SignIn
Kerala Kaumudi Online
Saturday, 24 October 2026 1.44 AM IST

ഭയം വേണ്ട,​ എ.ഐ പുതിയ തൊഴിൽ സൃഷ്‌ടിക്കും; മോദി

k

ന്യൂഡൽഹി: നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ)തൊഴിൽ നഷ്ടപ്പെടുത്തുമെന്ന ഭയം അടിസ്ഥാനരഹിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാങ്കേതിക വിദ്യകൾ പുതിയ തൊഴിലുകൾ സൃഷ്‌ടിക്കുന്നുവെന്നാണ് ചരിത്രം തെളിയിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. പാരീസിൽ എ.ഐ ആക്‌ഷൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം ഉച്ചകോടിയിൽ സഹഅദ്ധ്യക്ഷനായിരുന്നു പ്രധാനമന്ത്രി. അടുത്ത ഉച്ചകോടി ഇക്കൊല്ലം ഇന്ത്യയിൽ നടക്കും.

ലോകം എ.ഐ യുഗത്തിന്റെ ഉദയത്തിലാണ്. ബുദ്ധിശക്തിയിൽ യന്ത്രങ്ങൾ മനുഷ്യനേക്കാൾ മികച്ചതാകുന്നതിൽ ചിലർ ആശങ്കാകുലരാണ്. സാങ്കേതികവിദ്യ കാരണം തൊഴിൽ അപ്രത്യക്ഷമാകുന്നില്ലെന്ന് ചരിത്രം തെളിയിക്കുന്നു. തൊഴിലുകളുടെ അതിന്റെ സ്വഭാവം മാറുന്നു എന്നുമാത്രം. എ.ഐ. മുന്നോട്ടുനയിക്കുന്ന ഭാവിയിലേക്കായി ജനങ്ങളുടെ കഴിവിനും പ്രാവീണ്യത്തിനുമാണ് പ്രാധാന്യം കൊടുക്കേണ്ടത്. നിങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകൾ ഒരു എ.ഐ ആപ്പിന് നൽകിയാൽ രോഗവിവരം പറഞ്ഞുതരാൻ അതിന് കഴിയും. പക്ഷേ, ഇടതു കൈ കൊണ്ട് എഴുതുന്ന ഒരാളുടെ ചിത്രം ആവശ്യപ്പെട്ടാൽ അതേ ആപ് നിങ്ങൾക്ക് നൽകുക വലതുകൈകൊണ്ട് വരയ്ക്കുന്ന ഒരാളുടെ ചിത്രമായേക്കാം. ഭാവി എന്താകണമെന്ന് തീരുമാനിക്കുന്നത് നമ്മളാണ്. ആ ഉത്തരവാദിത്വമായിരിക്കണം നമ്മെ നയിക്കേണ്ടത്.

സമൂഹത്തെ രൂപപ്പെടുത്തുന്നു

എ.ഐ സമ്പദ് വ്യവസ്ഥയെയും സുരക്ഷയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ എ.ഐ സഹായിക്കും. എ.ഐ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് വേഗത്തിലെത്താം. എ.ഐ മേഖലയിൽ നടക്കുന്ന മാറ്റങ്ങൾ ലോകത്തിന്റെ പൊതുനന്മയെ മുൻനിറുത്തിയാവണം. പക്ഷപാതമല്ലാത്തതും ജനാധിപത്യപരവുമായ ഉപയോഗം വേണം. പുതിയ പദ്ധതികളിൽ പൊതു സ്വകാര്യ പങ്കാളിത്തം ഫലപ്രദമായി ഉപയോഗിക്കുന്നതിനാൽ മേഖലയിലെ അനുഭവ സമ്പത്തും അറിവും പങ്കുവയ്ക്കാൻ ഇന്ത്യ തയാറാണ്. സൈബർ സുരക്ഷ,​ വ്യജ വിവരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഓപ്പൺ സോഴ്സ് സിസ്റ്റം വികസിപ്പിക്കേണ്ടതുണ്ടെന്നും മോദി പറഞ്ഞു. എ.ഐ കൂടുതൽ വേഗതയിൽ വികസിച്ചുകൊണ്ടിരിക്കുന്നു. എ.ഐ ഫൗണ്ടേഷൻ, സുസ്ഥിര എ.ഐയ്‌ക്കുള്ള കൗൺസിൽ എന്നിവ സ്ഥാപിക്കാനുള്ള തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്‌തു.

ഇന്ന് യു.എസിലേക്ക്

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, അസ്റ്റോണിയ പ്രസിഡന്റ് അലർ കാരിസ് എന്നിവരുമായി കൂടിക്കാഴ്‌ച നടത്തി. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരും ഉച്ചകോടിയിൽ പങ്കെടുത്തു. തിങ്കളാഴ്ച രാത്രി പാരീസിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്‌മള വരവേൽപ്പ് ലഭിച്ചു. തുടർന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആതിഥ്യമരുളിയ അത്താഴ വിരുന്നിൽ പങ്കെടുത്തു. ഇന്ന് മോദി ദക്ഷിണ ഫ്രാൻസിലുള്ള മാർസെയിലിലെ യുദ്ധസ്‌മാരകം സന്ദർശിക്കും. തുടർന്ന് യു.എസിലേക്ക് തിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360