
ന്യൂഡൽഹി: കലാപം സമാധാനം കെടുത്തിയിട്ടും അധികാരത്തിൽ തുടരുന്ന മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. ബീരേൻ സിംഗിന്റെ വിശ്വസ്തനായ നിയമസഭാ സ്പീക്കർ തോക്ചോം സത്യവ്രത് സിംഗ്, മന്ത്രിമാരായ തോംഗം വിശ്വജിത് സിംഗ്, യുംനം ഖേംചന്ദ് സിംഗ് എന്നിവരുൾപ്പെടെ 19 പേർ ഒപ്പിട്ട കത്താണ് നൽകിയത്. മണിപ്പൂരിൽ സമാധാനം സൃഷ്ടിക്കാൻ ഡൽഹിയിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത മെയ്തി, കുക്കി, നാഗ എം.എൽ.എമാരുടെ യോഗത്തിനിടെ കത്ത് കൈമാറിയെന്നാണ് വിവരം.
സംഘർഷം പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് എം.എൽ.എമാർ വ്യക്തമാക്കി. വേഗത്തിൽ പരിഹാരം കണ്ടില്ലെങ്കിൽ വോട്ടർമാർ തങ്ങളുടെ രാജി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടാകും. ബി.ജെ.പി അനുഭാവികൾ എന്ന നിലയിലും ജനവിധി ലഭിച്ചതിനാലും മണിപ്പൂരിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂടി ചൂണ്ടിക്കാട്ടി എം.എൽ.എമാർ പറയുന്നു. സുരക്ഷാ സേനയെ വിന്യസിച്ചാൽ മാത്രം പരിഹാരമുണ്ടാകില്ല. നീണ്ടുനിൽക്കുന്ന സംഘർഷം മണിപ്പൂരിന് പരിഹരിക്കാനാകാത്ത ദോഷം വരുത്തും.അത് ഇന്ത്യയുടെ പ്രശസ്തിക്കും കോട്ടം വരുത്തും. മുഖ്യമന്ത്രിയെ പുറത്താക്കലാണ് ഉചിതമായ പരിഹാരം. തത്പരകക്ഷികളുമായി സമാധാന ചർച്ചകൾ ആരംഭിക്കാൻ അടിയന്തര നടപടി വേണമെന്നും കത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |