
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. സൗജന്യങ്ങൾ നൽകി ജോലിക്ക് പോകേണ്ട എന്ന മനോഭാവമാണ് സൃഷ്‌ടിക്കുന്നത്. പരാന്നഭോജികളുടെ പ്രത്യേക വർഗത്തെ സൃഷ്‌ടിക്കുകയാണ്. ഒരു ജോലിയും ചെയ്യാതെ സൗജന്യ റേഷൻ, പണം എന്നിവ ലഭിക്കുന്ന സാഹചര്യമാണ്. അതിനാൽ പലരും ജോലിക്ക് പോകാൻ തയ്യാറാകുന്നില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോൾ ലാഡ്ലി ബെഹൻ തുടങ്ങിയ പദ്ധതികൾ പ്രഖ്യാപിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നഗര തെരുവുകളിൽ വീടില്ലാതെ കഴിയുന്നവർക്ക് ഷെൽട്ടർ ഹോമുകൾ ഒരുക്കണമെന്ന പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു കോടതി.
ഭവനരഹിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. അങ്ങനെയെങ്കിൽ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് സംഭാവന നൽകാൻ കഴിയുമെന്നും കോടതി പറഞ്ഞു. ജോലിയുണ്ടെങ്കിൽ പോകാൻ മടിക്കുന്ന ആരും രാജ്യത്തില്ലെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. നയങ്ങൾ സമ്പന്നർക്കു വേണ്ടി മാത്രമാണ്. നഗരഭവന പദ്ധതിക്ക് കേന്ദ്രസർക്കാർ ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നില്ല. വീടില്ലാത്തവർ തെരുവുകളിൽ അലയുകയാണ്. ഈ ശൈത്യകാലത്ത് രാജ്യത്ത് തണുത്തു മരവിച്ച് മരിച്ചത് 750ൽപ്പരം പേരാണെന്നും പറഞ്ഞു.
രാഷ്ട്രീയ പ്രസംഗം കോടതിയിൽ വേണ്ടെന്ന് ജസ്റ്റിസ് ഗവായ് പ്രതികരിച്ചു. താൻ കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. സൗജന്യങ്ങൾ ലഭിക്കുന്നത് കാരണം തൊഴിലാളികളെ കിട്ടാൻ കർഷകർ ബുദ്ധിമുട്ടുകയാണെന്നും പറഞ്ഞു. അതേസമയം, ഷെൽട്ടറിനുള്ള അവകാശം ഭരണഘടനാ അവകാശമാണെന്നും കോടതി വ്യക്തമാക്കി. അക്കാര്യം ആ നിലയിൽ തന്നെ പരിഗണിക്കുമെന്നും കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |