
ബംഗളൂരു: പ്രതിരോധമേഖലയിലെ ഇന്ത്യൻ കരുത്തറിയിക്കുന്നതാണ് എയ്റോ ഇന്ത്യയിൽ പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) സ്റ്റാൾ.
ആഭ്യന്തരസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണി കൂടി ലക്ഷ്യമിട്ട് ഡി.ആർ.ഡി.ഒ വികസിപ്പിച്ച നൂതന ഉത്പന്നങ്ങൾ സന്ദർശകരെ ആകർഷിക്കുന്നു.
അടുത്ത തലമുറ മിസൈൽ സംവിധാനങ്ങൾ, ആകാശത്തിലെ മേധാവിത്വമായ എ.ഡി.എയുടെ അഞ്ചാം തലമുറ, ആളില്ലാ വ്യേമ സംവിധാനങ്ങൾ, റഡാറുകൾ, കപ്പൽമേലയിലെ നിരീക്ഷണസംവിധാനങ്ങൾ, യുദ്ധ വിമാനങ്ങൾക്കുള്ള സെൻസർ സ്യൂട്ട്, രക്ഷക് തുടങ്ങി 14 സാങ്കേതിക മേഖലകളിലെ 330 ലധികം ഉത്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്. പ്രതിരോധ സാങ്കേതികവിദ്യയുടെ ഉപയോഗം അവതരിപ്പിക്കുന്നതാണ് രണ്ടാം നമ്പർ ഹാളിൽ ഒരുക്കിയത്.
പ്രതിരോധ വ്യവസായ സഹകരണം പ്രോത്സാഹിപ്പിക്കുകയും സ്വയംപര്യാപ്തത വളർത്തുകയും കയറ്റുമതിക്ക് ഉത്തേജനം നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. സെമിനാറുകളിൽ അക്കാഡമിക വിദഗ്ദ്ധർ, സ്വകാര്യ സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഡി.ആർ.ഡി.ഒ എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. തദ്ദേശീയമായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച അഞ്ച് ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.
തുർച്ചയായ ചർച്ചകൾ
പ്രതിരോധ വ്യവസായവുമായി ബന്ധപ്പെട്ട ആഗോള സ്ഥാപനങ്ങളുമായും ഗവേഷകരുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടർച്ചയായി ചർച്ചകൾ നടത്തി.
വിവിധ രാജ്യങ്ങളിലെ പ്രതിരോധമന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, പ്രതിരോധ ഉത്പന്ന നിർമ്മാണ കമ്പനികളുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർമാർ, സാങ്കേതികവിദഗ്ദ്ധർ, വിവിധ രാജ്യങ്ങളിലെ സൈനിക മേധാവികൾ, ഗവേഷകർ തുടങ്ങിയവരുമായി രണ്ടു ദിവസങ്ങളിൽ രാജ്നാഥ് സിംഗ് കൂടിക്കാഴ്ചകളും ചർച്ചകളും നടത്തി.
പ്രതിരോധ സാങ്കേതികവിദ്യകളുടെ പങ്കിടൽ, സഹകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ആഗോള കമ്പനികളുടെ പ്രതിനിധികൾ തമ്മിലും ചർച്ചകൾ തുടരുകയാണ്. അതിർത്തികൾ കടന്നുള്ള തീവ്രവാദപ്രവർത്തനം, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിരോധമന്ത്രിമായുള്ള ചർച്ചകളിൽ വിഷയമായി. ഇത്തരം പ്രശ്നങ്ങളിൽ പരസ്പരസഹകരണം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായി.
എയ്റോ ഇന്ത്യയുടെ രണ്ടാം ദിവസവും വ്യോമാഭ്യാസ പ്രകടനങ്ങൾ നടന്നു. ഇന്ത്യയുടെ പോർവിമാനങ്ങൾ നടത്തിയ വിസ്മയകരമായ പറക്കലുകൾ വീക്ഷിക്കാൻ യലഹങ്ക വ്യോമസേനാ താവളത്തിന് പുറത്തും ആയിരങ്ങൾ തടിച്ചുകൂടി. നാളെ (13) മുതൽ നിശ്ചിതസമയങ്ങളിൽ പൊതുജനങ്ങൾക്കും പ്രദർശനം സന്ദർശിക്കാൻ അവസരം നൽകുമെന്ന് അധികൃതർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |