
ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിലുണ്ടായ വൻ പൊട്ടിത്തെറിയിൽ ആറ് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം തൊഴിലാളികളാണ്. വിരുദുനഗറിലെ സത്തൂരിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
സായ്റാം ഫയർവർക്സ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ നാല് മുറികൾ പൂർണമായും കത്തിനശിച്ചു.
അപകടകാരണം വ്യക്തമായിട്ടില്ല. ഷോട്ട് സർക്യൂട്ടോ പടക്കനിർമ്മാണ സാമഗ്രികൾ ഉരസിയപ്പോഴുണ്ടായ തീപ്പൊരിയോ ആകാം കാരണമെന്ന് കരുതുന്നു. ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തനംനടത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ നൽകും.
തുടരുന്ന അപകടം
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പടക്കശാലകളുള്ള സ്ഥലമാണ് വിരുദുനഗർ. കഴിഞ്ഞ വർഷം മാത്രം ഇവിടെ വിവിധ പടക്കശാലകളിലായി 17 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 50ലധികം പേർ മരിച്ചു. സെപ്തംബറിൽ സ്റ്റാലിൻ അപകടസ്ഥലങ്ങൾ സന്ദർശിക്കുകയും അപകടങ്ങൾ തടയാൻ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് പടക്കശാലകളുടെ ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. ഉദ്യോഗസ്ഥർക്കും വേണ്ട നിർദ്ദേശങ്ങൾ നൽകിയിരുന്നു. വിരുദുനഗറിലെ 1,150 പടക്ക ഫാക്ടറികളിലായി നാല് ലക്ഷത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നതായാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |