SignIn
Kerala Kaumudi Online
Friday, 23 October 2026 12.31 AM IST

കുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം: ആളപായമില്ല

etyyy

ന്യൂഡൽഹി: പ്രയാഗ്‌രാജിൽ മഹാകുംഭമേളയ്ക്കിടെ വീണ്ടും തീപിടിത്തം. ആളപായമില്ല. 15ഓളം ടെന്റുകൾ കത്തിനശിച്ചു. സെക്‌ടർ 22ന് സമീപത്തെ ചമൻഗഞ്ച് ചൗക്കിലെ ടെന്റിലാണ് ഇന്നലെ ഉച്ചയോടെ ആദ്യം തീ കണ്ടത്. അഗ്നിശമന സേനയും പൊലീസും ഭക്തരും ചേ‌ർന്ന് നിയന്ത്രണവിധേയമാക്കി. 19ന് സെക്‌ടർ 19ലെയും 20ന് സെക്‌ടർ 16ലെയും ടെന്റുകൾ കത്തിനശിച്ചിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം തിക്കിലും തിരക്കിലും മരിച്ച ഭൂരിഭാഗം പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 30 പേർ മരിച്ചെന്നും 60ഓളം പേർക്ക് പരിക്കേറ്റെന്നുമാണ് ഉത്തർപ്രദേശ് സ‌ർക്കാരിന്റെ ഔദ്യോഗിക കണക്ക്. അതിനിടെ,​ ത്രിവേണീ സംഗമത്തിന് സമീപം മാത്രമല്ല രണ്ടുകിലോമീറ്റർ അകലെയുള്ള ജുസി മേഖലയിലും ദുരന്തമുണ്ടായെന്ന വിവരം പുറത്തുവന്നു. ജനം പരിഭ്രാന്തരായേക്കുമെന്ന് തിരിച്ചറിഞ്ഞാണ് വിവരം ഉടൻ പുറത്തുവിടാതിരുന്നതെന്ന് അധികൃതർ വിശദീകരിച്ചു. രണ്ടിടത്തുമായാണ് 30 പേർ മരിച്ചത്. മൗനി അമാവാസി ദിനത്തിൽ ത്രിവേണീ സംഗമത്തിൽ പുണ്യസ്‌നാനം ചെയ്യാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

 ജുഡി. കമ്മിഷൻ ഇന്ന് സന്ദർശിക്കും

ദുരന്തമുണ്ടായ മേഖല മൂന്നംഗ ജുഡിഷ്യൽ കമ്മിഷൻ ഇന്ന് സന്ദർശിക്കും. സംഭവത്തിന് പിന്നാലെ യു.പി സർക്കാർ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ഹർഷ് കുമാറാണ് കമ്മിഷൻ അദ്ധ്യക്ഷൻ. മുൻ ഡി.ജി.പി വി.കെ.ഗുപ്‌ത, റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥൻ ഡി.കെ.സിംഗ് എന്നിവരാണ് അംഗങ്ങൾ.

 സുപ്രീംകോടതിയിൽ ഹർജി

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സുപ്രീംകോടതിയിൽ പൊതുതാത്പര്യഹർജിയെത്തി. കുംഭമേളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക സെന്ററുകൾ തുറക്കണം. തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം. മാർഗരേഖയിറക്കണം. ദുരന്തം സംബന്ധിച്ച് യു.പി സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടണമെന്നും ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും അഡ്വ. വിശാൽ തിവാരി സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360