
ന്യൂഡൽഹി: തന്ത്രപരമായ സ്വാശ്രയത്വത്തിലൂടെ ഇന്ത്യയുടെ ആണവോർജ്ജ മേഖലയെ ലോകനിലവാരത്തിലെത്തിച്ച ശാസ്‌ത്രഞ്ജനാണ് രാജഗോപാല ചിദംബരം. ആരുടെയും സഹായമില്ലാതെ ആണവ ശക്തിയാകാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം 'ചിരിക്കുന്ന ബുദ്ധൻ" എന്ന കോഡ് വാക്കിൽ പൊക്രാനിലെ ആദ്യ അണുപരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചത്. വിസ നിഷേധിച്ച് തടയിടാൻ ശ്രമിച്ച യു.എസിനെ ഞെട്ടിച്ചുകൊണ്ടായിരുന്നു 1998ലെ 'ഓപ്പറേഷൻ ശക്തി" നീക്കം.
1974ൽ ഇന്ത്യ അണുപരീക്ഷണം നടത്തിയപ്പോൾ ഡോ. ചിദംബരം മുംബയ് ബാബാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്‌ത്രജ്ഞനാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ച പ്ലൂട്ടോണിയം മുംബയിൽ നിന്ന് പൊക്രാനിലേക്ക് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രഹസ്യമായി കടത്തി. 'പ്ലൂട്ടോണിയം ബോൾ' വഹിച്ച കവചിത പെട്ടിക്ക് മുകളിലിരുന്നാണ് അദ്ദേഹം യാത്ര ചെയ്‌തതെന്ന് പറയപ്പെടുന്നു.
പൊക്രാൻ പരീക്ഷണത്തോടെ ചിദംബരം യു.എസ് അടക്കം രാജ്യങ്ങളുടെ നോട്ടപ്പുള്ളിയായി മാറി. ഇന്ത്യൻ ആണവോർജ്ജ മേഖലയ്‌ക്കുള്ള ഉപരോധം അദ്ദേഹത്തിനും ബാധകമായി. യു.എസ് വിസ നിഷേധിക്കപ്പെട്ടു. 1998ലെ പൊക്രാൻ പരീക്ഷണങ്ങൾക്കായി ആണവ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്ത ഡിപ്പാർട്ട്‌മെന്റ് ഒഫ് അറ്റോമിക് എനർജി സംഘത്തിന്റെ നേതൃത്വം വഹിച്ച ചിദംബരം, യു.എസിന് തക്ക മറുപടി നൽകുകയും ചെയ്തു.
ആണവ ശക്തിയാകാൻ ഇന്ത്യ സ്വാശ്രയത്തിൽ ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു. ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതായിരിക്കുമെന്നും ഒരു രാജ്യവും അത്യാധുനിക സാങ്കേതികവിദ്യ പങ്കിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്റ്റലോഗ്രാഫി, മെറ്റീരിയൽ സയൻസ് തുടങ്ങിയ മേഖലകളിലെ ചിദംബരത്തിന്റെ ഗവേഷണം ലോകോത്തരമാണ്. ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ വികസനം, ക്വാണ്ടം സാങ്കേതികവിദ്യ, രാജ്യത്തുടനീളമുള്ള ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ വിജ്ഞാന ശൃംഖലയുടെ ആശയം തുടങ്ങിയവയിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ദേശീയ വികസനത്തിന് ശാസ്ത്രവും സാങ്കേതികവിദ്യയും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്താഗതി.
രണ്ടാം പൊക്രാൻ പരീക്ഷണം അന്താരാഷ്ട്രതലത്തിൽ കൂടുതൽ ഉപരോധകൾക്ക് വഴി തെളിച്ചപ്പോൾ സാങ്കേതിക മുന്നേറ്റത്തിൽ അത് തടസമാകാതിരിക്കാൻ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സർക്കാരിന് സഹായകമായി. പ്രധാനമന്ത്രിയുടെ മുഖ്യ ശാസ‌്‌ത്ര ഉപദേഷ്‌ടാവായിരിക്കെ ഇന്ത്യൻ ലേസർ ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ വേവ് ഒബ്സർവേറ്ററി (ലിഗോ) സ്ഥാപിക്കാൻ പ്രചോദനമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |