
കൊച്ചി: കൽക്കരി ഖനനവുമായി ബന്ധപ്പെട്ട 3,800 കോടിയുടെ തട്ടിപ്പുകേസിൽ ചെന്നൈയിലെ മൂന്നു കേന്ദ്രങ്ങളിൽ ഇ.ഡി നടത്തിയ റെയ്ഡിൽ ആയിരം കോടിയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. 912 കോടിയുടെ നിക്ഷേപങ്ങൾ മരവിപ്പിച്ചു. ഇ.ഡി സമീപകാലത്ത് നടത്തിയ വൻവേട്ടയാണിത്.
ചെന്നൈ ആസ്ഥാനമായ ആർ.കെ.എം പവർഗ്രീൻ പ്രൈവറ്റ് ലിമിറ്റഡിന്റെ (ആർ.കെ.എം.പി.പി.എൽ) ഉടമകളായ ആണ്ടാൾ അറുമുഗം,എസ്. അറുമുഗം എന്നിവരുടെ ഓഫീസുകളിൽ നടന്ന റെയ്ഡിലാണ് നടപടി. കെട്ടിടങ്ങൾ,സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയാണ് സ്വത്തുക്കൾ. ബാങ്ക് നിക്ഷേപങ്ങൾ,മ്യൂച്വൽ ഫണ്ടുകൾ എന്നിവയാണ് മരവിപ്പിച്ചത്.
കേന്ദ്ര കൽക്കരി മന്ത്രാലയം ഛത്തീസ്ഗഢിലെ കൽക്കരി ബ്ളോക്ക് കൈമാറിയതുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. വൈദ്യുതി നിർമ്മാണത്തിനായി കൽക്കരി ഖനനത്തിന് കരാർ ലഭിച്ച ആർ.കെ.എം പവർഗ്രീൻ പവർ ഫിനാൻസ് കോർപ്പറേഷനിൽനിന്ന് വായ്പയെടുത്ത തുകയിൽനിന്ന് 3,800കോടി വിദേശത്തേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കേസ്. പ്ളാന്റിന് യന്ത്രസംവിധാനങ്ങൾ വാങ്ങാനെന്ന പേരിലാണ് ആർ.കെ.എമ്മിന്റെ വിദേശ സ്ഥാപനമായ എം.ഐ.പി.പി എന്ന കമ്പനിയിലേയ്ക്ക് തുക കടത്തിയത്.
കൽക്കരി ഖനനത്തിന് അനുമതി ലഭിച്ച ആർ.കെ.എം 26 ശതമാനം ഓഹരി മലേഷ്യയിലെ മുദജയ കോർപ്പറേഷനും 10.95 ശതമാനം എനർക്ക് ഇന്റർനാഷണൽ ഹോൾഡിംഗ്സ് ലിമിറ്റഡിനും കൈമാറി. യന്ത്രസാമഗ്രികൾക്ക് അമിതവില കാണിച്ച് നൽകിയ തുകയിൽ 1,800 കോടി രൂപ എം.ഐ.ഐ.പി ഇന്റർനാഷണലിന്റെ മറവിൽ മറ്റു ഇക്വിറ്റിയെന്ന പേരിൽ ആർ.കെ.എമ്മിലേയ്ക്ക് തിരികെ കൊണ്ടുവന്നു. ഇത് വായ്പയും പദ്ധതിഫണ്ടും തിരിമറി നടത്തിയതാണെന്ന് അന്വേഷണത്തിൽ ഇ.ഡി കണ്ടെത്തി. തുടർന്നായിരുന്നു റെയ്ഡ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |