമായി ബുൾഡോസർ പ്രയോഗിച്ചാൽ ധാർമികതയ്‌ക്ക് എതിരെന്ന് ജസ്റ്റിസ് വിശ്വനാഥ്
കല്ലേറ് കേസ് പ്രതിയുടെ വീട് സംഭവദിവസം രാത്രി പൊളിച്ചുനീക്കിയെന്ന് ഹർജിക്കാരുടെ അഭിഭാഷകർ
2022ൽ പൊളിക്കൽ നോട്ടീസ് കൊടുത്തിട്ടും പ്രതി വീണ്ടും കുറ്റങ്ങൾ ചെയ്തെന്ന് സോളിസിറ്റർ ജനറൽ
അതിനോണോ 2024ൽ ധൃതിപിടിച്ച് ബുൾഡോസർ പ്രയോഗിച്ചതെന്ന് കോടതിയുടെ മറുചോദ്യം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |