
ന്യൂഡൽഹി : ആം ആദ്മി പാർട്ടിയിൽ നിന്ന് ഞായറാഴ്ച രാജിവച്ച മുതിർന്ന ജാട്ട് നേതാവും മന്ത്രിയുമായ കൈലാഷ് ഗെലോട്ട് ഇന്നലെ ബി.ജെ.പിയിൽ ചേർന്നു. കൈലാഷിന് പകരമായി ജാട്ട് എം.എൽ.എയായ രഘുവീന്ദർ ഷൊകീനെ ആംആദ്മി കാബിനറ്റ് മന്ത്രിയാക്കി. പ്രതീക്ഷിക്കാത്ത അവസരമാണെന്നും പാർട്ടിക്ക് നന്ദിയെന്നും രഘുവീന്ദർ പ്രതികരിച്ചു.
ഇന്നലെ ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ, ബി.ജെ.പി ഡൽഹി ഘടകം അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവ തുടങ്ങിയവർ ചേർന്നാണ് കൈലാഷിനെ സ്വീകരിച്ചത്. ഒറ്റദിവസം കൊണ്ട് എടുത്ത തീരുമാനമല്ലെന്നും, ആംആദ്മിയിൽ നിന്ന് രാജിവച്ചത് ബാഹ്യസമ്മർദ്ദം കൊണ്ടല്ലെന്നും കൈലാഷ് പറഞ്ഞു. ആംആദ്മി പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിച്ചെന്ന് ആരോപിക്കുകയും ചെയ്തു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഡൽഹിയിലെ ജാട്ട് വോട്ടുകൾ ഇരു പാർട്ടികൾക്കും നിർണായകമാണ്. ഡൽഹിയിലെ ജനസംഖ്യയിൽ 5.5 ശതമാനത്തിൽപ്പരം ജാട്ടു വോട്ടുകളുണ്ട്.
കോൺഗ്രസ് നേതാവ് ആംആദ്മിയിൽ
കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ സുമേഷ് ഷൊകീൻ ഇന്നലെ ആംആദ്മിയിൽ ചേർന്നു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് അരവിന്ദ് കേജ്‌രിവാൾ പാർട്ടി അംഗത്വം നൽകി. ഞായറാഴ്ച ബി.ജെ.പിയുടെ അനിൽ ഝായും ആംആദ്മിയിലെത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |