SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഡൽഹി തിരഞ്ഞെടുപ്പ്: നിശബ്‌ദ പ്രചാരണ ദിവസവും വാക്പോര്

x

ന്യൂഡൽഹി: കേജ്‌രിവാളോ,മോദിയോ,രാഹുലോ വിധിയെഴുതാൻ ഡൽഹി ഇന്ന് പോളിംഗ് ബൂത്തിൽ. നിശബ്‌ദ പ്രചാരണ ദിവസമായ ഇന്നലെ ആംആദ്മി-ബി.ജെ.പി പ്രവർത്തക‌ർ വാക്പോര് തുടർന്നു. വസ്ത്രങ്ങൾ നിറച്ചെത്തിയ വാനിനെ ആംആദ്മി പ്രവർത്തകർ രാജീന്ദർ നഗറിൽ തടഞ്ഞു. വോട്ടർമാർക്ക് വിതരണം ചെയ്യാൻ ബി.ജെ.പി എത്തിച്ചതാണെന്ന് ആരോപിച്ചു. ഇതിന്റെ പേരിലും ഇരുഭാഗത്തും പോർവിളിയുണ്ടായി.

ബി.ജെ.പി വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടി വൈകിട്ടോടെ കേജ്‌രിവാളും മുഖ്യമന്ത്രി അതിഷിയും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. സുഗമമായ വോട്ടിംഗ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. നടപടിയുണ്ടാകുമെന്ന് കമ്മിഷൻ ഉറപ്പു നൽകിയതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം കേജ്‌രിവാൾ പ്രതികരിച്ചു. ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. ഇതിനിടെ,കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കേജ്‌രിവാളും ഭാര്യ സുനിതയും ദർശനം നടത്തി.

അപകീർത്തിപ്പെടുത്താൻ

ശ്രമം: കമ്മിഷൻ

തിരഞ്ഞെടുപ്പ് കമ്മിഷനെ അപകീർത്തിപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് കമ്മിഷൻ. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിനെതിരെ കേജ്‌രിവാൾ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കമ്മിഷന്റെ പ്രതികരണം. രാജ്യത്തെ പണയം വയ്‌ക്കുന്നതിന്റെ കൂലിയായി,റിട്ടയർമെന്റിന് ശേഷം എന്തു പദവി ലഭിക്കുമെന്നാണ് വാഗ്ദാനം ലഭിച്ചിരിക്കുന്നതെന്ന് കേജ്‌രിവാൾ ചോദിച്ചിരുന്നു. കമ്മിഷൻ ബി.ജെ.പിക്ക് മുന്നിൽ കീഴടങ്ങിയിരിക്കുകയാണെന്നും ആരോപിച്ചിരുന്നു.

അതിഷിക്കെതിരെ കേസ്

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് അതിഷിക്കെതിരെ ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തു. പരസ്യ പ്രചാരണത്തിനുള്ള സമയം അവസാനിച്ച ശേഷവും വോട്ട് തേടിയതിനാണ് കേസ്. ബി.ജെ.പി സ്ഥാനാർത്ഥി രമേഷ് ബിദുഡി പരസ്യമായി ചട്ടലംഘനം നടത്തുമ്പോഴും കേസെടുക്കുന്നില്ല. അക്കാര്യം പൊലീസിനോട് പറഞ്ഞ തനിക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നതെന്ന് അതിഷി പ്രതികരിച്ചു.

ആകെ വോട്ടർമാർ - 1.55 കോടി

കന്നി വോട്ടർമാർ - 2.08 ലക്ഷം

പുരുഷന്മാർ - 83.49 ലക്ഷം

സ്ത്രീകൾ - 71.74 ലക്ഷം

ട്രാൻസ്ജെൻഡേഴ്സ് - 1261

പോളിംഗ് ബൂത്തുകൾ - 13,766

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360