SignIn
Kerala Kaumudi Online
Saturday, 24 October 2026 2.43 PM IST

പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം, ആർ.ജി കർ മെഡിക്കൽ കോളേജിൽ കൂട്ട രാജി

kar

കൊൽക്കത്ത: ഡോക്ടറെ ക്രൂര മാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.ജി കർ മെഡിക്കൽ കോളേജിൽ കൂട്ടരാജി. അമ്പത് സീനിയർ ഡോക്ടർമാരാണ് രാജി പ്രഖ്യാപിച്ചത്. ഡോക്ടർമാർ രാജി സമർപ്പിക്കുമ്പോൾ വിദ്യാർത്ഥികൾ കൈയടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ജൂനിയർ ഡോക്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു

എന്നതുൾപ്പെടെയുള്ള കാര്യങ്ങളിലാണ് രാജിയെന്ന് ഡോക്ടർമാർ അറിയിച്ചു. ആവശ്യങ്ങൾ പരിഗണിക്കുന്നത് സംബന്ധിച്ച് മമത സർക്കാർ പ്രതികരിച്ചില്ല. ഡോക്ടർമാർക്ക് സുരക്ഷ ഒരുക്കേണ്ടത് സർക്കാരാണ്. സുരക്ഷിതത്വമുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യാനുള്ള അവകാശം അവർക്കുണ്ട്. സർക്കാർ ആശുപത്രികളിൽ മെച്ചപ്പെട്ട അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മമത സർക്കാർ പരാജയപ്പെട്ടു. അതിനാൽ രാജിവച്ച് ജൂനിയർ ഡോക്ടർമാർക്ക് പിന്തുണ നൽകുന്നുവെന്നും സീനിയർ ഡോക്ടർമാർ പറഞ്ഞു.
ഇന്നലെ പുലർച്ചെ പതിനഞ്ചോളം മുതിർന്ന ഡോക്ടർമാർ നിരാഹാര സമരപ്പന്തലിലെത്തി.

സഹപ്രവർത്തകയ്ക്ക് നീതി ലഭിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളിൽ ജൂനിയർ ഡോക്ടർമാർ ശനിയാഴ്‌ച മുതൽ സമരം പുനരാരംഭിച്ചിരുന്നു. തിങ്കളാഴ്ച മുതൽ സമരത്തിനുള്ള പിന്തുണയിൽ ഗണ്യമായ വർദ്ധനവാണുണ്ടായത്. മുതിർന്ന ഡോക്ടർമാരുൾപ്പെടെ സമരത്തിൽ പങ്കെടുത്തു. കേസിൽ അറസ്റ്റിലായ സിവിൽ വൊളണ്ടിയർ സഞ്ജയ് റോയിയെ ഏക പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത് വൻ രോഷത്തിനിടയാക്കി. അതിനിടെ,​ ബംഗാൾ ചീഫ് സെക്രട്ടറി മനോജ് പന്ത് സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രോജക്ടുകളുടെ 90 ശതമാനവും അടുത്ത മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഉറപ്പ്‌ നൽകി. പ്രതിഷേധക്കാരോട് ജോലിയിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു. കൊൽക്കത്തയിൽ ദുർഗാപൂജ ആഘോഷങ്ങൾ നടക്കുന്നതിനിടയിലാണ് ജൂനിയർ ഡോക്ടർമാരുടെ സമരം.

ഡോക്ടർമാരുടെ ആവശ്യങ്ങൾ

 സംസ്ഥാനത്തെ എല്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും കേന്ദ്രീകൃത റഫറൽ സംവിധാനം ഏർപ്പെടുത്തുക,

 നിരീക്ഷണ സംവിധാനം നടപ്പിലാക്കുക,

 സി.സി ടിവി, ഓൺ-കാൾ റൂമുകൾ, ടോയ്‌ലെറ്റുകൾ എന്നിവയ്ക്ക് ആവശ്യമായ വ്യവസ്ഥകൾ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക

 ജോലിസ്ഥലങ്ങളിലും ആശുപത്രികളിൽ പൊലീസ് സംരക്ഷണം വർദ്ധിപ്പിക്കുക

 സ്ഥിരം വനിതാ പൊലീസുകാരെ നിയമിക്കുക, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ഒഴിവുകൾ വേഗത്തിൽ നികത്തുക

രാജ്യവ്യാപക നിരാഹാര സമരം
ഡോക്ടർമാരുടെ പ്രതിഷേധത്തെ പിന്തുണച്ച് ഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നിരാഹാര സമരം പ്രഖ്യാപിച്ചു.

ആഗസ്റ്റ് ഒമ്പതിന് ഡോക്ടർ കൊല്ലപ്പെട്ടതിന് ശേഷം സംസ്ഥാന വ്യാപകമായി തുടങ്ങിയ സമരത്താൽ ആശുപത്രി പ്രവർത്തനം സ്തംഭിച്ചിരുന്നു. സുരക്ഷിതത്വം സംബന്ധിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാരിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടർമാർ വീണ്ടും സമരത്തിനിറങ്ങിയത്. 42 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ച് സ്റ്റെപംബർ 21 മുതൽ ഡോക്ടർമാർ ഭാഗികമായി ജോലിയിൽ പ്രവേശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360